Editor's Pick - 2024

കരുണയുടെ ഈ പ്രവാചകനെ കല്ലെറിയുന്നതിന്റെ പിന്നിൽ ആര്?

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

ദൈവത്തിന്റെ കരുണയെപ്പറ്റി ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രഘോഷിച്ച വൈദികരിൽ ഒരാളാണ് ഭാരതസഭയുടെ അഭിമാനമായ ഫാ. ഡൊമിനിക് വളന്മനാൽ. പാപത്തിന്റെ വലിപ്പം നോക്കാതെ ദൈവം ഓരോ മനുഷ്യന്റെ മേലും ചൊരിയുന്ന അനന്തമായ കരുണയെപ്പറ്റി നിരന്തരം പ്രഘോഷിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകളിലുടനീളം ധാരാളം മാനസാന്തരങ്ങളും, പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളുമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിശാച് അലറിവിളിച്ചുകൊണ്ട് ചില വ്യക്തികളെ വിട്ടുപോകുന്നത് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കുറേക്കാലമായി ചില വ്യക്തികളെയും നിരീശ്വരവാദ ഗ്രൂപ്പുകളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു.

ജന്മനാ വൈകല്യങ്ങളും ന്യൂനതകളുള്ള നിരവധി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശ്വാസമാണ് ഡൊമിനിക് അച്ചൻ നയിക്കുന്ന വചനപ്രഘോഷണങ്ങൾ. നിരവധി രോഗസൗഖ്യങ്ങളാണ് യേശുക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ സംഭവിക്കുന്നത്. എന്നാൽ ലോകത്തിന്റെ പലഭാഗത്തും അദ്ദേഹം നടത്തുന്ന ശുശ്രൂഷകളിൽ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നത് ചിലരെയൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അങ്ങനെ അദ്ദേഹത്തെ ആക്രമിക്കാൻ കാത്തിരുന്ന വ്യക്തികൾക്കു ലഭിച്ച ഒരു ആയുധമാണ് ഈ അടുത്ത നാളുകളായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ. മാതാപിതാക്കളുടെ തിന്മനിറഞ്ഞ ജീവിതം അവരുടെ മക്കളുടെ ജീവിതത്തിലേക്ക് ചില തകർച്ചകൾ കടന്നുവരുന്നതിന് കാരണമാകും എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞതായി പ്രചരിപ്പിക്കുന്ന ഈ വീഡിയോ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടർ ആദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത്?

ഇക്കൂട്ടർ യഥാർത്ഥത്തിൽ സഭാപ്രബോധനങ്ങളുടെ സംരക്ഷകരോ? ‍

അച്ചന്റെ പ്രഘോഷണം കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്ക് എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂറോപ്പിൽ നിന്നുള്ള ചില വ്യക്തികൾ അച്ചനെ എതിർക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിന്റെ തന്നെ അടിസ്ഥാനപരമായ പ്രബോധനങ്ങൾക്ക് എതിരായി സ്വവർഗ്ഗ വിവാഹവും, ഭ്രൂണഹത്യയും, ദയാവധവും നിയമവിധേയമാക്കിയപ്പോൾ അതിനെതിരെ ഒരു വാക്കുപോലും പറയാത്തവരും, അതിൽ ചിലതിനെ പിന്താങ്ങിയവരുമാണ് ഇപ്പോൾ "പ്രബോധന സംരക്ഷകരായി" രംഗത്തു വന്നിരിക്കുന്നത് എന്ന വിരോധാഭാസം, ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വെളിപ്പെടുത്തുന്നു.

സോഷ്യൽ മീഡിയയിലൂടെ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തരം പ്രവർത്തിക്കുകയും, നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിതം "ആസ്വദിക്കാൻ" വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന ഇക്കൂട്ടരുടെ യഥാർത്ഥ മുഖം അവരുടെ 'മുഖപുസ്തക'ത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്.

ഇത് സഭാപ്രബോധനങ്ങൾക്ക് എതിരായ പ്രഘോഷണമോ? ‍

മാതാപിതാക്കളുടെ പാപങ്ങളുടെ ഫലം അവരുടെ മക്കൾ അനുഭവിക്കേണ്ടി വരും എന്ന് സഭ പഠിപ്പിക്കുന്നില്ല. എന്നാൽ ഓരോ പാപത്തിനും കാലിക ശിക്ഷയുണ്ടന്നും, ഇത് ദൈവത്തിന്റെ പ്രതികാരമല്ലന്നും; പിന്നെയോ, പാപത്തിന്റെ സ്വാഭാവത്തിൽ നിന്നു തന്നെ ഉണ്ടാകുന്നതാണെന്നും സഭ പഠിപ്പിക്കുന്നു (CCC 1472). ഇപ്രകാരം, മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായി അവരുടെ കുടുംബത്തിലേക്ക് തകർച്ചകൾ കടന്നുവരികയും പിന്നീട് അവർ മാനസാന്തരപ്പെട്ട് പാപം ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ അവരുടെ കുടുംബത്തിൽ നിന്നും ഇത്തരം തകർച്ചകൾ വിട്ടുമാറുകയും ചെയ്യുന്നു എന്നതിന് രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രത്തിലെ നിരവധി ജീവിത സാക്ഷ്യങ്ങൾ തെളിവാണ്.

അതിനാൽ മാതാപിതാക്കളെ വിശുദ്ധമായ ജീവിതത്തിന്റെ പ്രാധാന്യം മാത്രമാണ് അച്ചൻ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചത് എന്നത് ആ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ശ്രവിക്കുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്.

ഓരോ മാതാപിതാക്കൾക്കും രണ്ടു രീതിയിൽ മക്കള്‍ക്ക് ജന്മം നല്കാം. നന്നായി പ്രാർത്ഥിച്ച് ഒരുങ്ങി വിശുദ്ധമായ ആത്മീയ ജീവിതം നയിച്ചുകൊണ്ട് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാം. രണ്ടാമതായി ദൈവഭയമില്ലാതെ പാപത്തിൽ മുഴുകി ജഡികമായി ജീവിച്ചുകൊണ്ടും മക്കൾക്കു ജന്മം നൽകാം. എന്നാൽ ഈ രണ്ടു രീതിയിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കു തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ധാരാളം മാതാപിതാക്കളുണ്ട് എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. കാരണം "മാംസത്തിൽ നിന്നു ജനിക്കുന്നത് മാംസമാണ്, ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും". (യോഹ 3:6)

പിശാച് ഒരുക്കുന്ന വലിയെ കെണി തിരിച്ചറിയാതെ പോകരുത് ‍

ന്യൂനതകളുള്ള കുട്ടികൾ ഒരിക്കലും ഒരു ശാപമല്ല. അവരിലൂടെയും ഉന്നതമായ പ്രവർത്തികൾ ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അവരിലൂടെ അവരുടെ കുടുംബങ്ങളെ മാത്രമല്ല ഒരു ദേശത്തെ തന്നെ അനുഗ്രഹിക്കാനും അങ്ങനെ അവരെ ഒരു അനുഗ്രഹമാക്കി മാറ്റാനും ദൈവത്തിനു കഴിയും. എന്നാൽ ഡൊമിനിക് അച്ചന്റെ വീഡിയോയിലെ ഏതാനും വരികൾ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിച്ചുകൊണ്ട് അച്ചനെതിരെ പ്രചാരണം നടത്തി ആത്മീയ ശുശ്രൂഷയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരിൽ നിരീശ്വരവാദികൾ മുതൽ കരിസ്മാറ്റിക് വിരോധികൾ വരെയുള്ള ക്രിസ്ത്യൻ നാമധാരികൾ കണ്ടേക്കാം. എന്നാൽ ഇതിലൂടെ പിശാച് ഒരുക്കുന്ന വലിയെ കെണികൾ നാം ഒരിക്കലും തിരിച്ചറിയാതെ പോകരുത്.

ന്യൂനതകളുള്ള കുട്ടികളോടുള്ള സമൂഹത്തിന്റെ സഹതാപത്തെ ഉപകരണമാക്കി ആത്മീയ ശുശ്രൂഷകളോട് പ്രത്യേകിച്ച് കരിസ്മാറ്റിക് ശുശ്രൂഷകളോട് വിശ്വാസികൾക്കിടയിൽ നീരസം ഉളവാക്കുക എന്നതാണ് പിശാച് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്. ഐറിഷ് ടൈംസിനേയും ഡബ്ലിൻ ആർച്ച് ബിഷപ്പിനെയും ഈ സഹതാപതരംഗത്തിലൂടെ തെറ്റിദ്ധരിപ്പിക്കുവാൻ ചില മലയാളികൾക്ക് സാധിച്ചു എന്നത് യൂറോപ്പിന്റെ വിശ്വാസതകർച്ചയിൽ ചില മലയാളികളും പങ്കുവഹിക്കുന്നു എന്നതിന്റെ തെളിവാണ്.

മനുഷ്യനിൽ പാപബോധം ഇല്ലാതാക്കാൻ പിശാച് ഇതിലൂടെ ശ്രമിക്കുന്നു എന്ന അപകടകരമായ വസ്തുത നാം വിസ്മരിച്ചുകൂടാ. മാതാപിതാക്കൾക്ക് എന്തുപാപം ചെയ്തും, ജഡികമോഹങ്ങളിൽ മുഴുകി ജീവിക്കാമെന്നും, അതൊന്നും തങ്ങളുടെ മക്കൾക്ക് യാതൊരു ദൂഷ്യവും വരുത്തുകയില്ലന്നും ഒരു ബോധ്യം വിശ്വാസികൾക്കിടയിൽ വളർത്താൻ ഇത്തരം പ്രചാരങ്ങൾ കൊണ്ടു സാധിക്കും. അതിലൂടെ നിരവധി കുടുംബങ്ങളെ തകർക്കാം എന്ന് പിശാച് സ്വപ്നം കാണുന്നു. പാപം എന്നത് എക്കാലത്തും ലോകത്തുണ്ടായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാപം, മനുഷ്യനിൽ പാപബോധം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയ മുന്നറിയിപ്പ് നാം ഒരിക്കലും വിസ്മരിച്ചുകൂടാ.

യൂറോപ്പിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിൽ, യൂറോപ്യൻ ജനത ഉന്നതമായി കാണുന്നത് അവരുടെ കുടുംബ മൂല്യങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇവിടെ നിലനിന്നിരുന്നതും എന്നാൽ ഇന്ന് യൂറോപ്പിൽ നഷ്ടമായി കൊണ്ടിരിക്കുന്നതുമായ കുടുംബമൂല്യങ്ങൾ മലയാളികൾ കാത്തുസൂക്ഷിക്കുന്നു എന്നത് യൂറോപ്യൻ ജനത അസൂയയോടെ നോക്കിക്കാണുന്ന ഒന്നാണ്. എന്നാൽ കുടിയേറ്റത്തിന്റെ പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞപ്പോൾ ഇവിടുത്തെ മലയാളി സമൂഹത്തിലെ നിരവധി കുടുംബങ്ങൾ തകർച്ചയുടെ വക്കിലാണ്. ഈ തകർച്ചയുടെ അടിസ്ഥാന കാരണം പലപ്പോഴും, ജീവിതത്തിലെ സുഖസകാര്യങ്ങൾ വർദ്ധിച്ചപ്പോൾ അവർ ദൈവത്തെ ഉപേക്ഷിക്കുകയോ അവരുടെ ജീവിതത്തിൽ പാപം വർദ്ധിക്കുകയോ ചെയ്തു എന്നതാണ്. ഇതുപോലെ തകർന്നടിഞ്ഞ നിരവധി കുടുംബങ്ങളാണ് കരിസ്മാറ്റിക് ശുശ്രൂഷകളിലൂടെ സ്നേഹത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരുന്നത്. അതിനാൽ ഡൊമിനിക് അച്ചനെപ്പോലുള്ള പ്രമുഖരായ വിടുതൽ ശുശ്രൂഷകരെ തടഞ്ഞാൽ കുടുംബങ്ങളെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിടാം എന്ന് പിശാച് വ്യാമോഹിക്കുന്നു.

യൂറോപ്പിലേക്ക് ദൈവം കൊണ്ടുവന്ന ഓരോ മലയാളിയെക്കുറിച്ചും അവിടുത്തേക്ക് ഉന്നതമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ കഴിവോ സാമർത്ഥ്യമോ നോക്കിയല്ല ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു കൊണ്ടുവന്നത്. നമ്മെക്കാൾ കഴിവും സാമർത്ഥ്യവുമുള്ള നിരവധിപേർ കേരളത്തിൽ ഉണ്ടായിരുന്നിട്ടും, ദൈവം നമ്മെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നുവെങ്കിൽ അതു ദൈവത്തിന്റെ കരുണയാണ്. ആ കരുണയ്ക്കു പ്രത്യുപകാരമായി അവിടുത്തെ കരുണയുടെ പ്രവാചകനെതന്നെ കല്ലെറിയുന്നവരേ... നിങ്ങളോട് ദൈവം കരുണ കാണിക്കട്ടെ.

More Archives >>

Page 1 of 5