News - 2025
ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 11-04-2019 - Thursday
വത്തിക്കാന്‍ സിറ്റി: മാര്‍ തോമ്മാശ്ലീഹായുടെ കാലടികള്‍ പതിഞ്ഞ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍, തനിക്കു ശ്ലൈഹിക സന്ദര്‍ശനം നടത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തന്റെ ആഗ്രഹം വീണ്ടും പാപ്പ പ്രകടമാക്കിയത്. മാര്‍പാപ്പയുടെ വസതിയുടെ പ്രീഫെക്ടും വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദര്‍ശനങ്ങളുടെയും ചുമതലക്കാരനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് ഗ്യാന്‍സ്വൈനിന്റെ സാന്നിധ്യത്തിലാണ് കര്‍ദ്ദിനാള്‍ ജെസ്യൂട്ട് വൈദികനായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിനൊപ്പം സൗഹൃദ കൂടിക്കാഴ്ച നടത്തിയത്.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജന്മദിനം ഏപ്രില്‍ 19 നാണെന്നറിഞ്ഞ മാര്‍പാപ്പ, അദ്ദേഹത്തിന് ജന്മദിനാശംസാകാര്‍ഡ് നല്‍കി ആശംസകള്‍ നേര്‍ന്നു. സീറോമലബാര്‍ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും തന്റെ ശ്ലൈഹിക ആശിര്‍വാദം നല്കുന്നുവെന്ന് അറിയിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പ കര്‍ദിനാള്‍ ആലഞ്ചേരിയെ ഏറെ ഊഷ്മളതയോടെ ആലിംഗനം ചെയ്യുകയും സ്വാഗതംചെയ്യുകയും ചെയ്യുന്നത് ഹൃദ്യമായ അനുഭവമായിത്തോന്നിയെന്നും സീറോ മലബാര്‍ സഭയോടും ആലഞ്ചേരി പിതാവിനോട് വ്യക്തിപരവുമായുമുള്ള മാര്‍പാപ്പയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്നാണ് കരുതുന്നതെന്നും ഫാ. ജിജി പറഞ്ഞു.
ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെയും വിശ്വാസ തിരുസംഘം കാര്യാലയത്തിലെയും അംഗമെന്ന നിലയില്‍ ചില ഔദ്യോഗിക യോഗങ്ങളില്‍ മാര്‍ ആലഞ്ചേരി പങ്കെടുത്തേക്കും. 13 ന് കര്‍ദ്ദിനാള്‍ കേരളത്തില്‍ തിരിച്ചെത്തും.
