News - 2025
ലോഗോസ് ക്വിസ് മൊബൈൽ ആപ്പ്: മൂന്നാം വേർഷൻ തയാർ
08-07-2019 - Monday
കൊച്ചി: തിരുവനന്തപുരം അതിരൂപതയിലെ അജപാലന ശുശ്രൂഷ കേന്ദ്രവും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് തയാറാക്കി ഏറെ ജനശ്രദ്ധനേടിയ ലോഗോസ് സ്മാർട് ഫോൺ ആപ്പിന്റെ പുതിയ വേർഷൻ നാളെ പുറത്തിറക്കും. തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ആർച്ചുബിഷപ്പ് സൂസപാക്യം പുതിയ വേർഷൻ പ്രകാശനം ചെയ്യും. ഓരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ട് മൊബൈൽ ഫോണിലൂടെ ലോഗോസ് ക്വിസ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഈ ആപ് പ്രയോജനപ്പെടുത്തുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ഈ സംരംഭത്തിന് ഇന്ന് ലോകം മുഴുവനും മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 25 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിലുള്ള നൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1550 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇടവകകളും രൂപതകളും വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവർക്ക് സമ്മാനം നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
