Social Media - 2025
വിശ്വാസികളെ സ്നേഹംകൊണ്ട് പൊതിഞ്ഞ യുണൈറ്റഡ് അറബ് എമിരേറ്റ്സ്
ബിജു കുന്നേല്‍ 07-02-2019 - Thursday
ഒരു പുഞ്ചിരിയിൽ വിശ്വാസികളുടെ ഹൃദയം കീഴടക്കിയ പാപ്പയെ സാക്ഷി നിർത്തി വിശ്വാസികൾ യു എ ഇ എന്ന രാജ്യത്തെ ഭരണാധികാരികൾക്കുവേണ്ടി പ്രാത്ഥിച്ചുകൊണ്ടു അവരോടു നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കു കൊള്ളുവാനും പാപ്പയെ ഒരു നോക്ക് കാണുവാനും യു എ ഇ ഗവണ്മെന്റ് ഒരുക്കങ്ങൾ ചെയ്യും എന്ന് ഔദ്യോഗികമായി എല്ലാവരെയും അറിയിച്ചിരുന്നു എങ്കിലും ഇത്രയേറെ സൗകര്യങ്ങൾ ഒരു വിശ്വാസിയും പ്രതീഷിച്ചുണ്ടാവില്ല - തീർച്ച. സ്ഥലപരിമിധികൾ മനസ്സിലാക്കിക്കൊണ്ട് എൻട്രി തീർത്തും ടിക്കറ്റ് മൂലം ഏതാണ്ട് ഒരു ലക്ഷത്തി എണ്പത്തിനായിരത്തിലേക്കു നിജപ്പെടുത്തിയിരുന്നു.
എങ്കിലും ഇത്രയേറെ വിശ്വാസികൾക്കുള്ള യാത്ര സൗകര്യം ഗവണ്മെന്റ് എങ്ങനെ മാനേജ് ചെയ്യും എന്ന് തെല്ലൊരാശങ്ക എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം - പക്ഷേ ആ ആശങ്കകളെയൊക്കെ കാറ്റിൽപറത്തിക്കൊണ്ട് ഒരു പൂ ചോദിച്ച വിശ്വാസികൾക്ക് പൂന്തോട്ടം മുഴുവനായും കിട്ടിയ പ്രതീതിയായിരുന്നു. ഏതാണ്ട് 2500 എയർ കണ്ടിഷൻഡ് ബസുകളാണ് ഗവണ്മെന്റ് വിശ്വാസികളുടെ യാത്രയ്ക്കായി ക്രമീകരിച്ചിരുന്നത്. പിക്ക്-അപ്പ് പോയിന്റ്കൾ എമിറേറ്റ് അടിസ്ഥാനത്തിൽ നേരത്തെ തന്നെ നിശ്ചയിച് അവിടെ സൗജന്യ കുടിവെള്ളവും അത്യാധുനിക ടോയ്‌ലറ്റ് ഫെസിലിറ്റി ഉൾപ്പടെ വിശ്വാസികൾക്കായി സജ്ജീകരിച്ചിരുന്നു.
വളരെ ഉന്നതനിലവാരം പുലർത്തുന്ന വാഹന സൗകര്യം തീർത്തും സൗജന്യമായി വിട്ടുനല്കിയതോടൊപ്പം പുഞ്ചിരിയും സേവനവും മാത്രം കൈമുതലായുള്ള ഒരുപിടി നല്ല പോലീസുകാരുടെ ആത്മാർത്ഥമായ സേവനം പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. പ്രത്യേകിച്ച് ഫിസിക്കലി ചാലൻജ്ഡ് ആയവർക്കും, രോഗികൾക്കും, വയോധികർക്കും എന്തിനുപരി വിശ്വാസികളുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് സുഗമമാക്കാൻ പ്രധാന റോഡുകൾ പോലും ബ്ലോക്ക് ചെയ്തുകൊണ്ട് നിങൾ ഞങ്ങളോട് കാണിച്ച ആ സ്നേഹം വിസ്മരിക്കുവാൻ ഒരു വിശ്വാസിക്കും സാധിക്കില്ല.
എൻട്രി ടിക്കറ്റ് വിതരണം അംഗസംഖ്യയുടെ അനുപാതത്തിലായിരുന്നതിനാൽ നാല്പത്തിനായിരത്തിനു മുകളിൽ വിശ്വാസികളാണ് ദുബായ് സെന്റ് മേരീസ് കാതോലിക്ക ദേവാലയത്തിൽനിന്നും ഉണ്ടായിരുന്നത്. ദുബായ് വണ്ടർലാൻഡ് പിക്ക് അപ്പ് പോയിന്റിന്റെ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന സിറോ മലബാർ ദുബായ് പ്രസിഡന്റ് കൂടിയായ ബിബിൻ വർഗീസ് എന്നോട് പങ്കുവച്ചത് ഇങ്ങനെയാണ്. “ദുബായ് പോലീസ് ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും വളരെയേറെ സ്‌ളാഘനീയമാണ് - പ്രത്യേകിച്ച് വീൽ ചെയറിലും മറ്റും ഉള്ളവരെ ബസിലേക്ക് കയറ്റി ഇരുത്തുവാനും തിരിച്ചു പുറത്തേക്കു കൊണ്ടുവരുവാനും ദുബായ് പോലീസ് ഒരു പുഞ്ചിരിയോടെ കാണിച്ച കരുതൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറമായിരുന്നു”.
സിറോ മലബാർ ദുബായ് സെക്രട്ടറി ബെന്നി തോമസ് പറഞ്ഞത് –“ദുബായ് പോലീസിനെ പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല” എന്നാണ്. എന്റെ സഹോദരൻ ബിനു കുന്നേൽ പങ്കു വച്ചത് ഇപ്രകാരമാണ് - പാപ്പായെ കണ്ടു തിരികെ ഇറങ്ങിയപ്പോൾ കൈയിലുണ്ടായിരുന്ന മക്കളായ ജാനിസിനും, ജോഹാനും നന്നേ ദാഹിക്കുന്നുണ്ടായിരുന്നു - സ്ഥലം ജന നിബിഢമായിരുന്നതിനാൽ കുടിവെള്ളം വിതരണം ചെയുന്ന സ്ഥലത്തേക്കെത്താൻ ഞാൻ നന്നേ പാടുപെട്ടു. അവിടെ ഉണ്ടായിരുന്ന അബുദാബി പോലീസ് ഓഫീസറോട് തൊട്ടടുത്ത വാട്ടർ ഡിസ്ട്രിബൂഷൻ എവിടെയാണ് എന്ന് തിരക്കി. ഒരു നിമിഷം നിക്കാൻ ആവശ്യപ്പെട്ട ഓഫീസർ വന്നത് ഒരു കുപ്പി വെള്ളവുമായാണ്. അദ്ദേഹത്തിന് കുടിക്കാൻ പോലീസ് കാറിൽ കരുതിയിരുന്ന വെള്ളം എന്റെ കൈയിലേക്ക് നീട്ടിക്കൊണ്ടു പറഞ്ഞു, 100 മീറ്റർ കഴിയുമ്പോൾ വാട്ടർ ഡിസ്ട്രിബൂഷൻ പോയിന്റ് ഉണ്ട്. കൂടുതൽ വെള്ളം വാങ്ങിക്കൊണ്ടു പോകാൻ മറക്കണ്ട.
എന്തിനുപരി നാലാം തീയതി രാത്രി പത്തുമണിയോടുകൂടി ജൂബി സി ബേബിയുടെ കൈവശം എന്റെ കുടുംബത്തിനായി സിറോ മലബാർ ദുബായ് കമ്മിറ്റി എന്റെ വീട്ടിൽ എത്തിച്ച രണ്ടാം റോയിലെ (റോബി) കൺഫേം ടിക്കറ്റ്സ് സ്റ്റേഡിയത്തിലെത്തിയപ്പോൾ ചില അത്യാവശ്യക്കാർക്കുവേണ്ടി ത്യജിച്ചപ്പോൾ എന്നെ എത്തിച്ചത് പാപ്പായെ കയ്യെത്തും ദൂരത്തു കാണുവാനും തുടർന്ന് വി ഐ പി പവലിയനിൽ ഇരിക്കുവാനും ഉള്ള അപൂർവ ഭാഗ്യമാണ്- അതാണ് ദൈവത്തിന്റെ കരുതൽ, ദൈവ പരിപാലന.
എനിക്കൊപ്പമുണ്ടായിരുന്ന വിൻസൺ ജേക്കബ് കൈനകരി, പാപ്പാ ഞങ്ങളെ അനുഗ്രഹിച്ചു കടന്നു പോയ ആ അപൂർവ നിമിഷം എന്റെ സമീപത്തുനിന്ന് ക്യാമറയിലൂടെ ഒപ്പിയെടുത്തത് ഞാൻ അയച്ചുകൊടുത്തപ്പോൾ സിറോ മലബാർ കമ്മിറ്റി മെമ്പർ കൂടിയായ തോമസ് ചേട്ടൻ പറഞ്ഞത് - "വണ്ടർഫുൾ, സീംസ് പോപ്പ് റെക്കഗണൈസ്ഡ് യു, ഗ്രേറ്റ്". അദ്ദേഹം ഒരു പക്ഷേ വെറുതെ പറഞ്ഞതായിരിക്കാം, എങ്കിലും ആ പുഞ്ചിരി എന്നിലുൾപ്പടെ ഓരോ വിശ്വാസിയിലും ഇതേ പ്രതീതിയാണ് ഉളവാക്കിയത്.
4 ആം തീയതി രാത്രി പത്തു മണിയോടുകൂടി ആരംഭിച്ച വിശ്വാസികളുടെ ഒഴുക്ക് 05 ആം തീയതി രാവിലെ പത്തുമണിയോടുകൂടി പാപ്പയെ കണ്ടപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിൽ എത്തി. പാപ്പായുടെ ആ പുഞ്ചിരിയിൽ എല്ലാ വിശ്വാസികളുടെയും കഴിഞ്ഞ 12 മണിക്കൂറുകളോളമായി ഉണ്ടായിരുന്ന സകല ബുദ്ധിമുട്ടുകളും അലിഞ്ഞു ഇല്ലാതായി. ഓരോ വിശ്വാസിയും പത്രോസിന്റെ പിൻഗാമിയായ ഞങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ ആ പുഞ്ചിരി മങ്ങാതെ കാത്തുസൂഷിക്കും, കൂടെ യു എ ഇ ഗവെർന്മേന്റിനുവേണ്ടി ഇവിടത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും ഞങ്ങൾ മറക്കില്ല.
(ലേഖകനായ ബിജു കുന്നേൽ കഴിഞ്ഞ 13 വർഷമായി UAE-ൽ G4S എന്ന മൾട്ടി നാഷനൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയാണ്)