News - 2025
നാളെ ഓശാന ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക്
പ്രവാചകശബ്ദം 12-04-2025 - Saturday
വത്തിക്കാന്‍ സിറ്റി/ കൊച്ചി: നാളെ ഓശാന ആചരണത്തോടെ ക്രൈസ്‌തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും. ഓശാന ഞായറിനോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും മറ്റും നടക്കും. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തോപ്പിൽ മേരി ക്വീൻസ് പള്ളിയിൽ നാളെ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടാകും.
പട്ടം സെന്‍റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാനയുടെ തിരുക്കർമങ്ങൾ നാളെ രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിക്കും. കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങളുണ്ടാകും. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
