News

വനിതകളുടെ ഡീക്കന്‍ പദവി: തീരുമാനം വിശദമായ പഠനത്തിനു ശേഷമെന്നു മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 13-05-2016 - Friday

വത്തിക്കാന്‍: വനിതകള്‍ക്കു സഭയില്‍ ഡീക്കന്‍ പദവി നല്‍കുന്ന വിഷയത്തില്‍ വിശദമായ പഠനത്തിനു ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന സഭയുടെ സംഘം വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മാത്രമാകും വനിതകളുടെ ഡീക്കന്‍ പദവി കാര്യത്തില്‍ തീരുമാനം കൈകൊള്ളുകയെന്നു പരിശുദ്ധ പിതാവ് പറഞ്ഞു. അന്തര്‍ദേശീയ സുപ്പീരിയല്‍ ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനു കന്യാസ്ത്രീകളുടെ സമ്മേളനത്തിലാണു മാര്‍പാപ്പ തന്റെ നിലപാട് അറിയിച്ചത്.

പുതിയ നിയമത്തില്‍ വനിതകള്‍ ഡീക്കന്‍മാരായി സേവനം അനുഷ്ഠിച്ചതായി പല സഭാപിതാക്കന്‍മാരും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഡീക്കന്‍ പദവി പോലെ തന്നെയാണോ വനിതകള്‍ അന്നും സേവനം ചെയ്തിരുന്നതെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ സഭയില്‍ ഡീക്കന്‍മാരായി സേവനമനുഷ്ഠിക്കുന്നവര്‍ വിവാഹം മാമോദീസ തുടങ്ങിയ കുദാശകള്‍ക്കു നേതൃത്വം നല്‍കുകയും വിശുദ്ധ ബലിക്കിടെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്.

"വനിതകളുടെ ഡീക്കന്‍ പദവി എന്ന വിഷയത്തില്‍ നമുക്ക് ഇപ്പോഴും ചില വ്യക്തതകള്‍ വരുവാനുണ്ട്. ഇതിനാല്‍ വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കാം. അവര്‍ നല്‍കുന്ന വിശ്വാസപരമായ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ വിഷയം നമുക്കു പരിഗണിക്കാം". പരിശുദ്ധ പിതാവ് പറഞ്ഞു.

2001-ല്‍ ഈ വിഷയത്തെ കുറിച്ച് പഠിച്ച പ്രത്യേക സമിതി വനിതകള്‍ക്കു ഡീക്കന്‍ പദവി എന്ന വിഷയത്തെ പിന്തുണച്ചിരുന്നില്ല. കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ അധ്യക്ഷനായ സമിതിയാണ് അന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വനിതകള്‍ സഭയില്‍ ഡീക്കന്‍മാരായി സേവനം അനുഷ്ഠിച്ചിരുന്നുവെന്ന വാദം മുമ്പ് ഉയര്‍ന്നുവന്നിരുന്നു. വനിതകളുടെ തന്നെ മാമോദീസ തൈലാഭിഷേകം തുടങ്ങിയ ശുശ്രൂഷകളില്‍ പുരോഹിതനെ സഹായിക്കുക എന്നതായിരുന്നു ഇത്തരത്തില്‍ സേവനം നടത്തിയിരുന്നവര്‍ ചെയ്തിരുന്നത്.


Related Articles »