Faith And Reason - 2024

സ്വർഗ്ഗാരോപണ തിരുനാളില്‍ കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യം പിന്തുടരാൻ വിശ്വാസി സമൂഹം

പ്രവാചക ശബ്ദം 15-08-2020 - Saturday

മേരിലാന്‍ഡ്: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനമായ ഇന്നു കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യം പിന്തുടരാൻ വിശ്വാസി സമൂഹം. പതിറ്റാണ്ടുകളായി പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ കടലിനെ അനുഗ്രഹിക്കുന്നത് വിശ്വാസികൾ പിന്തുടരുന്ന ഒരു പാരമ്പര്യമാണ്. അതേ പാരമ്പര്യം പിൻതുടർന്ന് ഇത്തവണയും കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. കടലിനോട് ചേർന്നുളള നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഇടവക ദേവാലയങ്ങളാണ് ഇത്തരത്തിലുള്ള ചടങ്ങിന് പ്രാധാന്യം നൽകുന്നത്. പൊതുസ്ഥലങ്ങളിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക, കടലിലൂടെയുള്ള യാത്രയിൽ മാതാവിന്റെ മാധ്യസ്ഥം തേടുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് വിശ്വാസ പാരമ്പര്യം ആളുകൾ പിന്തുടരുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലാണ് കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങ് ആദ്യമായി ആരംഭിക്കുന്നത്. പിന്നീടത് അമേരിക്കയിലേക്കും, യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസം ഒരു ബിഷപ്പ് ശക്തമായ കൊടുങ്കാറ്റിനിടെ കടലിലൂടെ യാത്ര ചെയ്തുവെന്നും, കടലിലെ കാറ്റും, കോളും ശമിപ്പിക്കാനായി അദ്ദേഹം തന്റെ സ്ഥാനിക മോതിരം കടലിലേക്ക് എറിഞ്ഞുവെന്നും, അതാണ് കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യത്തിൻറെ തുടക്കമെന്നുമാണ് ട്രെൻഡൺ രൂപതയുടെ പത്രമായ ട്രെൻഡൺ മോണിറ്റർ പറയുന്നത്. ചിലർ കടലിലേക്ക് പൂക്കൾ എറിഞ്ഞും, ചിലർ ബോട്ടിനെ അനുഗ്രഹിച്ചും ചടങ്ങിന്റെ ഭാഗമാകും.

സമൂഹത്തിൽ ഒരു ശൂന്യതയുള്ളതിനാൽ അത് പൂർത്തീകരിക്കാൻ ദൈവവിശ്വാസം ആവശ്യമാണെന്ന ഓർമ്മപ്പെടുത്തലാണ് പാരമ്പര്യം നൽകുന്നതെന്ന് മേരിലാൻഡിലെ സെന്റ് മേരി സ്റ്റാർ ഓഫ് ദി സി ഇടവകയിലെ വൈദികനായ ഫാ. ജോൺ സോളമൻ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇരുപതു വർഷത്തോളമായി ഫാ. സോളമന്റെ ഇടവക കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. രൂപതാ മെത്രാൻ മുഖ്യകാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടുകൂടിയാണ് അവിടെ ചടങ്ങുകൾ ആരംഭിക്കുന്നത്. ശേഷം ഇടവകയിലെ അംഗങ്ങൾ പ്രദക്ഷിണമായി ബീച്ചിലേക്ക് നീങ്ങുകയാണ് പതിവ്. ഈ വർഷം കോവിഡ് 19 ഭീതിമൂലം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ സ്ഥലങ്ങളിലും കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങ് നടക്കുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »