News

ദൈവകരുണയുടെ നാഥന് സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫിലിപ്പീന്‍സ്

പ്രവാചകശബ്ദം 28-04-2025 - Monday

മനില: ഇന്നലെ ഏപ്രിൽ 27 ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ചരിത്രം കുറിച്ച സമര്‍പ്പണവുമായി ഏഷ്യ രാജ്യമായ ഫിലിപ്പീന്‍സ്. ലോകത്തിലെ തന്നെ ഏറ്റവും കത്തോലിക്ക ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലുള്ള ഫിലിപ്പീന്‍സിലെ സഭാനേതൃത്വം രാജ്യത്തെ സമ്പൂര്‍ണ്ണമായി ദൈവകരുണയുടെ നാഥന് സമര്‍പ്പിക്കുകയായിരിന്നു. 2016-ൽ, റുവാണ്ടയിൽ നടന്ന ദൈവകരുണയുടെ പാൻ-ആഫ്രിക്കൻ കോൺഗ്രസിൽ, ആഫ്രിക്കൻ ബിഷപ്പുമാർ മുഴുവൻ ഭൂഖണ്ഡത്തെയും സമർപ്പിച്ചിരിന്നുവെങ്കിലും ഇത്തരത്തില്‍ വ്യക്തിഗതമായി സമര്‍പ്പണം നടത്തുന്ന ആദ്യത്തെ രാജ്യമെന്ന പദവിയ്ക്കാണ് ഫിലിപ്പീൻസ് അര്‍ഹമായിരിക്കുന്നത്.

“ഇത് അസാധാരണമായ കാര്യമാണെന്നും ലോകചരിത്രത്തിൽ ഇതുപോലൊന്ന് മുമ്പ് സംഭവിച്ചിട്ടില്ലായെന്നും ദിവ്യകാരുണ്യത്തിന് സ്വയം സമർപ്പിക്കുന്ന ഒരു രാജ്യമായി ഫിലിപ്പീന്‍സ് മാറിയിരിക്കുകയാണെന്നും ദൈവകരുണയുടെ സന്ദേശം പ്രചരിപ്പിക്കുവാന്‍ സ്ഥാപിതമായിരിക്കുന്ന സന്യാസ സമൂഹമായ മരിയൻ ഫാദേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്‍ അംഗമായ (എംഐസി) ഫാ. ജെയിംസ് സെർവാന്റസ് പറഞ്ഞു.

നമ്മുടെ രാജ്യത്തെ വിശുദ്ധിയിലേക്ക് നയിക്കാൻ ബിഷപ്പുമാർ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി. ഈ ധീരമായ പദ്ധതി ഒരൊറ്റ തീപ്പൊരിയിൽ നിന്നാണ് ആരംഭിച്ചത്. ദൈവകരുണയുടെ നാഥന് ദേശീയ സമർപ്പണം നടത്താൻ അഭ്യര്‍ത്ഥനയുമായി രാജ്യത്തുടനീളമുള്ള മെത്രാന്മാര്‍ക്ക് സെർവാന്റസിൽ നിന്നു ഹൃദയംഗമമായ ഒരു കത്ത് അയച്ചുവെന്നും രൂപതാധ്യക്ഷന്മാര്‍ ഇതിന് ആവേശത്തോടെ മറുപടി നല്‍കുകയായിരിന്നുവെന്നും വൈകാതെ ഈ ആശയം കാട്ടുതീ പോലെ പടർന്നു യാഥാര്‍ത്ഥ്യമായി തീരുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിപ്പീൻസിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സ്ഥിരം കൗൺസിൽ സമര്‍പ്പണത്തിന് (CBCP) നേരത്തെ ഔദ്യോഗിക അംഗീകാരം നൽകിയിരിന്നു. 2025 ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ വിവിധയിടങ്ങളില്‍ അര്‍പ്പിച്ച എല്ലാ വിശുദ്ധ കുർബാനകളിലും രാജ്യത്തെ ദൈവകരുണയുടെ നാഥന് സമര്‍പ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിലെ ആകെ ജനതയുടെ 80%വും കത്തോലിക്കരാണ്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »