Editor's Pick

ഈ വൈദികരെ സൂക്ഷിക്കുക..! ഇവർ നിങ്ങളെ വഴിതെറ്റിക്കും

പ്രവാചക ശബ്ദം 09-03-2020 - Monday

വൈദികർ അവരുടെ ദൈവവിളിയുടെ മഹത്വം അറിഞ്ഞു ജീവിക്കണം. അതിന് അവർക്ക് സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അവർ എന്തിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യണം. അല്ലെങ്കിൽ അവരുടെ വാക്കുകൾ നിരീശ്വരവാദികളുടെ വായിലെ അപ്പക്കഷണങ്ങളായി മാറും എന്നതിന് തെളിവാണ് സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച രണ്ടു പോസ്റ്റുകൾ. കരിസ്മാറ്റിക് ശുശ്രൂഷകളിൽ സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും വെറും തട്ടിപ്പാണെന്നും, പരിശുദ്ധാത്മാവിന്റെ വരങ്ങൾ വെറും അഭിനയമാണെന്നും, ആറാം പ്രമാണ ലംഘനം പാപമാണെന്നു പഠിപ്പിക്കരുതെന്നും വാദിക്കുന്ന ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയണം.

രണ്ടു വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ വർഷങ്ങളായി പരാജയം ഏറ്റുവാങ്ങുന്നു. അവസാനം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവർ യേശുക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. അവിടുന്ന് അവർക്ക് ഉന്നത വിജയം നൽകുന്നു. ഇത് അവർ കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത് കണ്ടിട്ട് ഒരു വൈദികനു സഹിക്കുന്നില്ല. അദ്ദേഹം ഉടനെ യുക്തിവാദവുമായി രംഗത്തെത്തുന്നു. ഈ സാക്ഷ്യം കുട്ടികളെ "പഠിക്കുക" എന്ന ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് നയിക്കും എന്നതാണ് അദ്ദേഹത്തിന്റെ വാദം.

മറ്റൊരു വൈദികന്റെ പോസ്റ്റ് പറയുന്നത് കരിസ്മാറ്റിക് ധ്യാനങ്ങൾ വെറും തട്ടിപ്പാണെന്നാണ്. ധ്യാനകേന്ദ്രങ്ങൾ പരസ്യങ്ങൾ നൽകി ആളെകൂട്ടുകയാണെത്രെ. ദർശനവരങ്ങൾ വെറും അഭിനയമാണെത്രെ. ധ്യാനസമയത്ത് ദൈവത്തെ സ്തുതിക്കുന്നതിനെ പരിഹസിക്കുന്ന ഈ വൈദികൻ, കോളേജിൽ പഠിക്കുന്ന കുട്ടികളെ ജീവിത വിശുദ്ധിയെക്കുറിച്ചു പഠിപ്പിക്കാൻ പാടില്ലന്ന് വാദിക്കുന്നു. അപ്രകാരം പഠിപ്പിച്ചാൽ അവർ മാതാപിതാക്കന്മാരെ തെറ്റായ കണ്ണുകൾ കൊണ്ടു കാണുമെത്രേ?

യുക്തിവാദികളും കരിസ്മാറ്റിക് വിരോധികളുമായ ഇത്തരം വൈദികർ വിശ്വസികളുടെ ആത്മീയ ജീവിതത്തിൽ വിതക്കുന്ന മാരകമായ വിഷവിത്തുകൾ നാം കണ്ടില്ലന്നു നടിക്കരുത്. ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണം.

അത്ഭുതങ്ങൾ ആരുടെയാണ് ഉറക്കം കെടുത്തുന്നത്? ‍

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?

ഇന്ന് മറ്റ് അനേകം മതങ്ങളിൽ കാണുന്നതുപോലെ ദൈവ വിശ്വാസത്തെ ഒരു സങ്കൽപമായും വെറും ആശയമായും മാത്രം കാണുന്ന തലത്തിലേക്ക് ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്താൻ പിശാച് ശ്രമിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഇതിന് പിശാച് ഒരുക്കുന്ന ഒരു തന്ത്രമാണ് യേശുനാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ മറച്ചുവയ്ക്കുകയും അത് വെറും തട്ടിപ്പാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുക. അതിന് പിശാച് ചിലപ്പോൾ വൈദികരെപ്പോലും ഉപകരണമാക്കും. ഇത്തരം വൈദികരെ സൂക്ഷിക്കുക. ഇക്കൂട്ടരെ നിയന്ത്രിക്കാൻ സഭാനേതൃത്വം തയ്യാറാകണം.

You May Like:‍ യേശു നാമത്തില്‍ സംഭവിച്ച അത്ഭുതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ലോക പ്രശസ്ത ഡോക്ടര്‍

ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.

കരിസ്മാറ്റിക് നവീകരണം എന്നാലെന്ത്? ‍

"കരിസ്മാറ്റിക്" എന്ന വിശേഷണപദത്തിന്‍റെ മൂലം ഗ്രീക്ക് ഭാഷയിലെ "കരിസ്മ" (Charisma) എന്ന നാമപദമാണ്‌. സമ്മാനങ്ങള്‍, ദാനങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നൊക്കയാണ് ബഹുവചനത്തില്‍ അതിനര്‍ത്ഥം. അതിനാൽ കരിസ്മാറ്റിക് ദൈവശാസ്ത്രത്തില്‍ "പരിശുദ്ധാരൂപിയുടെ ആത്മീയ ദാനങ്ങള്‍" എന്ന അര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ, അഥവാ കരിസ്മാറ്റിക് ദാനങ്ങള്‍ (Service gifts - Gratiae gratis datae. ഉദാഹരണമായി, പ്രവചനം, ഭാഷാവരം, രോഗശാന്തിവരം മുതലായവ.) 1 കോറി 12:4-11, 28-31; റോമാ 12:6-8; എഫേ 4:8,11-16) ഉപയോഗിച്ചു ആഴമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ശുശ്രൂഷയാണ് കരിസ്മാറ്റിക് നവീകരണം.

തിരുസഭയിൽ കരിസ്മാറ്റിക് നവീകരണം ഒരു യാഥാർത്ഥ്യമാണെന്ന് മാർപാപ്പമാർ അംഗീകരിച്ചിട്ടുള്ളതും തിരുസഭയുടെ ഉണർവ്വിന് ഇത് സഹായകമാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുള്ളതുമാണ്.

ലക്ഷക്കണക്കിന് വിശ്വാസികൾ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചുകൂടുന്ന കണ്‍വൻഷനുകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും കൈകൾ ഉയർത്തി സ്തുതിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്ന മേൽപറഞ്ഞ വൈദികൻ, നമ്മുടെ ഫ്രാൻസിസ് മാർപാപ്പ 2014 ജൂണ്‍ 1ന് റോമൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000-ൽ അധികം ആളുകൾ പങ്കെടുത്ത കരിസ്മാറ്റിക് കണ്‍വൻഷനിൽ പങ്കെടുത്ത്‌, 'Praise and Worship' സമയത്ത് സ്റ്റേജിൽ മുട്ടുകുത്തുകയും, അവരുടെ 'ഭാഷാ വരത്തിലെ' പ്രാർത്ഥനകൾ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തത് അറിഞ്ഞിരുന്നോ?

കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ സംഭാവനകൾ ‍

കരിസ്മാറ്റിക് നവീകരണത്തിലൂടെ കേരളസഭ ഉണരുകയും അതിന്റെ ഫലങ്ങൾ സഭയിലൂടെ അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈദികർ തന്നെ ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് വിശ്വാസിസമൂഹം വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമർശിക്കാൻ വേണ്ടിമാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന വൈദികർ അടക്കമുള്ള എല്ലാവരും, കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ ചില സംഭാവനകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്.

2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ''ആശയമായി" കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു.

5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.

6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു.

8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.

9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ.

You May Like:‍ കർത്താവിന്റെ സൗഖ്യത്തിന് മതമില്ല: തളര്‍ന്ന ഹൈന്ദവ യുവതിക്ക് യേശു നാമത്തില്‍ അത്ഭുത സൗഖ്യം‍

ഇപ്രകാരം പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ചുള്ള ആത്മീയ ശുശ്രൂഷയിലൂടെ ലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു. എന്നാൽ അതിനെ കുറ്റം പറയുന്ന വൈദികർ വിശ്വാസികളെ ക്രിസ്തുവിൽനിന്നും അകറ്റുന്നു എന്നു മാത്രമല്ല പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുകയും ചെയ്യുന്നു. ഇപ്രകാരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഇറക്കുന്നവരും അവ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരും"... പരിശുദ്ധാത്മാവിന് എതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" എന്ന ക്രിസ്തുവിന്റെ വചനം ഓർമ്മിക്കട്ടെ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »