News
കുഞ്ഞുങ്ങള്‍ ഇല്ലാതെ രാജ്യത്തിന് ഭാവിയില്ല; പ്രോലൈഫ് കൺവെൻഷനുമായി കൊളംബിയന്‍ ഭരണകൂടം
പ്രവാചകശബ്ദം 18-09-2025 - Thursday
ബൊഗോട്ട: ജനനനിരക്ക് കുറഞ്ഞതോടെ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രോലൈഫ് കൺവെൻഷനുമായി ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ. രാജ്യം നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നതിനായി കൊളംബിയൻ കോൺഗ്രസിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെയാണ് കണ്വെന്ഷന് ആരംഭിച്ചത്. ലൂയിസ് ഗില്ലെർമോ വെലെസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക, അക്കാദമിക് തലങ്ങളിലെ വിദഗ്ധരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
പ്രാർത്ഥനയോടെയാണ് കണ്വെന്ഷന് ആരംഭിച്ചത്. "കുട്ടികളില്ലാത്ത രാജ്യം ഭാവിയില്ലാത്ത രാജ്യമാണ്" എന്ന ആമുഖ പ്രഭാഷണത്തോടെയായിരിന്നു കണ്വെന്ഷന്. നാഷണൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ (DANE) കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ നിരക്ക് വളരെ കുറവാണ്. 2024-ൽ 445,000 ജനനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
2023 നെ അപേക്ഷിച്ച് 13.7% കുറവ്, 2015 നെ അപേക്ഷിച്ച് 32.7% കുറവ്. തൊട്ടിലുകളില്ലാത്ത രാജ്യം നാളെയില്ലാത്ത രാജ്യമാണ്. ജീവന്റെ പ്രതിരോധത്തിൽ കൊളംബിയ ഒന്നിക്കേണ്ടതുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. പില്കാലത്ത് ജനന നിയന്ത്രണത്തിന് കടുത്ത നടപടികള്‍ സ്വീകരിച്ച ചൈന ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇന്ന് ജീവന്റെ പ്രഘോഷണത്തിന് വേണ്ടി രംഗത്ത് വരുന്നുവെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. കൊളംബിയന്‍ സഭ രാജ്യത്തിന്റെ പ്രോലൈഫ് നിലപാടിനെ സ്വാഗതം ചെയ്തു. കണ്വെന്ഷന് ഇന്ന് സമാപിക്കും.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
