India - 2024

കൊറോണ തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണ: മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ

11-03-2020 - Wednesday

കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണയെന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തരവും കാര്യക്ഷമമവുമായ നടപടികള്‍ കൈക്കൊള്ളണം. പൊതുസമൂഹം മുഴുവനും മഹാമാരിയെ പ്രതിരോധിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളോട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സഹകരിക്കും.

ആരാധനയ്ക്കായുള്ള കൂടിവരവുകള്‍ രോഗവ്യാപനത്തിനു സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങള്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സണ്‍ഡേസ്‌കൂള്‍ ക്ലാസുകള്‍ എന്നിവ ഇക്കാലയളവില്‍ ഒഴിവാക്കണം.

സഭയുടെ കീഴിലുളള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാര്‍ഥമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആരാധനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളില്‍ പ്രാര്‍ഥന നടത്തുവാന്‍ ശ്രദ്ധിക്കണമെന്നും കരസ്പര്‍ശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും കുര്‍ബാനാനുഭവവുമായി ബന്ധപ്പെട്ട് വൈദികര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണെന്നും കാതോലിക്കാബാവാ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »