News - 2024
ക്രൈസ്തവ പ്രതിനിധി സംഘം സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 12-09-2019 - Thursday
ദുബായ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ഐക്യനാടുകളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പതിനെട്ടാം വാര്‍ഷികത്തിന്റെ തലേ ദിവസമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ പാലസില്‍ വെച്ചായിരുന്നു ഇവാഞ്ചലിക്കല്‍ ഗ്രന്ഥകാരനും അമേരിക്കന്‍-ഇസ്രായേല്‍ ഇരട്ടപൗരത്വവുമുള്ള ജോയല്‍ റോസന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രതിനിധി സംഘവുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്. പരസ്പര സൗഹാര്‍ദ്ദവും, തീവ്രവാദവുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളെന്ന്‍ വാഷിംഗ്‌ടണിലെ സൗദി എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര സഖ്യത്തിലെ പ്രധാന പങ്കാളിയാണ് സൗദിയെന്നും, സൗദിയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും, സൗദി പുരോഗമനത്തിന്റെ പാതയിലാണെങ്കിലും ചില മേഖലകളില്‍ മാറ്റം വരേണ്ടതുണ്ടെന്നും ക്രിസ്ത്യന്‍ പ്രതിനിധി സംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാനായ റവ. ജോണി മൂര്‍, പ്രശസ്ത അമേരിക്കന്‍ സുവിശേഷകന്‍ ബില്ലി ഗ്രഹാമിന്റെ വക്താവായിരുന്നിട്ടുള്ള ലാറി റോസ്, ഏതാണ്ട് 15,000-ത്തോളം അംഗബലമുള്ള ന്യൂ മെക്സിക്കോയിലെ കാല്‍വരി അല്‍ബുക്കര്‍ക്ക് സമൂഹത്തിന്റെ വചനപ്രഘോഷകനായ സ്കിപ് ഹെയിറ്റ്സിഗ് എന്നിവരായിരുന്നു ക്രിസ്ത്യന്‍ പ്രതിനിധി സംഘത്തിലെ പ്രമുഖര്‍.
അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ധര്‍ രാജകുമാരി, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, ഫോറിന്‍ അഫയേഴ്സ് മന്ത്രി ആദേല്‍ അല്‍-ജുബെയ്ര്‍, മുസ്ലീം വേള്‍ഡ് ലീഗ് തലവന്‍ ഷെയിഖ് മൊഹമ്മദ് അല്‍-ഇസ്സ തുടങ്ങിയവരും സൗദി രാജകുമാരനോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അടുത്തവര്‍ഷം നടക്കുവാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കാവുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് സൗദി രാജകുമാരന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുന്നത്. മതസ്വാതന്ത്ര്യത്തിന് വിലക്കുള്ള സൗദിയുടെ പൊതുപ്രതിച്ഛായ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളുടെ ഭാഗമായിട്ടു കൂടിയാണ് ഈ കൂടിക്കാഴ്ചയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.