News
സിറിയയിലെ ശുഭ പ്രതീക്ഷ അസ്ഥാനത്തോ? ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന സഹായം പിടിച്ചെടുത്ത് വിമതര്‍
പ്രവാചകശബ്ദം 13-12-2024 - Friday
ഡമാസ്കസ്, സിറിയ: ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് രാജ്യത്തെ ഭരണമാറ്റത്തില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് ക്രൈസ്തവര്‍ വലിയ ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തല്‍. സിറിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിലുള്ള വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് ക്രൈസ്തവര്‍ക്ക് നല്‍കുന്ന മാനുഷിക സഹായങ്ങള്‍ തീവ്രവാദികള്‍ പിടിച്ചെടുക്കുന്നുവെന്നു അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്’ (ജി.സി.ആര്‍) വെളിപ്പെടുത്തി.
ഇത് വംശഹത്യക്ക് തുല്യമാണെന്നാണ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സിറിയയില്‍ മാനുഷിക സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ ശേഖരങ്ങളില്‍ ചിലത് വിമതര്‍ പിടിച്ചെടുത്തുവെന്നും സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന ‘ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ റിലീഫ്’ വെളിപ്പെടുത്തി. തങ്ങളുടെ കൈയില്‍ ബാക്കിയുള്ള സാധനങ്ങള്‍ കഴിയുന്നത്ര ജാഗ്രതയോടെ പലായനം ചെയ്യുന്നവര്‍ക്ക് വിതരണം ചെയ്യുവാനാണ് പദ്ധതിയെന്നും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സിറിയ ഇപ്പോള്‍ വളരെ അപകടകരമായ ഒരു മേഖലയായി മാറിയിരിക്കുകയാണെന്നും ജി.സി.ആറിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡേവിഡ് കറി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’നോട് വെളിപ്പെടുത്തി.
ഏതാണ്ട് ഇരുപതിനായിരത്തോളം പേരുടെ വിശപ്പകറ്റുവാന്‍ പോന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമേ വെള്ളവും, മരുന്നുകളും വിമതര്‍ മോഷ്ടിച്ചു. ആലപ്പോ ചരിത്രപരമായി ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നെന്നും ഇപ്പോള്‍ ഇവിടുത്തെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മേഖല സുരക്ഷിതമല്ലെന്ന് ക്രൈസ്തവര്‍ക്ക് തോന്നുന്നിടത്തോളം കാലം ഈ പ്രവണത തുടരുമെന്നും ഡേവിഡ് കറി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ എന്നീ തീവ്രവാദിസംഘടനകളുടെ ഒരു പുനരവതാരമാണ് ഹയാത്ത് താഹിര്‍ അല്‍-ഷാം എന്ന വിമതസേന.
ഒരു ദശകത്തിനു മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോള്‍ സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ ഏതാണ്ട് 10% ത്തോളം (15 ലക്ഷം) വരുമായിരുന്നു. ഇപ്പോള്‍ അത് ഏതാണ്ട് 3 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ആലപ്പോയില്‍ വിമതപക്ഷം പിടിമുറുക്കിയതിന് ശേഷം ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് വിമതര്‍ ‘കര്‍ഫ്യു ‘ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം സിറിയയില്‍ തുടരുന്ന ക്രിസ്ത്യന്‍ നേതാക്കളുടെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥനത്തില്‍ ക്രിസ്താനികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നുണ്ടെന്നും കറി പറഞ്ഞു.
സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് വിമത സേനയില്‍ നിന്നു ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നു ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യ്ക്കു അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവരുടെ ദുരവസ്ഥ വ്യക്തമാക്കി സംഘടന രംഗത്തെത്തിയിരിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
