News - 2024

മറിയം ഹൃദയംകൊണ്ട് ശ്രവിക്കുന്ന അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 6

സിസ്റ്റർ റെറ്റി FCC 06-05-2024 - Monday

ദൈവം നമുക്ക് രണ്ട് ചെവികളും ഒരു വായും തന്നിരിക്കുന്നത് കൂടുതൽ ശ്രവിച്ച് കുറച്ച് സംസാരിക്കുവാൻ ആണ്.പരിശുദ്ധ അമ്മ അതിന് ഒരു ഉത്തമ ഉദാഹരണമാണ്.അവൾ അധികം ഒന്നും സംസാരിക്കുന്നില്ല കൂടുതൽ ശ്രവിച്ചു. സഭാപിതാക്കന്മാർ ആദ്യത്തെ ഹവ്വായും രണ്ടാമത്തെ ഹവ്വായും തമ്മിൽ ഒരു താരതമ്യ പഠനം നടത്തുന്നുണ്ട്. ആദ്യത്തെ ഹവ്വായും അധികമൊന്നും സംസാരിക്കുന്നില്ല എന്നാൽ അവൾ സംസാരിച്ചത് മൊത്തം സർപ്പത്തോടായിരുന്നു മറ്റൊരുതരത്തിൽ പറഞ്ഞാൽ പിശാചിനോട് ആയിരുന്നു.

എന്നാൽ പരിശുദ്ധ അമ്മ സംസാരിച്ചത് ദൈവത്തോടും ദൈവദൂതന്മാരോടും ആണ്. അധികമൊന്നും അമ്മ സംസാരിക്കുന്നതായി ബൈബിളിൽ നാം കാണുന്നില്ല. ഇതെങ്ങനെ സംഭവിക്കും ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ഇതാ കർത്താവിന്റെ ദാസി. എന്റെ മകനെ നീ എന്താ ഞങ്ങളോട് ഇങ്ങനെ ചെയ്തത് ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിക്കുകയായിരുന്നു.. മറിയത്തിന്റെ സ്തോത്ര ഗീതം.. അവർക്ക് വീഞ്ഞില്ല അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.. ഇങ്ങനെ ഏഴു വാക്കുകൾ ആണ് മറിയം സംസാരിച്ചത് ബാക്കി സമയമെല്ലാം മറിയം ശ്രവിക്കുകയായിരുന്നു.

ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ് ശ്രവിക്കുക എന്നത്. ആരും ശ്രവിക്കാൻ ഇല്ലാത്തതിന്റെ പേരിൽ ഒത്തിരിയേറെ മക്കൾ ആത്മഹത്യയിലേക്ക് പോകുന്നത് നാം ദിവസവും കണ്ടു കൊണ്ടിരിക്കുന്നു . ദൈവവും ദൈവദൂതന്മാരും പറഞ്ഞതെല്ലാം അവൾ ഹൃദയത്തിൽ സംഗ്രഹിച്ച് അതിനെക്കുറിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. ഒരിടത്തും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നില്ല പരിശുദ്ധ അമ്മ.

ഒരിക്കൽ ഒരു അമ്മച്ചി വളരെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ആ അമ്മച്ചിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. അമ്മച്ചിയുടെ മക്കൾ എല്ലാവരും വിദേശത്താണ് അമ്മച്ചി തനിയെ ഒരു വീട്ടിൽ താമസിക്കുന്നു. അമ്മച്ചിയുടെ വിഷമങ്ങൾ എല്ലാം കേട്ട് അമ്മച്ചിക്ക് ഒരു കാപ്പിയും മേടിച്ചു കൊടുത്തപ്പോൾ അമ്മച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അമ്മച്ചി ഒത്തിരിയേറെ നന്ദിയോടെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും തന്നിട്ടാണ് പോയത് എന്റെ മോളെ എന്നെ കേൾക്കാൻ ഒരാൾ ഉണ്ടായല്ലോ എന്നും പറഞ്ഞു. ഇടയ്ക്കൊക്കെ ഈ അമ്മച്ചിയെ ഫോൺ വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ട്.. മറ്റുള്ളവരെ കേൾക്കുന്നത് ശ്രവിക്കുന്നത് ഒരു വലിയ കാര്യമാണ് പരിശുദ്ധ അമ്മ ഇതിന് വളരെ പ്രാധാന്യം കൊടുത്തു

2022 ലെ ലോക ആശയവിനിമയ ദിനത്തിൽ ഹൃദയം കൊണ്ട് ശ്രവിക്കലിന്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് മാർപാപ്പാ ഇപ്രകാരം ഉദ്ബോബോധിപ്പിക്കുന്നു: .“മറ്റുള്ളവർ പറയുന്നത് ഹൃദയം കൊണ്ട് ശ്രവിക്കുക. ഇത് സഹാനുഭൂതിയുടെ ആദ്യപടി മാത്രമല്ല. പിന്നെയോ, നല്ല ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൂടിയാണ്. നല്ല ഒരു കേൾവിക്കാരനാവുക, മറ്റുള്ളവരെ എല്ലാം പറയാൻ അനുവദിക്കുക, അവരുടെ സംസാരത്തെ തടസ്സപ്പെടുത്താതിരിക്കുക, കാതുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും അവരെ ശ്രവിക്കുക. ഹൃദയം കൊണ്ട് മറ്റുള്ളവരെ കേൾക്കാനുള്ള അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ”

പരിശുദ്ധ മറിയം ഹൃദയം കൊണ്ട് ശ്രവിച്ച അമ്മയാണ്. ഹൃദയം കൊണ്ട് ശ്രവിക്കുന്ന വ്യക്തികൾക്ക് ലോകത്തിനു സാന്ത്വനമേകാൻ കഴിയുമെന്ന് പരിശുദ്ധ അമ്മയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.


Related Articles »