Life In Christ - 2024

യേശു ഏല്‍പ്പിച്ച സുവിശേഷദൗത്യം സധൈര്യം തുടരും: വത്തിക്കാന്റെ മിഷന്‍ ഞായർ സന്ദേശം

പ്രവാചക ശബ്ദം 18-10-2020 - Sunday

വത്തിക്കാന്‍ സിറ്റി: ലോക മിഷന്‍ ഞായറാഘോഷം ആഗോള സഭയെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ ഉറവിടമാണെന്നും, എന്തൊക്കെ സംഭവിച്ചാലും യേശു നമ്മെ ഏല്‍പ്പിച്ച സുവിശേഷദൗത്യം സഭ ഉപേക്ഷിക്കുകയില്ലെന്നും, അതിൽ ഒരിക്കലും ഭയപ്പെടില്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ച ‘ലോക മിഷന്‍ ഞായര്‍ സന്ദേശം. ഇന്ന് ലോക മിഷന്‍ ഞായറാചരണത്തിന്റെ മുന്നോടിയായി വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജനതകള്‍ക്കുള്ള വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയായ മോണ്‍. പ്രോട്ടാസ് റുഗാംബ്വ ഫ്രാന്‍സിസ് പാപ്പയുടെ ‘ലോക മിഷന്‍ ദിനാചരണം 2020’യുടെ സന്ദേശം വായിച്ചത്. “ഇതാ ഞാന്‍, എന്നെ അയച്ചാലും” എന്ന തിരുവചനമാണ് ഇക്കൊല്ലത്തെ മിഷന്‍ ദിനാചരണത്തിന്റെ ആപ്തവാക്യം.

നാം ഓരോരുത്തരും സുവിശേഷവല്‍ക്കരണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഇക്കൊല്ലത്തെ ആപ്തവാക്യത്തിന്റെ കാതലെന്ന്‍ ആർച്ച് ബിഷപ്പ് റുഗാംബ്വ പറഞ്ഞു. കൊറോണ മഹാമാരിയുടേതായ ഈ പ്രത്യേക സാഹചര്യത്തില്‍ വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയായിരിക്കും തിരുസഭ തന്റെ സുവിശേഷ വല്‍ക്കരണ ദൗത്യം മുന്നോട്ടുകൊണ്ടുപോവുകയെന്നു സന്ദേശത്തില്‍ പറയുന്നുണ്ട്. യേശുവിനെ അയക്കുകയും നിലനിറുത്തുകയും ചെയ്ത അതേ പിതാവ് തന്നെയാണ് നമ്മളെ അയച്ചിരിക്കുന്നതും പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നിലനിറുത്തുന്നതെന്നും, മാമ്മോദീസ മുങ്ങിയ നമ്മളെല്ലാവരും സഭയുടെ മിഷന്‍ ദൗത്യത്തില്‍ പങ്കുകൊള്ളുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും മോണ്‍. റുഗാംബ്വ പറഞ്ഞു.

സുവിശേഷവല്‍ക്കരണത്തില്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളും, പരിശുദ്ധ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഫണ്ടും വഹിക്കുന്ന പങ്കിനെക്കുറിച്ച് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് (പി.എം.എസ്) പ്രസിഡന്റായ ജിയാംപിയട്രോ ഡാല്‍ ടോസോ മെത്രാപ്പോലീത്ത വിവരിക്കുകയുണ്ടായി. സാധാരണഗതിയില്‍ മിഷന്‍ ഞായറിലെ ദേവാലയ നേര്‍ച്ചപ്പണം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിലേക്കാണ് പോകുന്നത്. ഇതുവരെ 250 പദ്ധതികളിലായി 1,299,700 ഡോളറും, 4,73,41 യൂറോയും വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പൊന്തിഫിക്കല്‍ സൊസൈറ്റികളെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വര്‍ഷമാണെന്ന് പി.എം.എസ് സെക്രട്ടറി ജെനറല്‍ ഫാ. തദേവൂസ് ജെ നൊവാക് ഒ.എം.ഐ പറഞ്ഞത്.


Related Articles »