India - 2024

ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു: മൃതസംസ്കാരം വ്യാഴാഴ്ച

സ്വന്തം ലേഖകന്‍ 04-06-2019 - Tuesday

കോട്ടയം: മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു. 93 വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഭൗതികശരീരം ഇന്ന് ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവല്ല രൂപതയെ 15 വര്‍ഷത്തോളമാണ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് നയിച്ചത്. മൃതസംസ്കാരം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടക്കും.

തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിന്റെ പ്രാരംഭദശയില്‍ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു. തിരുവല്ല മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ചെങ്ങരൂര്‍ മാര്‍ സേവേറിയോസ് കോളജ് ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ എന്നീ സ്ഥാപനങ്ങളും മാര്‍ തിമോത്തിയോസിന്റെ ഭരണകാലത്ത് ആരംഭിച്ചവയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്ത അദ്ദേഹം 2003-ലാണ് സ്ഥാനമൊഴിഞ്ഞത്. പിന്നീട് സഭൈക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു.


Related Articles »