News - 2024

മെയ് 29 വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ ദിനമായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 07-02-2019 - Thursday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ തിരുനാള്‍ മെയ് 29നു ആഘോഷിക്കുവാന്‍ വത്തിക്കാന്‍റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. വിശുദ്ധ പോള്‍ ആറാമന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ദിവസമാണ് മെയ് 29. പുതിയ പ്രഖ്യാപനത്തോടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സഭയെ നയിച്ച പോള്‍ ആറാമന്റെ ഓര്‍മ്മയാചരണം സഭാ കലണ്ടറിലും, പുതുക്കിയ ആരാധനാ ക്രമങ്ങളിലും ഇടം നേടിയിരിക്കുകയാണ്. സാധാരണഗതിയില്‍ വിശുദ്ധര്‍ നിത്യജീവനിലേക്ക് പ്രവേശിച്ച ദിവസമാണ് അവരുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്.

എന്നാല്‍ പോള്‍ ആറാമന്‍ മരണപ്പെട്ട ഓഗസ്റ്റ് 6 കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാളായി കൊണ്ടാടുന്നതിനാലാണ് മെയ് 29 വിശുദ്ധന്റെ ഓര്‍മ്മയാചരണ ദിനമായി വത്തിക്കാന്‍ നിശ്ചയിച്ചത്. പാപ്പയാകുന്നതിനു മുന്‍പും പിന്‍പും ക്രിസ്തുവില്‍ ദൃഷ്ടി പതിപ്പിച്ചു കൊണ്ടായിരുന്നു വിശുദ്ധന്‍ ജീവിച്ചിരുന്നതെന്നു വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പേപ്പല്‍ പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തി. ഗര്‍ഭഛിദ്രത്തിനെതിരെയും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കെതിരെയും പോള്‍ ആറാമന്‍ പ്രസിദ്ധീകരിച്ച “മനുഷ്യജീവന്‍” (Humanae Vitae) എന്ന ചാക്രികലേഖനം ആഗോളതലത്തില്‍ വന്‍ ചലനം സൃഷ്ട്ടിച്ചിരിന്നു.

'വിശ്വാസം സംരക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനും പൊരുതി’ എന്നാണ് മരിക്കുന്നതിനു ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞത്. 1963-ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് മിലാനിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978-ലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 14-ന് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.


Related Articles »