Thursday Mirror - 2024

മഹാമാരി പടരുമ്പോള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിക്കണം: കാരണമുണ്ട്..!

സ്വന്തം ലേഖകന്‍ 19-03-2020 - Thursday

കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും ഭീകരമായ വിധത്തില്‍ വ്യാപിക്കുകയാണ്. പ്രാര്‍ത്ഥനയും മുന്‍കരുതലുമായി ലോകമെമ്പാടുമുള്ള വിശ്വാസികളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും, തങ്ങളെ തന്നെ വിശുദ്ധന് സമര്‍പ്പിക്കുകയും ചെയ്യുന്നത് ഏറെ ഫലം ചെയ്യുമെന്നാണ് കഴിഞ്ഞ കാല ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്ലേഗ് എന്ന പകര്‍ച്ചവ്യാധിക്ക് യൂറോപ്പില്‍ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും അവെന്‍സണ്‍ നഗരവും നഗരവാസികളും വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥതയാല്‍ സൌഖ്യപ്പെട്ടതെങ്ങനെയെന്ന് “ഗ്ലോറിസ് ഓഫ് കാത്തലിക് ചര്‍ച്ച്” എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവെന്‍സണ്‍ നഗരത്തിനു പുറമേ, ഫ്രാന്‍സിലെ ല്യോണ്‍സ് എന്ന നഗരത്തിലും പകര്‍ച്ചവ്യാധികളുടെ മേല്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്താല്‍ നടന്ന അത്ഭുതകരമായ മാറ്റത്തെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം അടുത്ത ദിവസങ്ങളില്‍ കത്തോലിക്ക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

1638 ജൂലൈ 15-ന് ല്യോണ്‍സിലെ ഡോഫൈന്‍ പാര്‍ലമെന്റിലെ അഭിഭാഷകനായ ഓഗറിയുടെ ഏഴു വയസുള്ള മകന് പ്ലേഗ് ബാധിച്ചുവെന്ന സത്യം മനസ്സിലായി. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ ശക്തിയാല്‍ തന്റെ മകനെ സൌഖ്യം ലഭിക്കുകയും തന്റെ കുടുംബത്തെ പ്ലേഗില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോടുള്ള ആദരണാര്‍ത്ഥം താനും തന്റെ കുടുംബവും ഒന്‍പതു ദിവസം തുടര്‍ച്ചയായി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമെന്ന് ഓഗറി സത്യം ചെയ്തു. എന്നാല്‍ കുട്ടിയെ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ കുഞ്ഞ് മരിക്കുമെന്ന് വിധിയെഴുതുകയും, മറ്റുള്ളവര്‍ക്ക് കൂടി രോഗം ബാധിക്കുമെന്ന ഭയത്തില്‍ കുട്ടിയെ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നവരെ കിടത്തുന്ന സെന്റ്‌ ലോറന്‍സ് എന്ന പെസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു.

ഓഗറിയാകട്ടെ, വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത യാചിച്ചു കൊണ്ട് ശക്തമായ പ്രാര്‍ത്ഥന തുടര്‍ന്നു. അതെ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്ഭുതം നടന്നു. ഡോക്ടറുമാരുടെ അനുമാനങ്ങളെ പൂര്‍ണ്ണമായി തള്ളികളഞ്ഞു കൊണ്ട് കുട്ടിയുടെ രോഗം പരിപൂര്‍ണ്ണമായി സൌഖ്യപ്പെട്ടു, മാത്രമല്ല ഓഗറിയുടെ ഒന്‍പതു അംഗ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗം പിടിപ്പെട്ടതുമില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, തന്നെ വിളിച്ചപേക്ഷിക്കുന്ന മഹാമാരികള്‍ പിടിപെടുന്നവര്‍ക്ക് വേണ്ടി വിശുദ്ധ യൗസേപ്പിതാവ് നിരന്തരം തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കും.

ഇന്നു മാര്‍ച്ച് 19 നമ്മള്‍ വിശുദ്ധന്റെ തിരുനാള്‍ നിശബ്ദമായി കൊണ്ടാടുമ്പോള്‍ ലോകമെങ്ങുമായി കൊറോണ ബാധിച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളേയും, അവരുടെ കുടുംബാംഗങ്ങളേയും, അവരെ ശുശ്രൂഷിക്കുന്ന ആതുരശുശ്രൂഷകരേയും ഓര്‍ത്തുകൊണ്ട്‌ വിശുദ്ധ യൗസേപ്പിതാവിന്റെ ശക്തമായ മാധ്യസ്ഥം വിളിച്ചപേക്ഷിക്കാം. നീതിമാനായ യൗസേപ്പിതാവ് നമ്മുടെ പ്രാര്‍ത്ഥനയുടെ നിലവിളി ഉറപ്പായും ദൈവസന്നിധിയില്‍ ബോധിപ്പിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »