India - 2025

സീറോ മലബാർ വിശ്വാസപരിശീലന കമ്മീഷൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 11-01-2025 - Saturday

കാക്കനാട്: വിശ്വാസ പരിശീലന കമ്മീഷൻ ഓഫീസ് തയ്യാറാക്കിയ 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന മലയാളം പുസ്തകവും 'Queries in Pathways of Faith' എന്ന ഇംഗ്ലീഷ് പുസ്‌തകവും പ്രകാശനം ചെയ്തു. സഭാആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. കല്യാൺ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാലും ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴിയും ആദ്യ കോപ്പികൾ ഏറ്റുവാങ്ങി.

2024 ജൂലൈ 16 മുതൽ 25 വരെ വിശ്വാസ പരിശീലകർക്കായി നിഖ്യാ വിശ്വാസപ്രമാണത്തെ ആസ്പദമാക്കി 10 ദിവസം നീണ്ടുനിന്ന വെബിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് 'നിഖ്യാ വിശ്വാസപ്രമാണം ഒരു സമഗ്രപഠനം' എന്ന പുസ്തകം. സഭയുടെ വിശ്വാസപ്രമാണം ആഴത്തിൽ മനസ്സിലാക്കാനും ആകർഷകമായ രീതിയിൽ അവതരിപ്പിക്കാനും കാര്യക്ഷമമായി പകർന്നു കൊടുക്കാനും സഭാവിശ്വാസികൾക്കും, പ്രത്യേകിച്ച് വിശ്വാസപരിശീലകർക്കും ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്.

ആധുനിക കാലഘട്ടത്തിൽ വിശ്വാസികളിൽ രൂപപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും ഉദ്ധരിച്ചു തയ്യാറാക്കിയ 'വിശ്വാസ വഴിയിലെ സംശയങ്ങൾ' എന്ന മലയാളം പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച ഇംഗ്ലീഷ് പരിഭാഷയാണ് 'Queries in pathways of faith' എന്ന ഇംഗ്ലീഷ് പുസ്‌തകം. കത്തോലിക്കാ വിശ്വാസം സംബന്ധിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഈ പുസ്തകം ഉത്തരം നല്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.


Related Articles »