News

ഹാഗിയ സോഫിയയ്ക്കു പിന്നാലെ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മോസ്കാക്കാന്‍ തുര്‍ക്കി

പ്രവാചക ശബ്ദം 12-08-2020 - Wednesday

ഇസ്താംബൂള്‍: ഹാഗിയ സോഫിയയ്ക്കു പിന്നാലെ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മുസ്ലീം പള്ളിയാക്കാൻ തുര്‍ക്കി ഭരണാധികാരി തയിബ് എർദോഗൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്താംബൂളിലെ കോറയിൽ സ്ഥിതിചെയ്യുന്ന ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയത്തെ സംബന്ധിച്ചാണ് ആശങ്കകൾ ഉയരുന്നത്. ബൈസന്റൈൻ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയം ഇപ്പോൾ ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ വരച്ച യേശുക്രിസ്തുവിന്റെയും വിശുദ്ധരുടേയും മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിനുള്ളിലുണ്ട്. ഇവയെല്ലാം പ്ലാസ്റ്ററുകൊണ്ട് മറയ്ക്കപ്പെട്ട നിലയിലാണ്.

1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കി അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കോറയിലെ ക്രൈസ്തവ ദേവാലയവും അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ഇസ്ലാമിൽ ദൈവിക ചിത്രങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് അവ ഓട്ടോമൻ തുർക്കികൾ മറച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് മതേതര തുർക്കി പ്രസ്തുത ദേവാലയത്തെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചത്. അമേരിക്കൻ വിദഗ്ധരാണ് മ്യൂസിയം നിർമാണത്തിന് സഹായം നൽകിയത്. 1958 മുതൽ ദേവാലയത്തിലെ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ ആരംഭിച്ചു. കഴിഞ്ഞ നവംബർ മാസത്തിൽ ദി സ്റ്റേറ്റ് കൗൺസിൽ ഓഫ് തുർക്കി ദേവാലയത്തെ വീണ്ടും ഒരു മുസ്ലിം പള്ളിയാക്കി മാറ്റാൻ ഉത്തരവിട്ടെങ്കിലും തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

എന്നാല്‍ ഹാഗിയ സോഫിയ മോസ്കാക്കി പരിവര്‍ത്തനം ചെയ്തതോടെ ഈ ദേവാലയവും ഇസ്ലാമിക ആരാധനാലയമാക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കോൺസ്റ്റാൻറിനോപ്പിളിലെ മറ്റൊരു ബൈസന്റൈൻ ദേവാലയത്തെയും മുസ്ലിം പള്ളിയാക്കി മാറ്റുന്നതിനെ തുർക്കി പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് പാരീസിലെ സെന്റ് സെർജിയൂസ് ഓർത്തഡോക്സ് തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്യുന്ന സഭാ ചരിത്രകാരൻ ഫാ. ജിവ്കോ പാനേവ് പറഞ്ഞു.

1453ലാണ് പുരാതന ക്രിസ്ത്യന്‍ കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഓട്ടോമൻ തുർക്കികൾ മുസ്ലിംപള്ളിയാക്കി മാറ്റുന്നത്. 1935ൽ ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന മുസ്തഫ കമാൽ അത്താതുർക്ക് ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയെങ്കിലും കഴിഞ്ഞമാസം തുർക്കിയുടെ ഇപ്പോഴത്തെ തീവ്ര ഇസ്ലാമിക ചിന്താഗതിക്കാരനായ പ്രസിഡന്റ് തയിബ് എർദോഗന്‍ അത് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റുകയായിരിന്നു. കഴിഞ്ഞവർഷം ഇസ്താംബുൾ മേയർ തെരഞ്ഞെടുപ്പിൽ ഒരു മതേതര പാർട്ടിയോട് എർദോഗന്റെ എകെ പാർട്ടി പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാം മത വിശ്വാസികളുടെ പിന്തുണ നേടാനാണ് ക്രൈസ്തവ ദേവാലയങ്ങള്‍ ഇപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റാൻ എർദോഗൻ ശ്രമം നടത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »