Editor's Pick

കൊറോണ വൈറസ്: എന്തുകൊണ്ട് വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളത്തിന്റെ ഉപയോഗവും റദ്ദു ചെയ്യുന്നു?

പ്രവാചക ശബ്ദം 07-03-2020 - Saturday

പുതിയ കൊറോണ വൈറസിന്റെ പകർച്ച തടയുന്നതിനു വേണ്ടി ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളതിന്റെ ഉപയോഗവും നിറുത്തിവച്ചപ്പോൾ നിരവധി നിരീശ്വരവാദ ഗ്രൂപ്പുകൾ പതിവുപോലെ അവരുടെ ചോദ്യവുമായി രംഗത്തെത്തി. വിശുദ്ധ കുർബാനക്ക് അനന്തമായ ശക്തിയുണ്ടങ്കിൽ, അത് യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമാണെങ്കിൽ എങ്ങനെയാണ് രോഗം പകരുക? ഹന്നാൻ വെള്ളം വിശുദ്ധ ജലമാണെങ്കിൽ അതിന്റെ ഉപയോഗം എങ്ങനെയാണ് രോഗം പകർത്തുന്നത്? ഇത്തരം ചോദ്യങ്ങൾ ചിലപ്പോഴൊക്കെ വിശ്വാസികളെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

വിശുദ്ധ കുർബാനയെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ ‍

രൂപതകൾ പ്രധാനമായും മൂന്നു നിർദ്ദേശങ്ങളാണ് നൽകിയത്. വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുന്നതിനു പകരം കയ്യിൽ സ്വീകരിക്കുക, എല്ലാവരും ഒരു കാസയിൽ നിന്നും തിരുരക്തം പാനം ചെയ്യുന്നതും വിശുദ്ധ കുർബാന മധ്യേ ഹസ്തദാനം ചെയ്തുകൊണ്ട് സമാധാനം ആശംസിക്കുന്നതും ഒഴിവാക്കുക എന്നിവയായിരുന്നു അവ. എന്നാൽ മറ്റു ചില രൂപതകൾ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തിൽ സമ്മേളിക്കുന്നത് ഒഴിവാക്കാനും വിശ്വാസികളെ നിർദ്ദേശിച്ചു.

ലോകത്ത് പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അത് പടർന്നുപിടിക്കുന്നത് തടയുവാൻ ഓരോ രാജ്യങ്ങളിലെയും ആരോഗ്യ വകുപ്പുകൾ നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി സഹകരിക്കാന്‍ കത്തോലിക്ക സഭയ്ക്ക് കടമയുണ്ട്. അതുകൊണ്ടാണ് സഭ ഇപ്രകാരം നിർദ്ദേശങ്ങൾ വിശ്വാസികൾക്ക് നൽകിയത്.

ഇപ്രകാരം നൽകിയ നിർദ്ദേശങ്ങൾ ഒരിക്കലും വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ ഇല്ലാതാകുന്നില്ല. യേശുക്രിതുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന അനന്ത ഫലങ്ങൾ നമ്മുടെ മാനുഷികമായ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. എന്നാൽ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം വരെ ഈ ലോകത്ത് രോഗങ്ങളും ദുരിതങ്ങളും നിലനിൽക്കും എന്ന സത്യവും നാം വിസ്മരിച്ചു കൂടാ.

വിശുദ്ധ കുർബാന യേശു ക്രിസ്തുവിന്റെ ശരീരവും രക്തവുമാണ് എന്നത് എക്കാലവും മാറ്റമില്ലാത്ത സത്യമാണ്. എന്നാൽ അതു നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കരങ്ങളും നാവുകളും രോഗം പകരാൻ സാധ്യതയുള്ളവയാണ് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. അതിനാൽ ഓരോ വിശ്വാസിയുടെയും ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

ഹന്നാൻ വെള്ളതിന്റെ ഉപയോഗത്തെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങൾ ‍

ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ വിശ്വാസികൾ അവരുടെ വിരല്‍ വിശുദ്ധ ജലത്തില്‍ മുക്കിയിട്ട് കുരിശുവരച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പൊതുവായി സ്ഥാപിച്ചിരിക്കുന്ന ഹന്നാൻ വെള്ളം ഒഴിവാക്കണം എന്ന നിർദ്ദേശമാണ് ചില രൂപതകൾ നൽകിയത്.

ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ ഹന്നാൻ വെള്ളം തൊട്ട് കുരിശു വരക്കുന്ന വ്യക്തി അയാളുടെ മാമ്മോദീസായെ ഓർമ്മിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ഒരു സംവിധാനം ഓരോ ദേവാലയത്തിലും ഒരുക്കിയിരിക്കുന്നത്. വിശുദ്ധ ജലത്തിന് പൈശാചിക ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ശക്തിയുണ്ട്. എന്നാൽ ഒരു വൈദികന്റെ ആശീർവാദത്തിലൂടെ സാധാരണ വെള്ളം വിശുദ്ധ ജലമായി മാറുമ്പോഴും അതിന്റെ ഭൗതികമായ അവസ്ഥയും രാസ ഘടനയും എപ്പോഴും നിലനിൽക്കുന്നു എന്ന കാര്യവും നാം വിസ്മരിച്ചുകൂടാ. വിശുദ്ധമായവ എന്നതുകൊണ്ട് രോഗവിമുക്തമായവ എന്നല്ല അർത്ഥം. സഭയുടെ ചരിത്രത്തിൽ നിരവധി വിശുദ്ധരുടെ ജീവിതത്തിൽ, രോഗങ്ങളും ദുരിതങ്ങളും അവർ സ്വന്തം ശരീരത്തിൽ അനുഭവിച്ചുകൊണ്ട് ജീവിച്ചവരാണ്.

ഹന്നാൻ വെള്ളത്തിന്റെ ഉപയോഗം വഴി നിരവധി ആത്മീയ ഫലങ്ങളാണ് നമ്മുക്കു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടി നാം ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതുണ്ട്. ഓരോ രോഗവും മരണത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. അത് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു നമ്മെ ഓർമ്മപ്പെടുത്തുകയും സഹജീവികളോടുള്ള സ്നേഹത്തിലും സഹകരണത്തിലും ജീവിക്കുവാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ രോഗം വരുമ്പോൾ ഓരോ രാജ്യത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കുകയും, ഉദാസീനനാകാതെ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യണം.

രോഗശാന്തി നൽകുന്ന അത്ഭുതനാമത്തിന്റെ ശക്തി ‍

1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് പടർന്നു പിടിച്ചു. അത് പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. മാരകമായ ഈ രോഗത്താൽ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും മരിച്ചുവീണു. തെരുവുകളിലും ചന്തസ്ഥലങ്ങളിലും വീടുകളിലും ദേവാലയങ്ങളിലും അത് മറ്റുള്ളവരിലേക്ക് ഇടിമിന്നൽപോലെ ആളിപ്പടർന്നു.

വൈദികരും ഡോക്ടർമാരും നേഴ്സുമാരും അടക്കം അനേകം പേർ മരിച്ചുവീണതുകൊണ്ട് അവരുടെ ശവശരീരങ്ങൾ സംസ്കരിക്കാതെ തെരുവുകളിൽ കിടന്നു. മരിച്ചുകൊണ്ടിരുന്നവരെ അചഞ്ചലമായ തീക്ഷ്ണതയോടെ സഹായിച്ചവരില്‍ ഓദ്രെഡയാസ് എന്ന ഒരു മെത്രാനുണ്ടായിരുന്നു. പകര്‍ച്ചവ്യാധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നു ബോധ്യമായപ്പോൾ ഈ വിശുദ്ധനായ മനുഷ്യന്‍, യേശുവിന്‍റെ പരിശുദ്ധനാമം വിളിച്ചപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരോടും മരിച്ചുകൊണ്ടിരിക്കുന്നവരോടും രോഗം ബാധിക്കാത്തവരോടും "യേശുവേ യേശുവേ" എന്ന് വിളിച്ചപേക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടു അദ്ദേഹം തെരുവുകളിലൂടെ ചുറ്റി സഞ്ചരിച്ചു. അദ്ദേഹം ഇപ്രകാരം ജനങ്ങളോടു പറഞ്ഞു. "ആ പരിശുദ്ധനാമം കാര്‍ഡുകളില്‍ എഴുതി അവ നിങ്ങളുടെ വസ്ത്രത്തില്‍ അണിയുക. അവ നിങ്ങളുടെ തലയിണയുടെ അടിയില്‍ വയ്ക്കുക. അവ നിങ്ങളുടെ കട്ടിളപ്പടിയില്‍ ഒട്ടിച്ചു വയ്ക്കുക. എല്ലാത്തിനുമുപരിയായി ആ ശക്തമായ നാമം നിങ്ങളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഉരുവിടുക."

രോഗികള്‍ക്കും മരണാസന്നരായവര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം നാടു മുഴുവന്‍ സഞ്ചരിച്ചു. രോഗികള്‍ക്ക് ഒരു പുതുജീവന്‍ കിട്ടിയതുപോലെ തോന്നി. അവര്‍ യേശുനാമം വിളിച്ചപേക്ഷിക്കുകയും യേശുനാമം എഴുതിയ കാര്‍ഡുകള്‍ നെഞ്ചില്‍ ധരിക്കുകയും അവ പോക്കറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ. രോഗികള്‍ സുഖം പ്രാപിച്ചു. മരണാസന്നര്‍ അവരുടെ വേദനയില്‍ നിന്നും ഉയര്‍ന്നു. പ്ലേഗ് ബാധ അവസാനിച്ചു. അങ്ങനെ പട്ടണം ഏറ്റവും മാരകമായ വ്യാധിയില്‍ നിന്നും മുക്തമായി.

ഈ വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ യേശുനാമം വിളിച്ചപേക്ഷിക്കുവാന്‍ തുടങ്ങി. അവിശ്വസനീയമായ രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ മാരകമായ രോഗത്തില്‍ നിന്നും പോര്‍ച്ചുഗല്‍ മുഴുവന്‍ സ്വതന്ത്രമായി. ഈ അത്ഭുതങ്ങള്‍ കണ്ടശേഷം ജനങ്ങള്‍ നന്ദിയോടെ അവരുടെ രക്ഷകന്‍റെ നാമത്തോടുള്ള സ്നേഹവും അതിലുള്ള ശരണവും കാത്തുസൂക്ഷിച്ചു.എല്ലാ അപകടങ്ങളിലും അവര്‍ യേശുനാമം വിളിച്ചപേക്ഷിച്ചു. യേശുനാമ പ്രചാരണത്തിനുവേണ്ടി പള്ളികള്‍തോറും യേശുനാമം പ്രഘോഷിക്കുന്ന പ്രദക്ഷിണങ്ങള്‍ നടത്തപ്പെട്ടു. ഈ അനുഗൃഹീത നാമത്തിന്‍റെ ബഹുമാനാര്‍ത്ഥം അള്‍ത്താരകള്‍ ഉയര്‍ത്തപ്പെട്ടു.

അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു "...നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 15:16)

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

More Archives >>

Page 1 of 6