News - 2025
ഹാഗിയ സോഫിയ: ബാങ്കുവിളി മുഴങ്ങുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ ഗ്രീക്ക് സഭയുടെ ആഹ്വാനം
പ്രവാചക ശബ്ദം 18-07-2020 - Saturday
അങ്കാര: ഹാഗിയ സോഫിയയിൽ ഇസ്ലാമിക പ്രാർത്ഥന ആദ്യമായി നടത്തുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയുടെ എപ്പാർക്കിയൽ സിനഡിന്റെ തീരുമാനം. അന്ന് ദേവാലയങ്ങളിൽ മണിമുഴക്കാനും, കൊടികൾ താഴ്ത്തിക്കെട്ടാനും, മരിയന്‍ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാനും സിനഡിലെ അംഗങ്ങളായ മെത്രാന്മാർ ആഹ്വാനം നൽകി. സാംസ്കാരികപരമായും, മതപരമായും തെറ്റായ നടപടിയാണ് തുർക്കി സ്വീകരിച്ചിരിക്കുന്നതെന്ന് സിനഡ് പ്രസ്താവിച്ചു. മതമൈത്രിയും പരസ്പര ബഹുമാനവും എർദോഗൻ സർക്കാർ കണക്കിലെടുത്തില്ലെന്നും സിനഡ് അംഗങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഓർത്തഡോക്സ് വിശ്വാസികളെ കൂടാതെ ഇതര ക്രൈസ്തവ വിശ്വാസികളെയും ഇരുപത്തിനാലാം തീയതിയിലെ വിലാപ ദിനത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച മെത്രാന്മാർ, അനീതിക്കെതിരെ ശബ്ദമുയർത്തുന്നതു തുടരുമെന്നും പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു. പ്രത്യാശ നഷ്ടപ്പെട്ടവരുടെ പ്രതീക്ഷയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ അഭയം തേടാൻ സിനഡ് ആഹ്വാനം നൽകി. ഹാഗിയ സോഫിയയുടെ മുന്നോട്ടുള്ള ഭാവി സിനഡിലെ മെത്രാന്മാർ പരിശുദ്ധ ത്രീത്വത്തിന് സമർപ്പിച്ചു.
ദേവാലയങ്ങളോടും, സന്യാസ ആശ്രമങ്ങളോടും ജൂലൈ 24നു മരിയൻ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാൻ ചർച്ച് ഓഫ് ഗ്രീസിന്റെ ഫെനാരിയിലെ മെത്രാപ്പോലീത്തയായ അഗതാഞ്ചലോസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗന്‍ ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചതിന് പിന്നാലെ ജൂലൈ 24നു നിസ്കാരത്തിനായി ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നു നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. ഈ സമയങ്ങളില്‍ ദേവാലയത്തിലെ ക്രിസ്ത്യന്‍ രൂപങ്ങളും ചിത്രങ്ങളും കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്ക്കണമെന്നു ഭരണകൂടം കത്തീഡ്രല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക