India - 2024
പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവിയില്‍ ധന്യനായി മാര്‍ പവ്വത്തില്‍
സ്വന്തം ലേഖകന്‍ 16-10-2018 - Tuesday
ചങ്ങനാശേരി: ഞായറാഴ്ച പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് അത് ധന്യനിമിഷമായിരിന്നു. 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധന്റെ കൈവയ്പിലൂടെയാണ് മാര്‍ പവ്വത്തില്‍ മെത്രാനായി അഭിഷിക്തനായത്. വത്തിക്കാന്‍ നുണ്‍ഷ്യോ വഴി അറിഞ്ഞ മെത്രാന്‍ നിയമനം അനുസരിച്ചു ചങ്ങനാശേരിയില്‍ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ക്ക് അതിരൂപതാകേന്ദ്രം ആലോചന ആരംഭിച്ചുവെങ്കിലും മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് പോള്‍ ആറാമന്‍ പാപ്പാ നുണ്‍ഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറുകയായിരിന്നു.
തുടര്‍ന്നു 1972 ഫെബ്രുവരി 13ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു മെത്രാഭിഷേകം നടന്നത്. തന്നോടൊപ്പം തമിഴ്‌നാട്ടില്‍നിന്നുള്ള ഫാ. അരുളപ്പ ഉള്‍പ്പെടെ 18പേരാണ് മെത്രാഭിഷേകം സ്വീകരിച്ചതെന്ന്‍ മാര്‍ ജോസഫ് പവ്വത്തില്‍ സ്മരിക്കുന്നു. പോള്‍ ആറാമന്‍ പാപ്പായുടെ കൈവയ്പിലൂടെ മെത്രാഭിഷേകം ലഭിച്ചതു വലിയ ദൈവാനുഗ്രഹമായതായും പാപ്പയുടെ വിശുദ്ധ പദവി ഏറ്റവും അനുഗ്രഹ ധന്യമാണെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്നതുവരെ പോള്‍ ആറാമന്‍ പാപ്പായുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.