News - 2024

അൽഷിമേഴ്സ് ബാധിതരുടെ അടുത്തേക്ക് പാപ്പയുടെ അപ്രതീക്ഷിത സന്ദർശനം

സ്വന്തം ലേഖകന്‍ 15-04-2019 - Monday

വത്തിക്കാന്‍ സിറ്റി: അൽഷിമേഴ്സ് ബാധിതരുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് അപ്രതീക്ഷിത സന്ദർശനവുമായി ഫ്രാൻസിസ് മാർപാപ്പ. വെള്ളിയാഴ്ച റോമിലെ വില്ലേജിയോ ഇമ്മാനുവേല അല്ല ബുഫലോട്ടാ എന്ന അൽഷിമേഴ്സ് ബാധിതരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചത്. മാർപാപ്പയോടൊപ്പം വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനായുള്ള തിരുസംഘം തലവൻ മോൺസിഞ്ഞോർ റിനോ ഫിസിചെല്ലയും ഉണ്ടായിരുന്നു.

രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ചിലവഴിച്ച പാപ്പ അൽഷിമേഴ്സ് രോഗികളെ ആശ്വസിപ്പിച്ചു. സമ്മാനങ്ങള്‍ നൽകിയതിന് ശേഷമാണ് പാപ്പ മടങ്ങിയത്. പുറംലോകവുമായുള്ള ബന്ധം നിലനിർത്തി ഗ്രാമാന്തരീക്ഷത്തിലുളള ജീവിതമാണ് അൽഷിമേഴ്സ് രോഗികൾക്ക് ഈ സംരക്ഷണകേന്ദ്രം പ്രദാനം ചെയ്യുന്നത്. ഇങ്ങനെ ഒരു കേന്ദ്രം ഇറ്റലിയിൽ ഒരെണ്ണം മാത്രമേ ഉള്ളൂ. ബ്യൂട്ടി പാർലറും, റസ്റ്റോറന്റും സൂപ്പർ മാർക്കറ്റും അടക്കമുള്ളവ ഇവിടെയുണ്ട്.

മാർപാപ്പയുടെ സന്ദർശനം സംരക്ഷണകേന്ദ്രത്തിൽ കഴിയുന്നവർക്ക് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് വത്തിക്കാൻ പ്രസ്താവനയില്‍ കുറിച്ചു. 'കരുണയുടെ വെള്ളി' എന്ന പേരില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച രോഗികള്‍ക്ക് ഇടയിലും ആലംബഹീനര്‍ക്ക് ഇടയിലും പാപ്പ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. കരുണയുടെ വര്‍ഷത്തിലാണ് പാപ്പ ഈ സ്നേഹത്തിന്റെ പ്രവര്‍ത്തിക്ക് ആരംഭം കുറിച്ചത്.


Related Articles »