News - 2024

ഉത്തരവാദിത്വങ്ങളെ ഭയന്ന് നിസംഗതയിലായിരിക്കുന്നത് പാപം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 03-10-2019 - Thursday

വത്തിക്കാന്‍ സിറ്റി: ഉത്തരവാദിത്വങ്ങളെ ഭയന്ന് നിസംഗതയില്‍ തളര്‍ന്നിരിക്കുന്നത് പാപമാണെന്നും ജീവിതാവസ്ഥകളില്‍ സന്തോഷം പ്രസരിപ്പിക്കേണ്ടവരാണ് ക്രൈസ്തവരെന്നും ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ ഒന്നിന് അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടന ദിവസം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ നല്കിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഒന്നും ശരിയല്ലെന്നു പറഞ്ഞോ, വിലപിച്ചോ, ഒരു മാറ്റത്തിനും തയ്യാറാവാതെ, മാറ്റവും മാനസാന്തരവും അസാദ്ധ്യമാണെന്നു ശഠിച്ചിരിക്കുന്നത് അലസതയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

യജമാനനായ ദൈവം മനുഷ്യരായ നമ്മെ ഓരോരുത്തരെയുമാണ് തന്റെ സ്വത്ത് ഭരമേല്പിച്ചിരിക്കുന്നത്. വ്യത്യസ്ത കഴിവുകള്‍ നമുക്കു അവിടുന്ന് നല്കിയിട്ടുണ്ട്. കഴിവുകള്‍ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല. അവ ധൈര്യത്തോടെയും ക്രിയാത്മകമായും ഉപയോഗിച്ച് ഫലമണിയിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഈ മിഷണറിമാസത്തില്‍ നന്മചെയ്യാന്‍ നമ്മെത്തന്നെ പ്രചോദിപ്പിക്കുകയും ഒരുക്കുകയും വേണം.

മിഷ്ണറി മാസം പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുകയാണ്. സാക്ഷ്യമെന്ന വാക്ക് രക്തസാക്ഷ്യത്തില്‍ വേരൂന്നിയതാണ്. വിശ്വാസത്തിന്‍റെ ശ്രേഷ്ഠരായ സാക്ഷികള്‍ രക്തസാക്ഷികളാണ്. കാരണം വാക്കാലല്ല, തങ്ങളുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിച്ചവരാണവര്‍. അവര്‍ സമാധാനവും സ്നേഹവും ജീവിതപരിസരങ്ങളില്‍ പരത്തിക്കൊണ്ട്, ക്രിസ്തുവിനെപ്രതി എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിച്ചവരാണ്. ഇത് ക്രൈസ്തവന്‍റെ ധര്‍മ്മമാണ്.

എത്ര നന്നായി ഞാന്‍ ക്രിസ്തുവിനു സാക്ഷ്യംവഹിക്കുന്നുവെന്ന് ഈ മിഷണറി മാസത്തില്‍ നമുക്ക് ആത്മപരിശോധന ചെയ്യാം. ദൈവം ഇഷ്ടപ്പെടുന്നത് സജീവമായൊരു സഭയെയാണ്. പ്രേഷിതയായ സഭ കുറവുകളെ ഓര്‍ത്ത് വിലപിച്ച് സമയം വൃഥാവില്‍ ചെലവഴിക്കുന്നില്ലായെന്നും പാപ്പ പതിനായിരകണക്കിന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ജീവിതദൗത്യത്തില്‍ അതിന്‍റെ ആനന്ദവും പ്രവര്‍ത്തനഫലവും കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.


Related Articles »