News

യേശുവിന്റെ നാമത്തില്‍ ആയുധങ്ങളെ നിശബ്ദമാക്കൂ, അക്രമങ്ങള്‍ അവസാനിപ്പിക്കൂ: സമാധാന ആഹ്വാനവുമായി ഹെയ്തി മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് സന്ദേശം

പ്രവാചകശബ്ദം 22-12-2022 - Thursday

പോര്‍ട്ട് ഒ പ്രിന്‍സ്: ഭൂമിയില്‍ യഥാര്‍ത്ഥ സമാധാനം കൊണ്ടുവരുന്നതിനായി അവതാരമെടുത്ത ദൈവപുത്രനായ യേശുവിന്റെ നാമത്തില്‍ ആയുധങ്ങള്‍ നിശബ്ദമാക്കുവാനും, സമാധാനത്തില്‍ കഴിയുവാനും അഭ്യര്‍ത്ഥിച്ചുക്കൊണ്ട് കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയിലെ മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് സന്ദേശം. “അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്ത് വസിച്ചവരുടെ മേല്‍ പ്രകാശം ഉദിച്ചു” (ഏശയ്യ 9:2) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്തുമസ് സന്ദേശം ആരംഭിക്കുന്നത്. പ്രവാസത്തിലും നിരാശയിലും കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനതക്ക് വേണ്ടിയുള്ള ഈ പ്രവചനത്തിന്റെ പ്രതിഫലനം നിലവിലെ സാഹചര്യത്തില്‍ ഹെയ്തിയിലും പ്രതിധ്വനിക്കുന്നുണ്ടെന്ന്‍ രാജ്യത്തിനകത്തും, പുറത്തും കഴിയുന്ന ഹെയ്തി ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നു.

നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളോടും അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവരോടും വിദ്വേഷപരമായ ഭ്രാന്ത് അവസാനിപ്പിച്ച് ജീവിതത്തേക്കുറിച്ച് ചിന്തിക്കുവാനും ആയുധങ്ങളെ നിശബ്ദമാക്കുവാനും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തിന് പകരം, സമാധാനം, സ്നേഹം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ക്രിസ്തുമസ് സന്ദേശത്തില്‍ പറയുന്നുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പിന്റെ ആവശ്യകതയേക്കുറിച്ചും, രാജ്യത്തെ നിലവിലെ സാഹചര്യം കാരണം പലായനം ചെയ്യേണ്ടി വരുന്നവര്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഹെയ്തിയില്‍ നിന്നും കുടിയേറിയവരോട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. 1999-ലെ ഉടമ്പടിയുടെ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സന്ദേശത്തില്‍ പറയുന്നു. കുടിയേറ്റ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ മെത്രാന്‍ സമിതിയുമായി ഹെയ്തിയിലെ കത്തോലിക്ക മെത്രാന്‍ സമിതി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‍ മെത്രാന്മാര്‍ അറിയിച്ചു. എല്ലാവരും ആഗ്രഹിക്കുന്ന തരത്തില്‍, പരസ്പര ബഹുമാനം, നീതി, സൌഹാര്‍ദ്ദം, സാഹോദര്യം, ഐക്യം എന്നിവയില്‍ പടുത്തുയര്‍ത്തിയ ഒരു ഹെയ്തി കെട്ടിപ്പടുക്കുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നതെന്ന്‍ പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. പ്രകൃതി ദുരന്തങ്ങള്‍ പ്രതിസന്ധി ഒന്നുകൂടി വഷളാക്കി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും, സാംക്രമിക രോഗങ്ങളും കീഴ്പ്പെടുത്തുകയാണെന്നു കമിലിയന്‍ മിഷ്ണറി വൈദികനായ ഫാ. അന്റോണിയോ മെനെഗോണ്‍ പറയുന്നു. രാജ്യത്ത് കൊള്ളയും കൊലയും പതിവു സംഭവങ്ങളാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ലൂയിസ ഡെൽ ഓർട്ടോ, ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽ ദാരുണമായി കൊല്ലപ്പെട്ടിരിന്നു. അമേരിക്കയിൽ നിന്ന് എത്തിയ 17 മിഷ്ണറിമാരെയും, അവരുടെ കുടുംബാംഗങ്ങളെയും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയതു കഴിഞ്ഞവർഷമാണ്.


Related Articles »