Saturday Mirror - 2024
ജന്മനാ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ ഒരേ കോണ്‍വന്‍റില്‍ സന്യസ്ഥരായപ്പോള്‍
സ്വന്തം ലേഖകന്‍ 18-01-2019 - Friday
ക്രിസ്തുവിന്റെ മണവാട്ടിയാകുന്നതിനുള്ള ദൈവ നിയോഗം സംബന്ധിച്ച നിരവധി അനുഭവ കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ സാക്ഷ്യമാണ് ഇരട്ടകളായ എലിസബത്തിനും ഗബ്രിയേലിനും പറയുവാനുള്ളത്. പ്രസവത്തോടെ അമ്മയെ നഷ്ടപ്പെട്ട ഇരട്ടകള്‍ സഹോദരിമാരെന്നറിയാതെ ഒരേ സ്കൂളില്‍, ഒരു ക്ലാസ്സില്‍ ഒരുമിച്ചു പഠിക്കുകയും പിന്നീട് ക്രിസ്തുവിന്റെ മണവാട്ടിമാരാകുവാനായി ഒരേ മഠത്തില്‍ ചേര്‍ന്ന കഥ.
1962 ഫെബ്രുവരി 23നാണ് ഇരുവരും ജനിക്കുന്നത്. പ്രസവത്തോടെ അവരുടെ അമ്മയായ സെസിലിയ മരിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇരുവരേയും വേറെ വേറെ കുടുംബങ്ങളില്‍ വളര്‍ത്തുവാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഒരാള്‍ പിതാവിന്റെ കൂടേയും, മറ്റൊരാള്‍ മാതാവിന്റെ സഹോദരിയുടെ കൂടേയും. എലിസബത്തും ഗബ്രിയേലയും അടുത്തടുത്ത പട്ടണങ്ങളില്‍ താമസിച്ചിരുന്നതിനാല്‍ ഇരുവരും ഒരേ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. തങ്ങള്‍ ഒരേ ഉദരത്തില്‍ നിന്നും ഒരുമിച്ച് വന്നവരാണെന്ന സത്യം അറിയില്ലായിരുന്നുവെങ്കിലും, ഇരുവരും ഒരുമിച്ച് കളിക്കുകയും ബാല്യകാലം ഏറ്റവും മനോഹരമാക്കുകയും ചെയ്തു. തങ്ങള്‍ ധരിക്കുന്ന ഡ്രസ്സ്, ഷൂ എന്നിവയില്‍ വരെ ഇരുവര്‍ക്കും ഒരേ ഇഷ്ടം തന്നെയായിരുന്നു.
മതബോധന പഠനത്തിലും ആത്മീയ ധ്യാനങ്ങളിലും ഒരുപോലെ താല്‍പര്യം കാണിച്ച എലിസബത്തും, ഗബ്രിയേലയും അവയില്‍ പങ്കെടുക്കുവാന്‍ തങ്ങളുടെ കൂട്ടുകാരികള്‍ക്കൊപ്പം പോകാറുണ്ടായിരിന്നു. സകല മരിച്ചവരുടെയും ദിനത്തില്‍ സെമിത്തേരിയില്‍ പോകുന്ന പതിവും ഇരുവര്‍ക്കുമുണ്ടായിരുന്നു. എന്തിന്..! ഓരോ വര്‍ഷവും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും ഒരു 'സെസിലിയ' ആന്റിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അത് തങ്ങളുടെ അമ്മയുടെ കല്ലറയാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു.
തങ്ങളുടെ ചെറുപ്പത്തില്‍ 'അവര്‍ സ്വന്തക്കാരാണെങ്കിലും, ഇരട്ടകളെപ്പോലെ തോന്നുന്നു' എന്ന് പലരും പറയുന്നത് ഇരുവരും കേട്ടിട്ടുണ്ട്. തന്റെ പത്താം വയസ്സില്‍ കുടുംബാഗങ്ങളുടെ സംഭാഷണം ആകസ്മികമായി കേള്‍ക്കുവാനിടയായ ഗബ്രിയേലയാണ് തങ്ങളുടെ ജനനത്തെക്കുറിച്ചുള്ള രഹസ്യം ആദ്യം മനസ്സിലാക്കുന്നത്.
തങ്ങളുടെ നന്മയെ ചൊല്ലിയാണ് കുടുംബാംഗങ്ങള്‍ തങ്ങളെ വേര്‍പിരിച്ചതെന്നും, അവര്‍ തങ്ങളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും തങ്ങള്‍ക്കറിയാമായിരുന്നുവെങ്കിലും, ആദ്യമായി ആ സത്യം കേട്ടപ്പോള്‍ തങ്ങള്‍ അമ്പരന്നുപോയെന്ന് ഇരുവരും പറയുന്നു. കൗമാരത്തിലെത്തിയപ്പോള്‍ ഇരുവരും ‘ഹോസ്പിറ്റല്ലര്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത്” സഭാംഗങ്ങളുടെ പ്രാര്‍ത്ഥന കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. ഇത് തങ്ങളുടെ ദൈവവിളിയാണെന്ന ഇരുവരും മനസ്സിലാക്കി.
ഒടുവില്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സഭയില്‍ ചേരുവാന്‍ തീരുമാനിക്കുകയും ചെയ്തു. തീയതി വരെ നിശ്ചയിച്ചതിന് ശേഷമാണ് ഇരുവരും ഇക്കാര്യം തങ്ങളുടെ മാതാപിതാക്കളെ അറിയിക്കുന്നത്. എലിസബത്തിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സുഗമമായിരുന്നുവെങ്കിലും ഗബ്രിയേലയുടെ പിതാവിന് അവളുടെ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം അവളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചു വെക്കുകയും വീട്ടില്‍ നിന്നും പുറത്തു പോകുന്നതില്‍ നിന്നും അവളെ വിലക്കുകയും ചെയ്തു. ഒന്നരവര്‍ഷത്തിനു ശേഷം എലിസബത്തിന്റെ ജന്മദിനത്തില്‍ അവളെ സന്ദര്‍ശിക്കുന്നുവെന്ന നാട്യത്തിലാണ് ഗബ്രിയേല മഠത്തില്‍ ചേരുവാന്‍ വീട് വിടുന്നത്.
അവസാനം ദൈവം ഈ ഇരട്ട സഹോദരിമാരെ അനുഗ്രഹിച്ചു. ഇരുവര്‍ക്കും ഒരുമിച്ച് യേശുവിനോട് അടുക്കുവാനുള്ള അവസരം കൈവന്നു. മഠത്തില്‍ ചേര്‍ന്ന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നിത്യവൃത വാഗ്ദാനം എടുക്കുന്നത്. ഗബ്രിയേലയുടെ പിതാവും അവസാനം അവളുടെ തീരുമാനത്തോട് യോജിച്ചു അവളെ അനുഗ്രഹിക്കുകയും ചെയ്തു. ഇത് തങ്ങളുടെ ദൈവനിയോഗമാണെന്നാണ് ഈ ഇരട്ടസഹോദരിമാര്‍ പറയുന്നത്. “ഈ ഒരുമിക്കലും, സന്യാസജീവിതവും ഞങ്ങളുടെ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്നും ഞങ്ങള്‍ക്കയച്ച സമ്മാനമാണ്” ഇരു സഹോദരിമാരും ഒരേ സ്വരത്തില്‍ പറയുന്നു.