Faith And Reason
"നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ദൈവത്തിലേക്ക് മടങ്ങുന്നു": ഇറ്റാലിയന്‍ ഡോക്ടറുടെ സാക്ഷ്യം വൈറല്‍
സ്വന്തം ലേഖകന്‍ 22-03-2020 - Sunday
മിലാന്‍: കോവിഡ് 19 അതീവ ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ നിന്നുമുള്ള യുവ ഡോക്ടറുടെ സാക്ഷ്യം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. കൊറോണ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ മിലാന്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്ക് ലൊംബാര്‍ദിയയില്‍ നിന്നുള്ള ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എന്ന 38 വയസുള്ള ഡോക്ടര്‍, ദൈവ വിശ്വാസിയായി മാറിയ സാക്ഷ്യമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. മാതാപിതാക്കള്‍ ദേവാലയത്തില്‍ പോയി കൊണ്ടിരിന്നപ്പോള്‍ പരിഹസിച്ചു കൊണ്ടിരിന്ന ശാസ്ത്രത്തില്‍ മാത്രം പ്രതീക്ഷവെച്ചിരിന്ന ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എങ്ങനെ ദൈവ വിശ്വാസിയായെന്ന കഥ ഇറ്റലിയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിന്റെ പരിഭാഷ സിഎംഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ പങ്കുവെച്ചതോടെയാണ് മലയാളി സമൂഹത്തിനിടയിലും പോസ്റ്റു വൈറലായി മാറിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോവിഡ് -19 ബാധിച്ച ഇറ്റലിയിൽ നിന്നും, ലുലിയന്‍ ഉര്‍ബാന്‍ എന്ന മുപ്പത്തിയെട്ടു വയസുകാരൻ ഒരു ഡോക്ടറുടെ ലൊംബാര്‍ദിയിൽ നിന്നുള്ള അസാധാരണമായ സാക്ഷ്യം: "ഞാൻ നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ദൈവത്തിലേക്ക് മടങ്ങുന്നു".
“കഴിഞ്ഞ മൂന്നാഴ്ചയായി ഞങ്ങളുടെ ആശുപത്രിയിൽ കാണുകയും നടക്കുകയും ചെയ്യുന്ന കാര്യങ്ങൾ, ഭയാനകമായ പേടി സ്വപ്നങ്ങളിൽ പോലും കാണാത്തവയാണ്. ആദ്യം ചെറിയ ഒരു ഒഴുക്ക്, പിന്നെ വളർന്നു ,ഒരു വലിയ നദി പോലെ; ഒരു ഡസൻ, പിന്നെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഡോക്ടർമാരല്ല സെലക്ടർമാരാണ്. ആരാണ് ജീവിക്കേണ്ടതെന്നും ആരെയാണ് മരണത്തിന്റെ ഭവനത്തിലേക്ക് പറഞ്ഞയക്കേണ്ടതെന്നും തീരുമാനിക്കുന്ന സെലക്ടർമാർ. അതെ, വേദനയോടെ പറയട്ടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി രാജ്യത്തിന് ടാക്സ് നൽകുന്നവരാണ് ഇവരെല്ലാം. പക്ഷെ ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും ആര് ജീവിക്കണം ആര് മരിക്കണം എന്ന്.
രണ്ടാഴ്‌ച മുമ്പുവരെ ഞങ്ങൾ, ഞാനും എന്റെ സഹപ്രവർത്തകരിൽ പലരും നിരീശ്വരവാദികളായിരുന്നു. ഞങ്ങൾ ഡോക്ടർമാരായതിനാൽ ശാസ്ത്രം ദൈവത്തെ ഒഴിവാക്കുന്നു എന്ന് നൂറുശതമാനവും വിശ്വസിച്ചവർ.
പള്ളിയിൽ പോകുന്ന എന്റെ മാതാപിതാക്കളെ നോക്കി എന്നും പരിഹസിക്കുന്ന ഒരാളായിരുന്നു ഞാൻ. ഒൻപതു ദിവസം മുമ്പ് 75 വയസുള്ള ഒരു വൈദീകൻ ഇവിടെ എത്തി. ഒരു പാവം മനുഷ്യൻ. ശ്വസിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെടുകായായിരുന്നു അദ്ദേഹത്തിന്. എങ്കിലും എപ്പോഴും ഒരു ബൈബിൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ അടുത്തിരുന്നു അദ്ദേഹം അത് ആയാസപ്പെട്ട് വായിചു കേൾപ്പിക്കുന്നു. ചിലരുടെ കൈകളിൽ അദ്ദേഹം ബൈബിൾ പിടിപ്പിക്കുന്നു ഞങ്ങൾ അത് കൗതുകപൂർവം നോക്കി കണ്ടു.
എന്റെ രണ്ടു സഹപ്രവത്തകർ മരണപെട്ടു കഴിഞ്ഞു. ചിലരെ രോഗംബാധിച്ചിരിക്കുന്നു. ആകെ നിരാശയിലാണ്. ഞങ്ങൾ മാനസികമായും ശാരീരികമായും ആകെത്തളർന്നു കഴിഞ്ഞു. ഈ അവസരത്തിലാണ് ഞങ്ങൾ ഇത് കാണുന്നത്. ഇപ്പോൾ ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യരെന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പരിധിയിലെത്തി. ഞങ്ങൾ നോക്കുന്ന ആളുകളുടെ മരണ സംഖ്യ ഉയരുന്നതല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. മനുഷ്യൻ അവസാനിക്കുന്നിടത്തു ദൈവം തുടങ്ങുന്നു എന്ന് ഞങ്ങൾക്കു തോന്നിത്തുടങ്ങി. സാവധാനം ഞങ്ങൾ ആ പുരോഹിതനോടടുത്തു; ഞങ്ങൾ പതിയെ സംസാരിക്കാൻ ആരംഭിച്ചു.
സത്യം പറയട്ടെ ഇന്നലെവരെ നിരീശ്വരവാദികളായിരുന്ന ഞങ്ങൾ ഇപ്പോൾ സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. രോഗികളെ പരിചരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട് എന്ന് കരുതിയ ആ ധൈര്യം എങ്ങനെയോ തിരിച്ചുവന്നിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ കൂടുതൽ ഊർജസ്വലരാണ്. ഇന്നലെ ആ എഴുപത്തിയഞ്ചുകാരൻ വൈദീകൻ മരിച്ചു. അതായതു മൂന്നാഴ്ച കൊണ്ടു 120 മത്തെ മരണം. എല്ലാ പ്രതീക്ഷയും നശിച്ചു തളർന്നിരുന്ന ഞങ്ങളെ വെറും ഒൻപതു ദിവസം കൊണ്ടു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമാധാനം ഞങ്ങൾക്ക് തരുവാൻ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്റെ ദുർബലമായ അവസ്ഥയിലാണ് ഞങ്ങളെ സഹായിച്ചത് എന്ന് ഓർക്കുമ്പോൾ….. ആ നല്ല ഇടയൻ കർത്താവിന്റെ അടുത്തേക്ക് പോയി.
ഈ രീതിയിൽ ഞാൻ തുടർന്നാൽ ഞാനും ഉറപ്പായും അവനെ അനുഗമിക്കും. കഴിഞ്ഞ ആറു ദിവസമായി ഞാൻ എന്റെ വീട് കണ്ടിട്ടില്ല. എപ്പോഴാണ് അവസാനം ഭക്ഷണം കഴിച്ചത് എന്നുപോലും ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. പക്ഷെ ആ വൈദീകനെപോലെ മറ്റുള്ളവർക്കുവേണ്ടി എന്റെ അവസാന ശ്വാസം വരെയും ഞാൻ ജീവിക്കും. എന്റെ പ്രീയപെട്ടവർ എന്റെ ചുറ്റും ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ എന്റെ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങി വന്നതിൽ ഞാൻ സന്തോഷവാനാണ്.”
ഫെബ്രുവരി 21 മുതൽ കൊറോണ വൈറസ് വടക്കൻ ഇറ്റലിയിൽ ദുരിതം വിതച്ചു മുന്നേറുന്നു. 4032 പേർ ഇന്ന് വരെ മരിച്ചു. എത്രപേർ മരിച്ചു, എത്രപേർ സുഖം പ്രാപിച്ചു, രോഗബാധിതരുടെ ആകെ എണ്ണം എത്ര ഇവ ദിവസേന ഞങ്ങളെ അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ശ്മശാനങ്ങളിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ ബെർഗമോയിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ഇറ്റാലിയൻ സൈന്യത്തിന്റെ ട്രക്കുകളുടെ നിരയുടെ സങ്കടകരമായ ചിത്രം ഇറ്റലിയെ മുഴുവൻ കരയിപ്പിച്ചു. ഇന്ന് രാവിലെ സമാനമായ ഒരു രംഗം ആവർത്തിച്ചു, 70 മൃതദേഹങ്ങൾ മറ്റ് പ്രവിശ്യകളിലേക്ക് സംസ്‌കരിക്കാനായി സൈന്യം കൊണ്ടുപോയി.
ഇറ്റലിയിൽ 50,724 ഭവനരഹിതരുണ്ട്. ഭൂരിഭാഗവും, ശരാശരി 44 വയസും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമുള്ള പുരുഷന്മാരാണ്. അവർ തെരുവിൽ താമസിക്കുന്നു, മുനിസിപ്പൽ കാന്റീനുകളിലോ കോഫി ബാറിലോ അവർ ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ഈ സേവനങ്ങളെല്ലാം അടച്ചു കഴിഞ്ഞു. രാഷ്ട്രത്തിനു ഇപ്പോൾ അവരെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. എന്നല്ല; അത് ഇപ്പോൾ അസാധ്യമാണ്. ഇതിനകം തന്നെ തെരുവുകളിൽ താമസിക്കുന്ന ആളുകൾ രോഗബാധിതരാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
ഈ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ, ഏറ്റവും കുറഞ്ഞത് അവർക്കു ഷെൽട്ടറുകൾ ഉണ്ടാക്കുവാനായി കിണഞ്ഞു പരിശ്രമിക്കുന്ന നിരവധി പേരുണ്ട്. അതിൽ എടുത്തു പറയേണ്ട ആളാണ് വൈദീകനായ ഒറെസ്തേ ബെൻസി. ഇറ്റലിയിലുടനീളം ഭവനരഹിതരായവരെ കൈകാര്യം ചെയ്യുന്ന പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി “ബെത്ലഹേമിലെ ഭവനം” എന്ന് വിളിക്കപ്പെടുന്ന ആ സംഘടന ചെയ്യുന്ന കാര്യങ്ങൾ വിവരിക്കാവുന്നതിലുമപ്പുറമാണ്.
ദുരിതം പേറുന്ന ഇറ്റലിയെ സഭ എങ്ങനെ ശുശ്രൂഷിക്കുന്നു എന്ന് എത്ര എഴുതിയാലും അവസാനിക്കില്ല. പ്രീയപെട്ടവരെ ഇറ്റലിയുടെ നേർക്കാഴ്ചകൾ നമ്മെ അമ്പരപ്പിക്കും, അസ്വസ്ഥരാക്കും, കണ്ണുകൾ ഈറനണിയിക്കും. ലുലിയൻ ഉർബാൻ എന്ന ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് മനുഷ്യൻ അവസാനിപ്പിക്കുമ്പോൾ ദൈവം തുടങ്ങും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക