India - 2024

മൈലാടുംപാറയുടെ കണ്ണീരൊപ്പാന്‍ 'സഹൃദയ സമരിറ്റന്‍' സംഘം

13-08-2019 - Tuesday

എറണാകുളം: പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം സമ്മാനിച്ച നിലമ്പൂര്‍ ചുങ്കത്തറ മൈലാടുംപാറ ഗ്രാമത്തിന്റെ കണ്ണീരൊപ്പാന്‍ എറണാകുളത്തു നിന്ന് 'സഹൃദയ സമരിറ്റന്‍' സംഘം. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു സമരിറ്റന്‍ ടീം നിലമ്പൂരിലേയ്ക്കു പുറപ്പെട്ടത്. പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിലെ ശുചീകരണ, ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പരിശീലനം നേടിയ ഇരുപതംഗ സംഘം ഇന്നലെ വൈകുന്നേരം പുറപ്പെട്ടത്. ചുങ്കത്തറ മൈലാടുംപാറ മേഖലയില്‍ ഇവര്‍ ഇന്നു മുതല്‍ ആദ്യഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തും.

ഇവിടത്തെ നാല് വീടുകള്‍ പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 35 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വീട്ടുപകരണങ്ങളേറെയും നഷ്ടമായി. മൈലാടുംപാറയിലേയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, ശുചീകരണ സാമഗ്രികള്‍, അവശ്യവസ്തുക്കള്‍ എന്നിവയുമായാണ് സംഘം ഇന്നലെ പുറപ്പെട്ടത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പറഞ്ഞു. ഫാ. ഹോര്‍മീസ് മരോട്ടിക്കുടി ദുരന്തമേഖലകളിലേയ്ക്കുള്ള ആദ്യസംഘത്തിന്റെ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.

സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നേടിയവരാണുള്ളത്. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് സമരിറ്റന്‍ സംഘത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 75 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദുരന്തമേഖലകളില്‍ റെസ്‌ക്യൂ, റിലീഫ്, ഷെല്‍ട്ടര്‍, സാനിറ്റേഷന്‍, ഫുഡ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലായിരുന്നു പരിശീലനം. പരിശീലനം നേടിയ മറ്റുള്ളവര്‍ മലബാര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തും.


Related Articles »