Life In Christ - 2025

പതിവ് തെറ്റിക്കാതെ ഹോളിവുഡ് നടന്‍ മാര്‍ക്ക്‌ വാല്‍ബെര്‍ഗിന്റെ വിഭൂതി ആശംസ

സ്വന്തം ലേഖകന്‍ 28-02-2020 - Friday

ലോസ് ആഞ്ചലസ്: താര പരിവേഷത്തിനിടയിലും യേശുവിനോടും തന്റെ കത്തോലിക്കാ വിശ്വാസത്തോടുള്ള പ്രതിബബദ്ധത വീണ്ടും പരസ്യമായി പ്രകടമാക്കിക്കൊണ്ട് ലോകപ്രശസ്ത ഹോളിവുഡ് നടനും മോഡലുമായ മാര്‍ക്ക് വാല്‍ബര്‍ഗിന്റെ വിഭൂതി തിരുനാള്‍ ആശംസ. ലോസ് ആഞ്ചലസിലെ ‘സെന്റ്‌ പോള്‍ ദി അപ്പോസ്തല്‍’ ദേവാലയത്തിലെ വിഭൂതി ശുശ്രൂഷയില്‍ പങ്കെടുത്ത അദ്ദേഹം നെറ്റിയില്‍ കുരിശ് അടയാളം സ്വീകരിച്ചതിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് നോമ്പുകാല ആശംസ നേര്‍ന്നുകൊണ്ടു രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

'നോമ്പു കാലത്ത് താങ്കള്‍ എന്താണ് ഉപേക്ഷിക്കുവാന്‍ പോകുന്നത്' എന്ന് പലരും തന്നോടു ചോദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വാല്‍ബെര്‍ഗിന്റെ വീഡിയോ ആരംഭിക്കുന്നത്. “കൂടുതല്‍ സ്നേഹം, കൂടുതല്‍ സമാധാനം, കൂടുതല്‍ ഉള്‍കൊള്ളല്‍, കൂടുതല്‍ ശ്രദ്ധ, കൂടുതല്‍ കാരുണ്യം അങ്ങനെ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. മനോഹരമായ നോമ്പുകാലം ആശംസിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഈസ്റ്ററിന് വീണ്ടും കാണും. എല്ലാവര്‍ക്കും എന്റെ സ്നേഹം” വാല്‍ബെര്‍ഗ് പറഞ്ഞു.



View this post on Instagram

GOD BLESS

A post shared by Mark Wahlberg (@markwahlberg) on



നെറ്റിയില്‍ കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസിക്കുന്ന പതിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാല്‍ബെര്‍ഗ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, ബോസ്റ്റണില്‍ നടന്ന വൊക്കേഷന്‍ ഡയറക്ടറുമാരായ വൈദികരുടെ ദേശീയ സമ്മേളനത്തിന് ആശംസ അറിയിച്ചുകൊണ്ട് വാല്‍ബെര്‍ഗ് നേരിട്ടു രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക      


Related Articles »