Videos

"അതു ഞാനാണ്" | നോമ്പുകാല ചിന്തകൾ | രണ്ടാം ദിവസം

പ്രവാചകശബ്ദം 13-02-2024 - Tuesday

''ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു'' (യോഹ 18:6).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: രണ്ടാം ദിവസം ‍

പ്രിയപ്പെട്ട സഹോദരങ്ങളെ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഒരുഗണം പടയാളികളെയും, പുരോഹിതപ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കൽനിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി ഈശോയെ ബന്ധിക്കുവാനായി എത്തുന്ന രംഗം സുവിശേഷത്തിൽ നാം കാണുന്നുണ്ട്. അവരെ കണ്ടപ്പോൾ യേശുവാണ് അവരോട് ചോദിക്കുകയാണ് "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?" എന്ന്. അവർ പറഞ്ഞു: നസറായനായ യേശുവിനെ. അപ്പോൾ യേശു പറഞ്ഞു "അത് ഞാനാണ്".

ആ രംഗം വിശദീകരിച്ചുകൊണ്ട് സുവിശേഷം പറയുകയാണ്: ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിക്കുകയും നിലം പതിക്കുകയും ചെയ്‌തു (യോഹ 18:6).

"അത് ഞാനാണ്" എന്ന വാക്കിനു മുൻപിൽ ദുഷ്‌ട ശക്തികൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതെ നിലം പതിച്ചുവെങ്കിൽ അത് ഒരു വലിയ സത്യം ഈ ലോകത്തോട് പ്രഘോഷിക്കുന്നുണ്ട്: അത് മിശിഹാ ദൈവമാണ് എന്ന സത്യമാണ്. ഇതേക്കുറിച്ചു വിശുദ്ധ അഗസ്തീനോസ് പറയുന്നത് ഇപ്രകാരമാണ്:

ഒരായുധവുമില്ലാതെ അവന്റെ 'അത് ഞാനാണ്' എന്ന സ്വരം ആ ജനക്കൂട്ടത്തെ മുഴുവന്‍, അവരുടെ വിദ്വേഷത്തിന്റെയും ആയുധങ്ങളുടെ ഭീഷണിയുടെയും ശക്തിയോടു കൂടി തന്നെ, പിന്‍വലിപ്പിക്കുകയും നിലംപതിപ്പിക്കുകയും ചെയ്തു. കാരണം ആ മനുഷ്യ ശരീരത്തില്‍ ദൈവം മറഞ്ഞുനിന്നിരിന്നു. 'അത് ഞാനാണ്' എന്ന്‍ പറഞ്ഞുക്കൊണ്ട് അവന്‍ ദുഷ്ടരെ നിലംപതിപ്പിക്കുന്നു. വിധിക്കപ്പെടാനായി സ്വയം നല്കുമ്പോള്‍ ഇങ്ങനെ ചെയ്തെങ്കില്‍, വിധിയാളനായി വരുമ്പോള്‍ അവന്‍ എന്തുചെയ്യും? മരിക്കാന്‍ വന്നപ്പോള്‍ അവന് ഇത്രയും ശക്തിയുണ്ടായിരിന്നെങ്കില്‍ വിധിയാളനായി ഭരിക്കാന്‍ വരുമ്പോള്‍ അവന്റെ ശക്തി എന്തായിരിക്കും? സുവിശേഷത്തില്‍ ഉടനീളം മിശിഹാ പറയുന്നു, ''അത് ഞാനാണ്''.

(യോഹന്നാൻറെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം).

വിശുദ്ധ അഗസ്തീനോസ് പറയുന്നതുപോലെ സുവിശേഷത്തിലുടനീളം മിശിഹാ പറയുന്ന "അത് ഞാനാണ്" എന്ന സ്വരം കേൾക്കാൻ നമ്മുക്ക് സാധിക്കുന്നുണ്ടോ. ഈ നോമ്പുകാലം അതിനുള്ള ഒരു ഒരുക്കമായിരിക്കട്ടെ. നമ്മുടെ വേദനകളിലും തകർച്ചകളിലും തന്റെ സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ട് അവിടുന്നു പറയുന്നുണ്ട് "ഇത് ഞാനാണ്". മറ്റാരും നമ്മെ മനസ്സിലാക്കുന്നില്ല എന്നുള്ള നമ്മുടെ വേദനകളിൽ ഒറ്റപ്പെടലുകളിൽ, മറ്റാരോടും പങ്കുവെക്കുവാൻ കഴിയാത്ത വേദനകളിൽ, രോഗങ്ങളിൽ ഒക്കെ നാം ഉരുകുമ്പോൾ ഈശോ നമ്മോടു പറയുന്നുണ്ട് "ഇത് ഞാനാണ്" എന്ന്.

തന്നെ ബന്ധിക്കുവാൻ വന്നവരെപ്പോലും സ്നേഹിച്ചുകൊണ്ടും അവരോട് കരുണകാണിച്ചുകൊണ്ടും അവിടുന്ന് "അത് ഞാനാണ്" എന്ന് പറഞ്ഞുവെങ്കിൽ ഈ ലോകത്തിലെ വിവിധ മതങ്ങളിലൂടെ ദൈവത്തെ തേടുന്നവരോടും, സത്യം അന്വേഷിക്കുന്ന നിരീശ്വരവാദികളോടും സകല മനുഷ്യരോടും അവിടുന്നു പറയുന്നുണ്ട് "അത് ഞാനാണ്". ആ സ്വരം തിരിച്ചറിയാൻ കഴിയുന്നവൻ ഭാഗ്യവാൻ.

ഈ ലോകം നമ്മോട് പറയുന്ന ശബ്ദങ്ങൾ കൊണ്ട് നമ്മുടെ ഹൃദയം അടഞ്ഞുപോയങ്കിൽ, ഈ നോമ്പുകാലത്ത് കൂടുതലായി ദൈവവചനം വായിച്ചും ധ്യാനിച്ചും ക്രിസ്തുവിന്റെ സ്വരം കേൾക്കുവാൻ നമ്മുടെ ഹൃദയങ്ങളെ നമ്മുക്ക് തുറക്കാം.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »