News - 2025

അധികാരത്തിലെത്തുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

സാബു ജോസ് 21-03-2016 - Monday

കൊച്ചി: അധികാരത്തിലേറുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിനയത്തോടും എളിമയോടുമുള്ള ശുശ്രൂഷയായി അധികാരത്തെ കാണുകയാണു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടതെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

"ആധിപത്യം സ്ഥാപിക്കാന്‍ അധികാരത്തെ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ കരുതല്‍ വേണം. കുതിരപ്പുറത്തേറി വന്ന് ആധിപത്യം സ്ഥാപിക്കാനല്ല, കഴുതപ്പുറത്തേറി വന്ന ക്രിസ്തുവിനെപ്പോലെ വിനീത വിധേയനാകാനാണ് ഓശാന തിരുനാള്‍ ഓര്‍മിപ്പിക്കുന്നത്. അധികാരം ശുശ്രൂഷ ചെയ്യാനുള്ള വിളിയാണ്. ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെക്കുറിച്ചു നിയമജ്ഞരും പ്രധാന പുരോഹിതരും ഇവര്‍ എന്താണു ചെയ്യുന്നതെന്നു പരാതിപ്പെടുന്നുണ്ട്. എട്ടാം സങ്കീര്‍ത്തനത്തിലെ രണ്ടാം വാക്യമാണ് ക്രിസ്തു ഇതിനു മറുപടിയായി പറയുന്നത്. 'ശത്രുക്കളെയും രക്തദാഹികളെയും നിശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി, ഇന്നു സഭയ്‌ക്കെതിരായി ശത്രുക്കളും രക്തദാഹികളും ഉണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കൊലചെയ്ത് ഇല്ലാതാക്കാമെന്നു കരുതുന്നവരുമുണ്ട്."

"എന്നാല്‍ രക്തദാഹികളുടെ ക്രൂരതകള്‍ക്ക് ഇരയാകുന്നവര്‍ ശിശുക്കള്‍ക്കു തുല്യം നിര്‍മലരാണ്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശുശ്രൂഷ മാത്രമാണു അവര്‍ ചെയ്യുന്നത്. അവരുടെമേല്‍ ഉയരുന്ന വധഭീഷണി ക്രിസ്തുവിനു നേരെ ഉയര്‍ന്നതിനു സദൃശമാണ്. ഇവരെല്ലാം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നവരാണ്. യേശുവിനെ പ്രതി മരണം ഏറ്റുവാങ്ങുന്ന ഓരോരുത്തര്‍ക്കും ക്രിസ്തുവിന്റെ മരണത്തോടു ചേര്‍ന്നു മൂല്യമുണ്ട്. അവരുടെ മരണവും ക്രിസ്തുവിന്റെ മരണത്തോടൊപ്പം മനുഷ്യമനസാക്ഷിക്കു തിരുത്തല്‍ ശക്തിയാവണം. ശത്രുതയും കാലുഷ്യവും നാശം വിതയ്ക്കുന്നു. സ്‌നേഹവും കാരുണ്യവും സമാധാനം സംസ്ഥാപിക്കുന്നു." പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

"ഓശാന ഞായറില്‍ യേശുക്രിസ്തു വിനയാന്വിതനായി, സമാധാനത്തിന്റെ രാജാവായി ജറുസലേം ദേവാലയത്തില്‍ പ്രവേശിച്ചു കച്ചവടക്കാരെയും ചൂഷകരെയും പുറത്താക്കി ദേവാലയം ശുദ്ധീകരിക്കുന്നു. യേശുവിന്റെ ശുദ്ധീകരണം സഭയിലും സമൂഹത്തിലും നിരന്തരം തുടരണം. ഇതിനായി ക്രിസ്തുവിനെ തന്നിലേറ്റിയ കഴുതയെപ്പോലെ നമ്മളും ക്രിസ്തുവാഹകരും വിനയാന്വിതരും സമാധാന സംസ്ഥാപകരുമാവേണ്ടതുണ്ടെന്നും" മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.


Related Articles »