Faith And Reason

കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കും: വത്തിക്കാൻ നിലപാട് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ അറിയിച്ചു

പ്രവാചക ശബ്ദം 07-09-2020 - Monday

മെല്‍ബണ്‍/വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഓസ്ട്രേലിയൻ സർക്കാരിനോട് വത്തിക്കാൻ. 2017ൽ ബാല പീഡനങ്ങളെ കുറിച്ച് പഠിച്ച റോയൽ കമ്മീഷൻ കുമ്പസാര രഹസ്യങ്ങൾ പുറത്ത് വെളിപ്പെടുത്തുന്നതടക്കമുള്ള പന്ത്രണ്ടു നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതിനു മറുപടിയായാണ് കുമ്പസാരം എന്ന കൂദാശയുടെ വിശ്വാസ്യത ഇല്ലാതാക്കില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയത്. ഫെബ്രുവരി ഇരുപത്തിയാറാം തീയതി കത്ത് വഴി ഓസ്ട്രേലിയൻ മെത്രാൻ സമിതിയെയാണ് വത്തിക്കാൻ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഭയിൽ ബാലപീഡനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വത്തിക്കാൻ പറഞ്ഞു. വത്തിക്കാന്റെ തീരുമാനം ഈ മാസം ഓസ്ട്രേലിയൻ മെത്രാൻ സമിതി, അറ്റോണി ജനറലിനെ അറിയിക്കുകയായിരിന്നു.

മാർപാപ്പ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ സഭാപരമായും, സർക്കാർ സഹകരണത്തോടും കൂടി നേരിടാൻ തക്കതായ ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ടെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടികൾ പറയുന്ന കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണമെന്നും പീഡനം നടത്തിയ ആളുകൾ കുമ്പസാരിക്കാൻ എത്തുമ്പോൾ അവർക്ക് പാപമോചനം നൽകാതെ അവരെ നിയമപാലകർക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് റോയൽ കമ്മീഷൻ ഉന്നയിച്ചിരുന്നത്. പാപ മോചനം സംബന്ധിച്ച കാര്യങ്ങളെപ്പറ്റി തീരുമാനമെടുക്കുന്ന വത്തിക്കാനിലെ പെനിറ്റൻഷറി 2019 ജൂൺ മാസം കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പരിശുദ്ധ സിംഹാസനം അയച്ച കത്തിൽ പറയുന്നു.

കുമ്പസാര രഹസ്യം കാത്ത് സംരക്ഷിക്കുക എന്നത് പരമ്പരാഗതമായി സഭ പിന്തുടരുന്ന രീതിയാണെന്നും, അതൊരു ദൈവീക നിയമമാണെന്നും കത്തിലുണ്ട്. ചില കേസുകളിൽ പുറമേ നിന്നുള്ള സഹായം തേടാൻ ഇരയോട് വൈദികന് ആവശ്യപ്പെടാൻ സാധിക്കും. ചെയ്തുപോയ പാപത്തെ പറ്റി പശ്ചാത്തപിച്ചാൽ ഏതൊരാൾക്കും പാപമോചനം നൽകാനുള്ള അധികാരം വൈദികർക്ക് ഉണ്ടെന്ന് കാനോൻ നിയമം ചൂണ്ടിക്കാട്ടി വത്തിക്കാൻ പറഞ്ഞു. പാപമോചനം നൽകാൻ കുമ്പസാര രഹസ്യം പുറത്തുള്ള ഒരാളോട് വെളിപ്പെടുത്തണമെന്ന് പറയാൻ സാധിക്കില്ല. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്ന നിർദേശം 2009 നവംബർ മാസം ഓസ്ട്രേലിയയിലെ കേന്ദ്ര തലത്തിലും, സംസ്ഥാന തലങ്ങളിലുമുള്ള അറ്റോർണി ജനറലുമാർ അംഗീകരിച്ചിരുന്നു.

വിക്ടോറിയ, ടാസ്മാനിയ, ദക്ഷിണ ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾതന്നെ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികർ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്. ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമനിർമാണത്തെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുമുണ്ട്. പൗരോഹിത്യ ബ്രഹ്മചര്യത്തെ സംബന്ധിച്ച മറ്റൊരു നിർദ്ദേശവും വത്തിക്കാൻ തള്ളിക്കളഞ്ഞു. ഇടവകകളിൽ പ്രവർത്തിക്കുന്ന വൈദികർക്ക് ബ്രഹ്മചര്യം തിരഞ്ഞെടുക്കണമോ, വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം നൽകണമെന്നാണ് റോയൽ കമ്മീഷൻ നിർദേശിച്ചത്. അത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരിന്നു വത്തിക്കാന്റെ നിലപാട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 41