News
ചരിത്രപരമായ ക്ഷണം: ക്രൈസ്തവ സഭാ മേലദ്ധ്യക്ഷനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് സൗദി
സ്വന്തം ലേഖകന്‍ 06-11-2017 - Monday
ബെയ്റൂട്ട്: മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹിയേ സൗദിയിലേക്ക് ക്ഷണിച്ചുകൊണ്ട് സല്‍മാന്‍ രാജാവും കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനും. സന്ദര്‍ശനം നടന്നാല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ ഇല്ലാത്ത സൗദി സന്ദര്‍ശിക്കുന്ന ആദ്യത്തെ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷനാകും ബേച്ചാര ബൗട്രോസ് അല്‍-റാഹി. പാത്രീയാര്‍ക്കീസിനെ കൂടിക്കാഴ്ച നടത്തുവാന്‍ ക്ഷണിച്ചതായി ലെബനോനിലെ സൗദി വിദേശകാര്യ ചുമതലയുള്ള വലീദ് ബുഖാരിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷണം കൈമാറിയിരിക്കുന്നത്.
ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ സന്ദര്‍ശനം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചരിത്രപരവും, സൗദിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ ഒന്നായിരിക്കുമെന്നും വലീദ് ബുഖാരി കൂട്ടിച്ചേര്‍ത്തു. പാത്രിയാര്‍ക്കീസ് അല്‍-റാഹിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ലെബനോന്‍ പാര്‍ലമെന്റംഗം ബൗട്രോസ് ഹാര്‍ബ് ക്ഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ലെബനോന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും, ക്രിസ്ത്യന്‍ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഈ സന്ദര്‍ശനം ഗുണം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.
ട്രിപ്പോളിയിലേയും വടക്കന്‍ ലെബനോനിലേയും മുഫ്തിയായ ഷെയിഖ് മാലിക് അല്‍-ഷാറും സൗദിയുടെ ഈ നീക്കത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിന് വേണ്ട ചര്‍ച്ചകള്‍ നടത്തുന്നതിനു സമയമായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മാസങ്ങളായി സന്ദര്‍ശനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നുവെന്ന് ലെബനന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവരും ഇസ്ലാം മതസ്ഥരും തമ്മില്‍ സൗഹൃദത്തില്‍ കഴിയുന്ന ലെബനോനെക്കുറിച്ചുള്ള ചിത്രം സൗദിക്ക് നല്‍കുന്നതിനു പാത്രിയാര്‍ക്കീസിന് കഴിയുമെന്ന പ്രതീക്ഷയും ലെബനന്‍ ന്യൂസ് ഏജന്‍സി പങ്കുവെച്ചു. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര. ലെബനോനിലെ സൗദി നയതന്ത്രജ്ഞനായ അലി ബിന്‍ സയീദ് അല്‍-അവ്വാദ് അസീരിയാണ് സന്ദര്‍ശനം സാധ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരിക്കുന്നത്. പാത്രിയാര്‍ക്കീസ് അല്‍-റാഹിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നയതന്ത്രജ്ഞനായ അലി ബിന്‍.