News - 2025
അമൂല്യ ചരിത്രരേഖകൾ സംരക്ഷിച്ച മൊസൂൾ ആർച്ച് ബിഷപ്പിന് സാക്കറോവ് പ്രൈസിന് നാമനിർദേശം
പ്രവാചക ശബ്ദം 23-09-2020 - Wednesday
മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽപ്പെടാതെ അമൂല്യമായ ചരിത്രരേഖകൾ സംരക്ഷിച്ച മൊസൂൾ ആർച്ച് ബിഷപ്പ് നജീബ് മൗസ മൈക്കിളിനു യൂറോപ്യൻ പാർലമെന്റ് നൽകുന്ന സാക്കറോവ് പ്രൈസിനു വേണ്ടി നാമനിർദ്ദേശം. മൊസൂളിൽ ജനിച്ച ആർച്ച് ബിഷപ്പ് നജീബിന് തീവ്രവാദികളിൽ നിന്നും രക്ഷപ്പെടാൻ അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു. അദ്ദേഹം വൈദികനായിരിക്കുന്ന കാലയളവിലായിരിന്നു പലായനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറബി, അറമായ തുടങ്ങിയ ഭാഷകളിലുളള എണ്ണൂറോളം അമൂല്യ ചരിത്രരേഖകളും, ഗ്രന്ഥങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ഇടപെടല്‍ നടത്തിയ അദ്ദേഹം ആദ്യം നിനവേ പ്രവിശ്യയിലേക്കും അതിനുശേഷം കുർദിസ്ഥാൻ മേഖലയിലേക്കുമാണ് പലായനം ചെയ്തത്.
അമൂല്യ ചരിത്രരേഖകൾ സംരക്ഷിക്കുവാന്‍ അദ്ദേഹം എടുത്ത തീക്ഷ്ണതയാണ് സാക്കറോവ് പ്രൈസിനു വേണ്ടിയുള്ള നാമനിർദേശം ലഭിക്കാൻ കാരണമായത്. തീവ്രവാദി ആക്രമണം രൂക്ഷമായ നാളുകളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ വേണ്ടി ആളുകളെ സഹായിക്കുന്നതിനും ആര്‍ച്ച് ബിഷപ്പ് നജീബ് മൗസ മുന്‍പില്‍ തന്നെ ഉണ്ടായിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ ഔദ്യോഗിക നാമനിർദേശ കുറിപ്പിൽ ഇതെല്ലാം പരാമർശിക്കുന്നുണ്ട്. അദ്ദേഹം സൂക്ഷിച്ചുവെച്ച ചരിത്ര രേഖകൾ ഡിജിറ്റൽ പതിപ്പാക്കി പിന്നീട് ഇറ്റലിയിലും, ഫ്രാൻസിലും പ്രദർശനത്തിനുവെച്ചിരിന്നു.
തനിക്ക് കിട്ടിയ നാമനിർദ്ദേശം ക്ലേശം സഹിക്കുന്ന ഇറാഖിലെയും, സിറിയയിലെയും, ലെബനോനിലെയും, യെമനിലെയും ജനതയ്ക്ക് വേണ്ടി സമർപ്പിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ പീഡനത്തിന് ഇരകളായ യസീദികളെ സ്മരിക്കാനും നാമനിർദ്ദേശം വിനിയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്നെ സഹായിച്ച ചെറുപ്പക്കാരെയും ആർച്ച് ബിഷപ്പ് നജീബ് മൗസ സ്മരിച്ചു. ഡൊമിനിക്കന്‍ വൈദികനായ അദ്ദേഹം 2019 ജനുവരിയിലാണ് മൊസൂൾ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റെടുത്തത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക