News
അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് ബൈബിൾ ഔദ്യോഗിക ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു
സ്വന്തം ലേഖകന്‍ 08-04-2016 - Friday
നാഷ്വില്ല : ഒരു ദേശത്തിന്റെ വളർച്ചയ്ക്ക് ദൈവ വചനത്തിന്റെ പങ്ക് അത്യന്താപേക്ഷിതമാണന്ന് അംഗീകരിച്ചുകൊണ്ട്, അമേരിക്കയിലെ ടെന്നസി സെനറ്റിൽ തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി ബൈബിൾ തിരഞ്ഞെടുക്കപ്പെട്ടു.
ഏപ്രിൽ നാലിനു വൈകിട്ട് ചേർന്ന സെനറ്റാണ് 8 നെതിരെ19 വോട്ടുകളോടെ ബിൽ പാസാക്കിയത്. ഏതെങ്കിലും മതത്തിന് പ്രത്യേക പരിഗണന നൽകുന്നത് ടെന്നസി ഭരണഘടനയ്ക്ക് എതിരാണെന്നുള്ള സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ വാദഗതികൾ തള്ളികൊണ്ടാണ് ബൈബിൾ, പ്രഥമ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടത്.
ബില്ലിനെതിരെ വോട്ടു ചെയ്തവർ ബൈബിളിനെതിരല്ലായിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഔദ്യോഗിക ചിഹ്നങ്ങളുടെ കൂടെ കലരുമ്പോൾ ബൈബിൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന കാരണത്താലാണ് ചിലർ ബില്ലിനെ എതിർത്തത്. ബിൽ ഗവർണർക്ക് അയച്ചുകൊടുത്തു. ഗവർണർ ഈ ബില്ലിൽ ഒപ്പിടുന്നതോടെ നിയമ സാധുത ലഭിക്കും.
സംസ്ഥാനത്തിന്റെ ചരിത്രപരവും സംസ്ക്കാരപരവുമായ വളർച്ചയ്ക്ക് ബൈബിളിന്റെ പങ്ക് അംഗീകരിച്ചു കൊണ്ടാണ് താൻ ഈ ബില്ല് അവതരിപ്പിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് സതർലാണ്ട് പറഞ്ഞു.
ACLU- വിന്റെ എക്സിക്യൂറ്റീവ് ഡയറക്ടർ ഹെഡി ഷൻബെർഗ്, ഗവർണറെ കണ്ട് ബൈബിൾ ബില്ല് വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏത് കോടതി നടപടികൾക്കും തങ്ങൾ തയ്യാറാണെന്ന് ബൈബിൾ ബിൽ അവതരിപ്പിച്ച സെനറ്റർ സതർലാണ്ട് പറഞ്ഞു.