Faith And Reason - 2024

രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രാർത്ഥനാറാലി സംഘടിപ്പിച്ച് അമേരിക്കൻ കത്തോലിക്കർ

പ്രവാചക ശബ്ദം 06-10-2020 - Tuesday

വിസ്കോൺസിൻ: അമേരിക്കൻ ജനതയെ ഒരുമിപ്പിക്കാനായി കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന യുണൈറ്റഡ് ഔർ നേഷൻ റാലിൽ പങ്കുചേർന്ന് നൂറുകണക്കിനാളുകൾ. വിസ്കോൺസിൻ സംസ്ഥാനത്തെ കെനോഷയിലാണ് യുണൈറ്റഡ് ഔർ നേഷൻ റാലി നടത്തിയത്. "മെയ്ക്ക് അമേരിക്ക ഹോളി എഗേയിൻ" എന്ന തൊപ്പി ധരിച്ചെത്തിയ ആളുകൾ റാലിയിലും, ജപമാല പ്രാർത്ഥനയിലും പങ്കെടുക്കുകയായിരുന്നു. മിൽവോക്കി അതിരൂപത ആർച്ച് ബിഷപ്പ് ജെറോം ലിസ്റ്റേക്കി മാർച്ചിന് നേതൃത്വം നൽകി. അമേരിക്ക ഒരു വലിയ രാജ്യമാണെന്നും നമ്മൾ ലോകത്തിനു നേരെ പുറം തിരിയാറില്ലായെന്നും നമ്മൾ ലോകത്തെ ഉള്ളിൽനിന്നും മാറ്റിമറിക്കാൻ ശ്രമിക്കുമെന്നും യുണൈറ്റഡ് ഔർ നേഷന്റെ സ്ഥാപകൻ കെവിൻ ഒബ്രെയിൻ പറഞ്ഞു.

ക്രിസ്തു കേന്ദ്രീകൃതമായാൽ മാത്രമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുകയുള്ളൂവെന്ന് ആർച്ച്ബിഷപ്പ് ലിസ്റ്റേക്കി ഓർമിപ്പിച്ചു. മാർച്ചിന് രാഷ്ട്രീയപരമായ മാനം നൽകാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാഡിസണിൽ ഓഗസ്റ്റ് 15നു നടന്ന ആദ്യത്തെ യുണൈറ്റഡ് ഔർ നേഷൻ റാലിയിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നില്ല. വിസ്കോൺസിനിലെ ജനസംഖ്യയുടെ 25 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്. അതിനാൽ തിരഞ്ഞെടുപ്പിൽ ഇവർ ആർക്ക് വോട്ട് ചെയ്യും എന്നത് നിർണായകമാണ്. രാജ്യത്ത് കത്തോലിക്ക വിശ്വാസികൾക്കെതിരെയും, ദേവാലയങ്ങൾക്കെതിരെയും തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ തടയുമെന്ന് കഴിഞ്ഞാഴ്ച നടന്ന അൽ സ്മിത്ത് ഡിന്നറിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ പേരിൽ സുപ്രീംകോടതിയിലേക്ക് താൻ നാമനിർദേശം ചെയ്ത ആമി കോണി ബാരറ്റിനെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ കടന്നാക്രമിക്കുന്നതിനെയും ട്രംപ് ശക്തമായ ഭാഷയിൽ അപലപിച്ചു. കത്തോലിക്ക സ്കൂളുകൾക്ക് സാമ്പത്തികമായ സഹായങ്ങൾ കൂടുതലായി ലഭ്യമാക്കുമെന്നും പ്രസിഡന്റ് അന്ന് പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക