Wednesday Mirror - 2025

അത്ഭുതങ്ങളും രോഗശാന്തിയും: കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പോ?

സ്വന്തം ലേഖകൻ 23-07-2015 - Thursday

1 : ഇന്നേവരെ ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ബുദ്ധിമാന്മാരിൽ ഒരാളാണ് വി.അഗസ്റ്റിൻ എന്ന് നിരീശ്വരവാദികൾ പോലും അംഗീകരിക്കുന്നു. സ്വന്തം യുക്തികൊണ്ടും അതിനേക്കാളധികമായി ബുദ്ധിശക്തികൊണ്ടും സത്യത്തെ കണ്ടെത്തുവാൻ ശ്രമിച്ച അഗസ്റ്റിൻ ദൈവം എന്ന സനാതനസത്യത്തെ കണ്ടെത്തി മഹാനായ വിശുദ്ധനായി തീർന്നു. അദ്ദേഹം തന്റെ കൃതികളിൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത്, 5-ം നൂറ്റാണ്ടിൽ നടന്ന അത്ഭുതങ്ങളേക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.അദ്ദേഹം ഇപ്രകാരം പറയുന്നു.“ യേശുക്രിസ്തുവിന്റെ നാമത്തിൽ ഇപ്പോഴും ധാരാളം അത്ഭുതങ്ങൾ നടക്കുന്നു. കൂദാശകളിലൂടെയും, വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴിയായും ക്രിസ്തു പ്രവർത്തിക്കുന്ന അത്ഭുതങ്ങളെ ഉയർത്തിക്കാണിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.” 5-ം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ ഈ 2015 ലും സത്യമാണ്. ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ദൈവം നമ്മുടെ ഇടയിൽ ഇന്നും വർഷിക്കുന്നു. എന്നാൽ നമുക്ക് അവയെല്ലാം വെറും കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പ് മാത്രം. ആദിമസഭയിൽ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ ദൈവജനം മറ്റുള്ളവരുടെ മുമ്പിൽ ഉയർത്തിക്കാട്ടിയിരുന്നു. അത്ഭുതങ്ങൾക്കായി ആകാംഷയോടെ കാത്തിരുന്നു.

“പത്രോസ് കടന്നുപോകുമ്പോൾ അവന്റെ നിഴലെങ്കിലും ഒന്നു പതിക്കുന്നതിനുവേണ്ടി രോഗികളെ തെരുവീഥികളിൽ കൊണ്ടുവന്നു കിടത്തിയിരുന്നു” (അപ്പ 5:15 ). എന്നാൽ ഇന്ന് രോഗശാന്തിവരം ലഭിച്ച വൈദികരോ അഭിഷിക്തരോ രോഗികളുടെ തലയിൽ ഒന്നു കൈവെച്ചാൽ അതും നമുക്കു കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പ് മാത്രം. ഇങ്ങനെ സകലതിനേയും തട്ടിപ്പ് ആയി മാത്രം കാണുന്ന നമ്മളും പലപ്പോഴും ഓരോ ആവശ്യങ്ങൾക്കായി ദൈവത്തോടു പ്രാർത്ഥിക്കാറുണ്ട്. “അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല” (മത്താ 13:58).

വി.അഗസ്റ്റീന്റെ എക്കാലത്തേയും മഹത്തായ കൃതികളിലൊന്നായ De Civitate Dci യിൽ അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞ കുറേ അത്ഭുതങ്ങളേക്കുറിച്ച് വിവരിച്ചിട്ടുണ്ട്. വെറും അത്ഭുതങ്ങളല്ല മരിച്ചവർ യേശുനാമത്തിൽ ഉയർത്തെഴുന്നേറ്റ അത്ഭുതങ്ങൾ. യേശുക്രിസ്തുവിനു ശേഷവും സഭയിൽ മരിച്ചവർ ഉയിർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിനുള്ള നിരവധി തെളിവുകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഈ ചരിത്രഗ്രന്ഥം. ഔഡ്രസിന് അടുത്ത്, കാസ്പലിയാന എന്ന എസ്റ്റേറ്റിൽ താമസിച്ച ഒരു യുവതിയായ കന്യക രോഗം ബാധിച്ച് അതീവഗുരുതരാവസ്ഥയിലായി. മാതാപിതാക്കൾ അവളുടെ ഒരു വസ്ത്രവുമായി ഔഡ്രസ്സിലുള്ള വി.സെബസ്റ്റ്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലേക്കുപോയി. ആ സമയം ആ യുവതി മരണമടഞ്ഞു. മാതാപിതാക്കൾ അവളുടെ വസ്ത്രം വിശുദ്ധന്റെ തിരുശേഷിപ്പിൽ സ്പർശിച്ചശേഷം തിരിച്ചു വന്നു. തിരിച്ചെത്തിയപ്പോൾ യുവതി മരിച്ചു കഴിഞ്ഞതായി അവർ കണ്ടു. ഉടനെ തന്നെ അവളുടെ മാതാപിതാക്കൾ പ്രാർത്ഥനയോടെ വി. സെബസ്ത്യാനോസിന്റെ തിരുശെഷിപ്പിൽ സ്പർശിച്ചു കൊണ്ടുവന്ന തുണി അവളുടെ മൃതശരീരത്തിനുമുകളിൽ വിരിച്ചു. ആ നിമിഷം തന്നെ അവൾക്ക് ജീവൻ തിരിച്ചുകിട്ടി എന്ന് വി.അഗസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു സംഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. വി. അഗസ്റ്റിന്റെ നഗരമായ ഹിപ്പോയിൽ താമസിച്ചിരുന്ന ബാസ്സസ്സ് എന്ന പേരുള്ള ഒരു സിറിയാക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ രോഗബാധിതയായി. ബാസ്സസ്സ് തന്റെ മകളുടെ മേലങ്കിയുമെടുത്തുകൊണ്ട് വി.സെബാസ്ത്യാനോസിന്റെ ദേവാലയത്തിൽ പോയി തിരുശേഷിപ്പിൽ സ്പർശിച്ചു. അദ്ദേഹം അവിടെ പ്രർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പരിചാരകർ, മകൾ മരിച്ചുപോയ വിവരം ബാസ്സസ്സിനെ അറിയിക്കുവാനായി ദേവാലയത്തിൽ എത്തി . എന്നാൽ ബാസ്സസ്സിന്റെ സുഹൃത്തുക്കൾ മരണവിവരം അവനെ അറിയിക്കുന്നതിൽ നിന്നും പരിചാരകരെ വിലക്കി. മരണ വിവരം അറിയാതിരുന്ന ആ പിതാവ് വീട്ടിലെത്തിയപ്പോൾ തന്റെ മകളുടെ മൃതസംസ്കാരത്തിനെത്തിയ ആളുകളെക്കൊണ്ട് തന്റെ ഭവനം നിറഞ്ഞിരിക്കുന്നതായി കണ്ടു.. അദ്ദേഹം അതീവ ദു:ഖത്തോടെ വി.സെബസ്റ്റ്യാനോസിന്റെ തിരുശേഷിപ്പിൽ സ്പർശിച്ച മേലങ്കി അവളുടെ ശവശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. തൽക്ഷണം അവൾക്ക് ജീവൻ തിരിച്ചുകിട്ടി. വി. അഗസ്റ്റിൻ De Civitst Dei യുടെ പന്ത്രണ്ടാമത്തെ ഗ്രന്ഥത്തിൽ എട്ടാം അദ്ധ്യായത്തിൽ ആണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.