News - 2025
മരണ സംസ്‌കാരത്തിനെതിരെ തെരുവില്‍ റാലിയുമായി ഐറിഷ് ജനത
സ്വന്തം ലേഖകന്‍ 09-07-2019 - Tuesday
ഡബ്ലിന്‍: ജീവന്റെ മഹത്വം മാനിക്കാതെ മരണസംസ്‌ക്കാരത്തെ പിന്തുണക്കുന്ന ഐറിഷ് സര്‍ക്കാരിനെ അപലപിച്ചും ഓരോ ജീവനും അമൂല്യമാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും അയര്‍ലണ്ടില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. ഡബ്ലിനില്‍ നടന്ന റാലി ഫോര്‍ ലൈഫ് മാര്‍ച്ചില്‍ മാത്രം പതിനായിരത്തിലധികം പേര്‍ പങ്കെടുത്തുവെന്ന്‍ സംഘാടകര്‍ വ്യക്തമാക്കി. ഐറിഷ് ഭരണകൂടത്തിന്റെ ഗര്‍ഭഛിദ്ര അനുകൂല നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തികൊണ്ടാണ് കഴിഞ്ഞ ദിവസം പ്രോലൈഫ് റാലി നടത്തിയത്. നൂറുകണക്കിന് മലയാളികളും കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ഭാഗഭാക്കായി.
ആഗോള അബോര്‍ഷന്‍ മാഫിയയുടെ പിന്തുണയോടെ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന അബോര്‍ഷന്‍ വക്താക്കള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരിന്നു. ഇതേതുടര്‍ന്നു രാജ്യത്തു അബോര്‍ഷന്‍ നടത്തുന്നതിന് നിയമപരമായ അനുമതിയുണ്ട്. അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം ലഭിക്കാന്‍ വന്‍ ഇടപെടലാണ് പ്രമുഖ കമ്പനികള്‍ നടത്തിയത്. പ്രോലൈഫ് ആശയങ്ങളുള്ള നിരവധി വീഡിയോകൾ യൂട്യൂബിന്റെ ഉടമസ്ഥരായ ഗൂഗിൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും, സെർച്ച് റിസൾട്ടുകളിൽ പക്ഷപാതപരമായി ഇടപെടൽ നടത്തിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരിന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് അയര്‍ലണ്ടിലെ നല്ലൊരു ഭാഗം ജനങ്ങള്‍ ജീവന്റെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രോലൈഫ് റാലി സംഘടിപ്പിച്ചത്.
