News - 2025

മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുക: വിശുദ്ധ നാട്ടിലെ വിശ്വാസികളോട് ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്

പ്രവാചകശബ്ദം 22-02-2025 - Saturday

റോം: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാന്‍ വിശുദ്ധ നാട്ടിലെ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒരു ആദ്ധ്യാത്മിക കുടുംബം എന്ന നിലയിൽ നമ്മൾ എല്ലാവരും പ്രാർത്ഥനയിൽ ഒറ്റക്കെട്ടായി നിലകൊള്ളാനും ഐക്യത്തോടെ പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടവരാണെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. വിവേകത്തോടും എളിമയോടും സ്നേഹത്തോടുംകുടി സഭയെ നയിക്കുകയെന്ന പവിത്രമായ ദൗത്യം ആരോഗ്യത്തോടും ശക്തിയോടും കൂടി തുടരാൻ പാപ്പയ്ക്കു കഴിയുന്നതിനു വേണ്ടി വിശുദ്ധ കുർബാനയിലും കുടുംബ പ്രാർത്ഥനയിലും അതുപോലെ തന്നെ നമ്മുടെ ഹൃദയങ്ങളുടെ നിശബ്ദതയിലും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പാപ്പായ്ക്ക് സുഖപ്രാപ്തി ആശംസിച്ചുകൊണ്ടും പ്രാർത്ഥനാസമീപ്യം അറിയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ കത്തോലിക്കാമെത്രാൻ സംഘങ്ങളും, അകത്തോലിക്ക സമൂഹങ്ങളും പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും സുഖപ്രാപ്തിയാശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. കോൺസ്റ്റാൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലൊമിയോ ഒന്നാമന്‍ പാപ്പായ്ക്ക് സമ്പൂർണ്ണ രോഗസൗഖ്യം ആശംസിച്ചുകൊണ്ടുള്ള ഒരു കത്ത് കൈമാറിയിരുന്നു. ഇസ്രായേലിൻറെ പ്രസിഡൻറ് ഇസാക്ക് ഹെർത്സോഗ്, ഇറാൻറെ പ്രസിഡൻറ് മസൗദ് മസൂദ് പെസെസ്കിയാൻ തുടങ്ങിയവരുൾപ്പടെയുള്ള രാഷ്ട്ര നേതാക്കളും പാപ്പായ്ക്ക് രോഗമുക്തി ആശംസിച്ചും പ്രാർത്ഥന നേര്‍ന്നും സന്ദേശം കൈമാറിയിരിന്നു.


Related Articles »