Faith And Reason - 2024

രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കുക: വൈദികരോട് പാപ്പയുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 11-03-2020 - Wednesday

വത്തിക്കാന്‍ സിറ്റി: രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കണമെന്ന് ചൊവ്വാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ വൈദികരോട് ആഹ്വാനം ചെയ്തു. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പൂർണ പിന്തുണ നൽകണമെന്നു ആവശ്യപ്പെട്ട പാപ്പ രോഗബാധിതർക്കും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, കൊറോണ പകർച്ചവ്യാധി മൂലം ക്ലേശിക്കുന്നവർക്കുമായി പ്രാർത്ഥന തുടരുകയാണെന്നും പറഞ്ഞു. ദൈവവചനത്തിന്റെ ശക്തിയും, വിശുദ്ധ കുർബാനയും രോഗബാധിതർക്ക് നൽകാൻ പോകാനായി വൈദികർക്ക് ധൈര്യം ലഭിക്കാനായിട്ടും തങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുന്നുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജുസേപ്പേ കോന്തേ മാർച്ച് ഒമ്പതാം തീയതി പുറത്തിറക്കിയ ഡിക്രിയിലൂടെ രാജ്യത്ത് ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം രാജ്യത്തിന് പുറത്തേക്ക് പോകാനും, ഇറ്റലിയിലെ തന്നെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനും ജനങ്ങളുടെ മേൽ നിയന്ത്രണമുണ്ട്. ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ വേണ്ടി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, അവശ്യ സാധനങ്ങൾ മേടിക്കാൻ പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ലഭിച്ച ഉത്തരവുപ്രകാരം റോമിലെ മ്യൂസിയങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.

വ്യക്തിപരമായ പ്രാർത്ഥനകൾക്കായി ദേവാലയങ്ങളിൽ ആളുകൾ എത്തുന്നത് തുടരുന്നുണ്ട്. സാധാരണയായി എല്ലാ ദിവസവും രാവിലെ 7 മണിക്ക് പേപ്പൽ വസതിയായ കാസാ സാന്താ മാർത്തയിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കാറുണ്ട്. ഈ ആഴ്ച ഉടനീളം ഇന്റർനെറ്റിലൂടെ പാപ്പ സ്വവസതിയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന തൽസമയം സംപ്രേഷണം ചെയ്യും. വത്തിക്കാനിൽ ജോലിചെയ്യുന്ന വൈദികരും, സന്യസ്തരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധാരണയായി ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും, ഈയാഴ്ച ആർക്കും തന്നെ വത്തിക്കാൻ ക്ഷണം നൽകിയിട്ടില്ല. മാർച്ച് ഒമ്പതാം തീയതി അർപ്പിച്ച വിശുദ്ധ കുർബാന കൊറോണ വൈറസ് ബാധിതർക്കു വേണ്ടിയാണ് സമർപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »