News - 2024

ഫ്രാൻസിസ് പാപ്പ നാളെ വെനീസിലേക്ക്

പ്രവാചകശബ്ദം 27-04-2024 - Saturday

റോം: ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച വെള്ളത്താൽ ചുറ്റപ്പെട്ട നയന മനോഹര നഗരമായ വെനീസ് നാളെ ഫ്രാൻസിസ് പാപ്പ സന്ദര്‍ശിക്കും. “ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക” എന്നതാണ് അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം. നാളെ ഏപ്രിൽ 28 ഞായറാഴ്‌ച രാവിലെ പ്രാദേശിക സമയം 6.30-ന്, ഇന്ത്യയിലെ സമയം രാവിലെ 10 മണിക്ക്, വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗമാണ് പാപ്പ വെനീസിലേക്കു പോകുക. ജുദേക്ക ദ്വീപിലാണ് പാപ്പാ ഇറങ്ങുക.

അവിടെ പാപ്പ സ്ത്രീകളുടെ തടവറ സന്ദർശിച്ചു സന്ദേശം നല്‍കും. അതിനു ശേഷം പാപ്പ വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽവെച്ച് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം പാപ്പ ബസിലിക്കാങ്കണത്തിൽവെച്ച് യുവജനങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പാപ്പാ, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തുകയും അവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യുക. ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

ഫ്രാൻസിസ് പാപ്പയുടെ പ്രഥമ വെനീസ് സന്ദർശനമാണ് ഇത്. 1972-ൽ പോൾ ആറാമൻ പാപ്പയും, 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും, 2011-ല്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയുമാണ് വെനീസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുള്ള മറ്റു പാപ്പമാർ.


Related Articles »