Wednesday Mirror

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ | കന്ധമാല്‍ ലേഖന പരമ്പര- ഭാഗം 6

ആന്‍റോ അക്കര / പ്രവാചക ശബ്ദം 30-09-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഭിമന്യു നായക്, രസാനന്ദ് പ്രധാൻ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, ജീവനോടെ കത്തിയെരിയുന്നതിൽ നിന്ന് രക്ഷപ്പെട്ട ഭാഗ്യവാനാണ് ഫാദർ എഡ്വേഡ് സെക്ക്വേര. 58 വയസ് പ്രായമുള്ള ഈ കത്തോലിക്കാ വൈദികനെ ക്രൂരമായി മർദ്ദിച്ച് അദ്ദേഹം നടത്തിയിടുന്ന അനാഥാലയത്തിന് തീ കൊളുത്തിയ ശേഷം അടച്ചു പൂട്ടിയിരുന്നു. കന്ധമാലിൽ നിന്ന് 250 കി.മീ. അകലെയുള്ള (സമ്പാൽപൂർ രൂപതയിലെ) പദംപൂരിനു സമീപം കുന്തപ്പള്ളിയിലാണ് ഈ സംഭവം അരങ്ങേറിയത്. കെട്ടിടം മുഴുവൻ തീ പടർന്നു പിടിച്ചപ്പോൾ അദ്ദേഹം ബാത്ത്റൂമിൽ പുകയും കരിയും ശ്വസിച്ച് അബോധാവസ്ഥയിൽ അഞ്ചുമണിക്കൂറിലേറെ കിടന്നു. സുനിശ്ചിതമായിരുന്ന മരണത്തിൻ്റെ കരാളകരങ്ങളിൽ നിന്ന് എഡ്വേഡച്ചൻ അത്ഭുതകരമായാണ് രക്ഷപെട്ടത്.

"കൊല്ലപ്പെട്ടോ എന്നു തിരക്കി അവർ പല തവണ ഞാൻ ഒളിച്ചിരുന്ന ബാത്ത്റൂമിനു സമീപം വന്നുനോക്കി. ഞാൻ നിശ്‌ചലനായിരുന്നതുകൊണ്ട് മരിച്ചിരിക്കുമെന്ന് കരുതിയാണ് ഓരോ പ്രാവശ്യവും അവർ മടങ്ങിയത്. എന്നെ രക്ഷപ്പെടുത്തിയത് ദൈവത്തിൻ്റെ ഇടപെടലാണ് എന്നതിനെക്കുറിച്ച് സംശയവുമില്ല," ദൈവവചന പ്രേഷിത (ഡിവൈൻ വേഡ്) സഭാംഗമായ ആ വൈദികൻ എടുത്തുപറഞ്ഞു.

രണ്ടു ഡസനോളം വരുന്ന സംഘം ആഗസ്റ്റ് 25-ന് ഉച്ചനേരത്ത് അനാഥാലയത്തിലേക്ക് അതിക്രമിച്ചു കയറി. തന്നെ ആക്രമിക്കുന്നതിനിടയിൽ അകത്തേക്കോടാനും കെട്ടിടത്തിൻ്റെ ഇരുമ്പുവാതിൽ ബന്ധിക്കാനും എഡ്വേഡച്ചൻ ശ്രമിച്ചു. പക്ഷേ, അവരിലൊരാൾ ഒരു മരത്തടി കതകുകൾക്കുമിടയ്‌ക്കു ഇട്ടതിനാൽ അച്ചൻ്റെ ശ്രമം പരാജയപ്പെട്ടു.

സ്വാമിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ ഒഡീഷാ ബന്ദ് പ്രഖ്യാപിച്ചിരുന്നതുകൊണ്ട്, ആക്രമണഭീഷണി കണക്കിലെടുത്ത് അനാഥാലയത്തിൻ്റെ സംരക്ഷണത്തിന് ഒരു പോലീസുകാരൻ നിയോഗിക്കപ്പെട്ടിരുന്നു. വൈദികനെ ആക്രമിക്കുന്നതുകണ്ട്, അദ്ദേഹം കുതിച്ചെത്തി. കലാപകാരികളിൽനിന്ന് അച്ചനെ രക്ഷിക്കുന്നതിന്, ആ പോലീസുകാരൻ വാതിൽക്കൽ നിന്ന് അക്രമികളെ തടഞ്ഞു. "പോലീസുകാരനെ ആക്രമിച്ച് അവർ എന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവന്നു". എഡ്വേഡച്ചൻ വിശദീകരിച്ചു.

സംഘത്തലവനും സ്ഥലത്തെ അഭിഭാഷകനുമായ പ്രശാന്ത മാജീ, തൻ്റെ ചെരുപ്പൂരി അച്ഛൻ്റെ മുഖത്തടിക്കുന്നതിനിടയിൽ അലറി: "നിങ്ങൾ ക്രിസ്ത്യാനികൾ തങ്ങളുടെ സ്വാമിയെ കൊന്നു. നിന്നെ കൊല്ലാനാണ് ഞങ്ങൾ വന്നിട്ടുള്ളത്." തുടർന്ന് മറ്റുള്ളവർ അച്ചനെ ഇരുമ്പു ദണ്ഡുകളും വടികളും കൊണ്ട് തല്ലിച്ചതച്ചു. അനാഥശാലമന്ദിരത്തിനു പുറമെ, നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന കെട്ടിടത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നതെല്ലാം അവർ തല്ലിത്തകർത്തു.

എഡ്വേഡച്ചൻ വേദനകൊണ്ട് കിടക്കുമ്പോൾ, അദ്ദേഹത്തിൻ്റെ കാര്യാലയവും താമസസ്ഥലവും തകർക്കാൻ ശ്രമിച്ചു. അവർ അദ്ദേഹത്തിൻ്റെ തലയിൽ ഗോതമ്പുമാവും എണ്ണയുമൊഴിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരുത്തൻ മൺവെട്ടികൊണ്ട് വൈദികൻ്റെ ശിരസ്സിലാഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ എഡ്വേഡച്ചൻ രക്തമൊലിച്ച് തളർന്നുവീണു. "തീകൊളുത്തിക്കഴിഞ്ഞിരുന്ന കെട്ടിടത്തിനകത്തേക്ക് അവർ എന്നെ വിളിച്ചുകൊണ്ടുപോയി, എന്നെ അകത്തിട്ട്, പുറത്തുനിന്ന് വാതിലടച്ചു. അകത്ത് തീ കണ്ടപ്പോൾ ഞാൻ കരുതിയത് അവർ എന്നെ ഗ്രഹാം സ്റ്റെയിൻസിനെ പോലെ കത്തിച്ചുകളുമെന്നാണ്," എഡ്വേഡച്ചൻ നടുക്കത്തോടെ അനുസ്മരിച്ചു.

(ഓസ്‌ട്രേലിയൻ ബാപ്റ്റിസ്റ്റ് മിഷനറിയായിരുന്ന 58 വയസുകാരനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും അദ്ദേഹത്തിൻ്റെ രണ്ടുമക്കളെയും ഒഡീഷയിൽ 1999 ജനുവരി 22-ന് രാത്രി തീ കൊളുത്തിയാണ് കൊന്നത്. കെയനോർ ജില്ലയിൽ പെട്ട മനോഹർപൂർ ഗ്രാമത്തിൽ വെച്ച് ഗ്രഹാം തൻ്റെ മക്കളായ പത്തും എട്ടും വയസുള്ള ഫിലിപ്പിനോടും തിമോത്തിയോടും കൂടെ സ്വന്തം വാനിൽ കിടന്നുറങ്ങുമ്പോഴാണ് ധാരാ സിംഗ് എന്ന സംഘപരിവാർ നേതാവ് നയിച്ച അക്രമിസംഘം അവരെ കത്തിച്ച് ചാമ്പലാക്കിയത്. സ്റ്റെയിൻസ് 1965 മുതൽ ബാരിപാഡയിൽ ഒരു കുഷ്ഠരോഗ നിവാരണ കേന്ദ്രം നടത്തി വരികയായിരുന്നു.)

എന്തുചെയ്യണമെന്ന് എഡ്വേഡച്ചന് ഒരു രൂപവുമുണ്ടായിരുന്നില്ല. അന്നേരം ആരോ തൻ്റെ ഉള്ളിൽ മന്ത്രിക്കുന്നതായി അച്ചന് തോന്നി: "ഞാൻ നിന്നോടൊത്ത് സഹിക്കുന്നു; നീ ഒരിക്കലും തനിച്ചല്ല." സമയം കളയാതെ, അദ്ദേഹം മുന്നോട്ടു നീങ്ങി മുൻഭാഗത്തെ വാതിലിൻ്റെ കുറ്റിയിട്ടു. അതിനുശേഷം ബാത്ത്റൂമിലേക്ക് മുടന്തിനടന്ന് വളരെ കഷ്ടപ്പെട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് മുറിയിലെ തീ കെടുത്താൻ ശ്രമിച്ചു. കെട്ടിടം മുഴുവൻ തീ ആളിപ്പടർന്നില്ലെന്ന് അക്രമികൾ മനസ്സിലാക്കി. തീ ആളിക്കത്തിയിരുന്നതിനാൽ മുൻഭാഗത്തുള്ള വാതിലിലൂടെ കെട്ടിടത്തിനകത്ത് കടക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അവർ പിൻഭാഗത്തുചെന്ന് ബാത്ത്റൂമിൻ്റെ ജനൽ തകർത്തു.

എഡ്വേഡച്ചൻ ജീവനോടെ ഉണ്ടോ എന്ന് അറിയാനാണ് അവർ ശ്രമിച്ചിരുന്നത്, അച്ചൻ ശ്വാസമടക്കി ചുമരിനോട് ചേർന്നുനിന്നു. അതിനിടയിൽ കട്ടിയുള്ള പുക പുറത്തേക്ക് തള്ളിയപ്പോൾ അത് സഹിക്കാനാവാതെ അവർ പിന്തിരിഞ്ഞു. ശ്വാസംകിട്ടാതെ വിഷമിക്കുകയായിരുന്ന എഡ്വേഡച്ചൻ ഒരു തോർത്തെടുത്ത് മുഖത്തെ ചോരയും കരിയും തുടച്ചുകളഞ്ഞാലോ എന്ന് ആലോചിച്ചു, ആ നിമിഷംതന്നെ തൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് അദ്ദേഹത്തിന് ഒരു മുന്നറിയിപ്പുണ്ടായി. "അനങ്ങരുത്. തോർത്തുമുണ്ടിൽ തൊടരുത്."

അധികം വൈകാതെ അക്രമികൾ തിരിച്ചെത്തി. നേരത്തെ തകർത്തിരുന്ന ജനാലയിലൂടെ എത്തിനോക്കി. "അയാൾ മരിച്ചിട്ടുണ്ടാകും ഒന്നും തൊട്ടതായി തോന്നുന്നില്ല. തോർത്തുമുണ്ടാകട്ടെ, അവിടെത്തന്നെ കിടക്കുകയാണ്," എത്തിനോക്കിയവർ വിളിച്ചുപറഞ്ഞു. അവർ നാലാം തവണകൂടി എല്ലാം പരിശോധിച്ചു. വൈദികൻ കത്തിച്ചാമ്പലായിരിക്കുമെന്ന് അവർക്ക് ബോധ്യമായി. തോർത്ത് അവിടെത്തന്നെ കിടക്കുകയായിരുന്നല്ലോ.

"എഴുന്നേറ്റ് തോർത്ത് എടുത്തിരുന്നെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നിർണായക നിമിഷത്തിൽ എനിക്ക് ലഭിച്ച ഉൾവിളിയാണ് എന്നെ രക്ഷിച്ചത്," ആ ദുരന്തത്തിൽ നിന്ന് അതിശയകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് എഡ്വേഡച്ചൻ പറഞ്ഞു.

പുകനിറഞ്ഞ ബാത്ത്റൂമിൻ്റെ ചുമരിൽ പതുങ്ങിനിൽക്കുമ്പോൾ, തൻ്റെ അനാഥാലയത്തിലെ അഞ്ചുവയസ്സിനു താഴെയുള്ള 22 വയസ്സുള്ള ഹിന്ദു ആൺകുട്ടികളുടെ ശുശ്രൂഷകയും ബിരുദ വിദ്യാർത്ഥിനിയുമായ 20 വയസ്സുള്ള രജനി മാജിയുടെ നിലവിളി അദ്ദേഹത്തിൻ്റെ കാതുകളിൽ മുഴങ്ങി. അപ്പോഴേക്കും പുകനിറഞ്ഞ ബാത്ത്റൂമിൽ എഡ്വേഡച്ചൻ ബോധം കെട്ടുവീണു. രജനിയുടെ ദുരന്തകഥ എഡ്വേഡച്ചൻ അറിഞ്ഞത് ആശുപത്രിയിൽ എത്തിയശേഷമാണ്. അനാഥാലയം ആക്രമിക്കപ്പെട്ടപ്പോൾ, രജനി അനാഥബാലന്മാരെയും കൊണ്ട് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടി. ആക്രമണകാരികളിൽ ഒരാൾ അവളെ പിൻതുടർന്ന് പിടികൂടി അനാഥാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.

"അവൻ അവളെ അതിക്രൂരമായി കൂട്ടബലാൽസംഗം ചെയ്തു. എല്ലാം കഴിഞ്ഞ് അവളെ തീയിലേക്ക് വലിച്ചെറിഞ്ഞു. അവളുടെ നഗ്നശരീരത്തിൽ തീ ആളിപ്പടർന്നില്ല. അതിനാൽ അവൾ പിടഞ്ഞെഴുന്നേറ്റ് ഓടി രക്ഷപെടാൻ ശ്രമിച്ചു. പെട്ടെന്ന് ആരോ ഒരാൾ മരക്കഷണം കൊണ്ട്, പാമ്പിനെയെന്നതുപോലെ, അവളുടെ തലക്കടിച്ചു. എന്നിട്ട് വീണ്ടും തീയിലേക്ക് അവളെ തള്ളിയിട്ടു. അവസാനം സ്റ്റെയിൻസിനെ പോലെ അഗ്നിക്കിരയായത് ഞാനല്ല, അവളാണ് എന്നോർക്കുമ്പോൾ എനിക്ക് വലിയ സങ്കടമുണ്ട്," മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ വച്ച് എഡ്വേഡച്ചൻ സെപ്റ്റംബർ 10-ന് എന്നോട് വിശദീകരിച്ചു.

സഭാധികാരികളുടെ തുടർച്ചയായ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥർ പോലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയാണ് എഡ്വേഡച്ചനെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അഞ്ചുമണിക്കൂർ കഴിഞ്ഞിരുന്നു. സമ്പാൽപൂർ ആശുപത്രികളിൽ തീവ്രപരിചരണം നല്കിയതിനുശേഷം അദ്ദേഹത്തെ വിമാനമാർഗ്ഗം മുംബൈ ആശുപത്രിയിലെത്തിച്ചു.

മരണത്തെ മുഖാമുഖം കണ്ട ആ വൈദികൻ രണ്ടു വർഷങ്ങൾക്കു ശേഷവും വേദനപേറി നടക്കുകയായിരുന്നു. "എൻ്റെ ചുമലിലെ വേദന ഇപ്പോഴും വിട്ടുപോയിട്ടില്ല," ജാർസഗുഡയിലെ പുതിയ മിഷൻ കേന്ദ്രത്തിൽനിന്ന് അദ്ദേഹം അറിയിച്ചു.മുംബൈയിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ, ചുമലിൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ശഠിച്ചെങ്കിലും, അദ്ദേഹം അതിനു വഴങ്ങിയിരുന്നില്ല. "അതിനുള്ള ശിക്ഷയാണ്, ഇപ്പോഴുള്ള ഈ വേദന," എഡ്വേഡച്ചൻ ഏറ്റുപറഞ്ഞു. അഞ്ചു മണിക്കൂറോളം പുകയും കരിയും സഹിച്ചതുകൊണ്ട് ചുമ ഒഴിയാബാധ പോലെ ആ വൈദികനെ അലട്ടിക്കൊണ്ടിരുന്നു.

മുംബൈയിലെ ആശുപത്രിയിൽ കിടക്കുമ്പോൾ താൻ അംഗമായിടുന്ന ദൈവവചന മിഷ്ണറി സഭയുടെ ചിഹ്നങ്ങളായി ധരിച്ചിരുന്ന "കുരിശും കൊന്തയും" ആ ദുരന്തത്തിനിടയിൽ നഷ്ടപ്പെട്ടതിൽ അച്ചൻ വളരെ വിഷമിച്ചിരുന്ന. പക്ഷെ അത്ഭുതമെന്നു പറയട്ടെ, ചാരക്കൂമ്പാരത്തിനിടയിൽ നിന്ന് ആ കുരിശും കൊന്തയും യാതൊരു കേടും കൂടാതെ കണ്ടുകിട്ടി. അവ കെട്ടിയിരുന്ന ചരടിനുപോലും ഒന്നും സംഭവിച്ചിരുന്നില്ല. അദ്ദേഹം എടുത്തു പറഞ്ഞു. പക്ഷേ, സത്യം പറയട്ടെ, എനിക്കത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.

"നോക്കൂ, ഇതാ, ആ കുരിശും ജപമാലയും," മൂന്നുകൊല്ലം കഴിഞ്ഞ് ഭുവനേശ്വറിൽ കണ്ടുമുട്ടിയപ്പോൾ അഭിമാനപൂർവ്വം അച്ചൻ ഇവ എടുത്തുപിടിച്ച് എന്നോട് പറഞ്ഞു. 2011 ഡിസംബർ രണ്ടിന്, ജനകീയ ട്രൈബൂണലിൻ്റെ വിധിപ്രഖ്യാപനത്തിന്, കന്ധമാലിലെ ആക്രമണത്തിനിരയായ നൂറുകണക്കിന് ഹതഭാഗ്യരോടും സാമൂഹ്യ പ്രവര്‍ത്തകരോടുമൊപ്പം എഡ്വേഡച്ചനുമുണ്ടായിരിന്നു.

തുടരും... (അടുത്ത ബുധനാഴ്ച: നിലാദ്രി കണ്‍ഹര്‍- കന്ധമാലിലെ വിശുദ്ധ പൌലോസ്)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]


Related Articles »