India - 2025
മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെയും ബിഷപ്പ് സൈമണ്‍ കായിപ്പുറത്തിന്റെയും മൃതസംസ്കാരം ഇന്ന്
സ്വന്തം ലേഖകന്‍ 24-04-2019 - Wednesday
സത്‌ന/ ബാലസോര്‍: സത്‌ന ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ സംസ്‌കാര ശുശ്രൂഷകളുടെ അവസാന ഭാഗം ഇന്നു മധ്യപ്രദേശിലെ സത്‌ന സെന്റ് വിന്‍സന്റ് കത്തീഡ്രലില്‍ നടക്കും. രാവിലെ 9.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത്. ഇന്നലെ രാത്രിയില്‍ പള്ളിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
തിങ്കളാഴ്ച കാലം ചെയ്ത ഒഡീഷയിലെ ബാലസോര്‍ രൂപത ബിഷപ്പ് ഡോ. സൈമണ്‍ കായിപ്പുറത്തിന്റെ മൃതസംസ്കാരവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ബാലസോര്‍ ക്രിസ്തുരാജ കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത പ്രതിനിധികള്‍, ബിഷപ് ഡോ. കായിപ്പുറത്തിന്റെ മാതൃ ഇടവകയായ കണ്ണങ്കര പള്ളി വികാരി ഫാ. റെജി കൊച്ചുപറന്പില്‍, കുടുംബാംഗങ്ങള്‍ എന്നിവരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ബാലസോറില്‍ എത്തിയിട്ടുണ്ട്.
