India
മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം: നിസ്സഹായതയോടെ കന്യാസ്ത്രീകള്‍
സ്വന്തം ലേഖകന്‍ 25-01-2019 - Friday
കോലാപുര്‍: മഹാരാഷ്ട്രയിലെ കോലാപുരിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോലാപുരിലെ നാഗല പാര്‍ക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹോളിക്രോസ് കോണ്‍വെന്റ് ഹൈസ്‌ക്കൂളിന് നേരെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഇരുപതോളം പേര്‍ സ്‌കൂള്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടു ഓഫീസിലെ സാധനങ്ങള്‍ എല്ലാം തല്ലിത്തകര്‍ത്തു. പെട്ടെന്നുള്ള ആക്രമണത്തിന്റെ ഞെട്ടലില്‍ നിസഹായതയോടെ നോക്കി നില്‍ക്കാനേ തങ്ങള്‍ക്കു സാധിച്ചുള്ളൂവെന്ന് സ്‌കൂളിന്റെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ ഭാരതി പറഞ്ഞു.
അക്രമികള്‍ ഫര്‍ണിച്ചറുകളും കംപ്യൂട്ടറുകളും അക്രമികള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുരിശുരൂപങ്ങളും ജനല്‍ ചില്ലുകളും അടക്കം അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അന്നേദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള 18 പേരും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പൂന രൂപത ബിഷപ്പ് ഡോ. തോമസ് ദാബ്രെ, ബാംഗളൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയും എന്നിവര്‍ അക്രമത്തെ അപലപിച്ചു. പരിഷ്‌കൃത സമൂഹത്തിലെ പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗം ഇതല്ലായെന്നും ജനങ്ങളുടെ സേവനത്തിനായി, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് എല്ലാ കന്യാസ്ത്രീ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഡോ. തോമസ് ദാബ്രെ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ കണക്കിലെടുത്ത് പ്രതികളെ എല്ലാവരും പിടികൂടുന്നതുവരെ സ്‌കൂള്‍ അടച്ചിടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.