News - 2024

കോവിഡ് 19: മരണമടഞ്ഞ ഫെലിസിയൻ കന്യാസ്ത്രീകളുടെ എണ്ണം 14 ആയി

പ്രവാചക ശബ്ദം 23-07-2020 - Thursday

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ കോവിഡ് 19 ബാധിച്ച് മരിച്ച ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകളുടെ എണ്ണം 14 ആയി. ഇതിൽ ഒരാളൊഴികെ 13 പേർ മിഷിഗണിലെ മഠത്തിൽ വച്ചാണ് മരിച്ചത്. ഇവിടെ 44 സന്യാസിനികൾ താമസിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചിരുന്ന മഠത്തിലെ 17 സന്യാസിനികൾ ഇതിനിടെ പൂർണമായ രോഗമുക്തിയും നേടി. ന്യൂജഴ്സിയിലുള്ള മഠത്തിൽ കോവിഡ് 19 ബാധിച്ചവരിൽ ഒരു സന്യാസിനി മരിക്കുകയും, 11 പേർ രോഗമുക്തി നേടുകയും ചെയ്തു.

ടീച്ചർ, പ്രൊഫസർ, നഴ്സ് തുടങ്ങിയ ജോലികൾ ചെയ്തിരുന്ന സന്യാസിനികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിലൊരാൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളും, സാമൂഹിക അകലം പാലിക്കണമെന്ന നിർദേശവും മൂലം മരണമടഞ്ഞ സന്യാസിനികൾക്കു ഔദ്യോഗിക സംസ്കാര ശുശ്രൂഷകൾ നടത്താൻ സാധിച്ചില്ലായെന്നും സൂചനകളുണ്ട്. വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിരോധ പ്രവർത്തനങ്ങളുമായി ഈ സന്യാസിനികൾ സജീവമായിരിന്നു. സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ എല്ലാ ആഴ്ചകളിലും കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സന്യാസിനി സമൂഹത്തിലെ അംഗങ്ങൾക്ക് വേണ്ടി കത്ത് കൈമാറുന്നുണ്ടായിരുന്നു. വൈറസിനോട് പോരാടിയ സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും പ്രത്യേകം അഭിനന്ദിച്ച സിസ്റ്റർ മേരി ക്രിസ്റ്റഫർ അവർക്ക് പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു.

സാധാരണ ദിനചര്യകളിലേക്ക് കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ മടങ്ങാൻ സന്യാസിനികൾ ആരംഭിച്ചെന്ന് ജൂലൈ എട്ടാം തീയതി സിസ്റ്റർ മേരി ക്രിസ്റ്റഫർ പറഞ്ഞു. വരുന്ന ദിവസങ്ങളിലും മുൻകരുതലുകൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ദി കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫെലിക്സ് ഓഫ് കാന്റലിസ് എന്നാണ് ഔദ്യോഗികമായി ഫെലിസിയൻ സന്യാസിനി സമൂഹം അറിയപ്പെടുന്നത്. അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളിലായി സന്യാസിനി സമൂഹത്തിന് 469 അംഗങ്ങളുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »