News - 2025
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി അംഗീകരിച്ച് പാപ്പ; ആര്‍ച്ച് ബിഷപ്പ് ജോൺ റോഡ്രീഗസ് ഇനി നയിക്കും
പ്രവാചകശബ്ദം 26-01-2025 - Sunday
വത്തിക്കാന്‍ സിറ്റി: ബോംബെ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. 80 വയസ്സു കഴിഞ്ഞ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമർപ്പിച്ച രാജി ഇന്നലെ ശനിയാഴ്ചയാണ് (25/01/25) ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്. ഇതോടെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ജോൺ റോഡ്രീഗസ് സ്ഥാനമേൽക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ സി9 ഉപദേശകസമിതി അംഗം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ്, ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പ്രവർത്തിച്ചിട്ടുണ്ട്.
1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. അന്‍പത്തിയേഴുകാരനായ ബിഷപ്പ് റോഡ്രിഗസ് 2013ൽ പൂന രൂപതയിലേക്ക് മാറുന്നതിന് മുന്‍പ് ഒരു പതിറ്റാണ്ട് ബോംബെ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചിരിന്നു.
2013 മെയ് 15-നാണ് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായത്. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്. “ക്രിസ്തുവിൻറെ ഗാത്രം കെട്ടിപ്പടുക്കുക” എന്നതാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം.