Youth Zone

'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ': നഷ്ട്ടമാകുന്ന പാരമ്പര്യം വീണ്ടെടുക്കുവാന്‍ താമരശ്ശേരി രൂപത കെ‌സി‌വൈ‌എം

പ്രവാചക ശബ്ദം 06-10-2020 - Tuesday

താമരശ്ശേരി: നസ്രാണി പാരമ്പര്യമായ 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' അഭിസംബോധന വിസ്മരിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റവുമായി താമരശ്ശേരി രൂപതയിലെ യുവജനങ്ങള്‍. പരസ്പരം കാണുമ്പോള്‍ 'നിന്നിൽ ഞാൻ ഈശോയെ കാണുന്നു' എന്ന് അർത്ഥമാക്കുന്ന 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന അഭിസംബോധന നടത്തി വിശ്വാസത്തിന് സാക്ഷ്യമേകാനാണ് തങ്ങളുടെ തീരുമാനമെന്ന് രൂപത കെ‌സി‌വൈ‌എം നേതൃത്വം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കാനും 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' അഭിസംബോധനയോടെ എല്ലാ പ്രസംഗങ്ങളും കുറിപ്പുകളും ആരംഭിക്കുവാനും ഒരുങ്ങുകയാണ് യുവജന കൂട്ടായ്മ. വൈദികരെയും സന്യസ്ഥരെയും കാണുമ്പോൾ മാത്രമല്ല, പരസ്പരം കാണുമ്പോഴും ക്രിസ്തു കേന്ദ്രീകൃതമായ ഈ സംബോധന ആവര്‍ത്തിക്കുവാനാണ് രൂപതയിലെ യുവജനങ്ങളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ കെ‌സി‌വൈ‌എം‌ നേതൃത്വം പുറത്തിറക്കിയ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

ക്രൈസ്തവർ ആണെന് പറയാൻ മടിക്കുന്നവരുടെ ഇടയിൽ ക്രിസ്തുവിനെ പിന്തുടരുന്നതിൽ അഭിമാനിക്കുന്നു എന്ന ബോധ്യത്തോടെ 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ'യെന്ന് പറയാൻ നിങ്ങളും തയാറാണോയെന്ന ചോദ്യത്തോടെയാണ് വീഡിയോ സമാപിക്കുന്നത്. ആധുനിക കാലത്തിന്റെ കുത്തൊഴുക്കില്‍ യുവജനങ്ങള്‍ പായുമ്പോള്‍ ഈശോയെ പ്രഘോഷിക്കുവാൻ മടികാണിക്കാതെ മറ്റുള്ളവരിലും ഈശോയെ ദർശിക്കുവാൻ പ്രചോദനം നൽകുന്ന താമരശ്ശേരി രൂപതയിലെ യുവജനങ്ങൾക്കു നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക