News - 2024

ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീൻ വാഴ്ത്തപ്പെട്ട നിരയിലേക്ക്

സ്വന്തം ലേഖകൻ 06-07-2019 - Saturday

വത്തിക്കാൻ സിറ്റി: തിരുസഭ ചരിത്രത്തിലെ ശക്തനായ വചനപ്രഘോഷകൻ ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ  അംഗീകരിച്ചതോടുകൂടി അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുവാനുള്ള നടപടികൾ വേഗത്തിലായി.  വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘമാണ്  അത്ഭുതത്തിന് പാപ്പയുടെ അംഗീകാരം ലഭിച്ചതിനെ സംബന്ധിച്ച ഡിക്രി ഇന്ന് പ്രസിദ്ധീകരിച്ചത്. ഷീനിന്റെ മാധ്യസ്ഥതയിൽ നടന്ന രോഗ സൗഖ്യം മെഡിക്കൽ സയൻസിന് ഉത്തരമില്ലാത്ത ഒന്നായി വിലയിരുത്തിയിരിക്കുകയാണ്.

അമേരിക്കയിലെ പിയോറിയയിലുളള ബോണി എങ്സ്ട്രോം- ട്രാവിസ് എങ്സ്ട്രോം ദമ്പതികളുടെ കുട്ടിയെ ഓപ്പറേഷൻ ചെയ്ത്  പുറത്തെടുത്തതിനുശേഷം ജീവന്റെ യാതൊരുവിധ ലക്ഷണങ്ങളും കുട്ടി കാണിച്ചിരുന്നില്ല. ദമ്പതികൾ ഷീനിന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും, അവരുടെ പ്രാർത്ഥനയ്ക്ക് ഫലം കാണുകയും ചെയ്തു. നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘം  സംഭവത്തെ പറ്റി പഠിക്കാൻ നിയമിച്ച ഏഴു  ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ഏകകണ്‌ഠമായി അത്ഭുതം നടന്നുവെന്നു സ്ഥിരീകരിക്കുകയായിരുന്നു.

അമേരിക്കൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന സുവിശേഷ പ്രഘോഷകനായിരുന്നു ആർച്ച് ബിഷപ്പ് ഷീൻ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ  ഭൗതികാവശിഷ്ടങ്ങൾ  ന്യൂയോർക്കിലെ സെന്റ് പാട്രിക്  കത്തീഡ്രലിൽ നിന്നും ഇല്ലിനോയിസ്സം സ്ഥാനത്തെ പിയോറിയയിലക്ക്  മാറ്റിയത്.


Related Articles »