India - 2025

സീറോ മലബാർ മിഷൻ ക്വസ്റ്റ് നാളെ

പ്രവാചകശബ്ദം 13-12-2024 - Friday

കാക്കനാട്: സീറോ മലബാർ സഭയുടെ മിഷൻ, മതബോധന ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മിഷൻ ക്വസ്റ്റ് 2024 നാളെ ഡിസംബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം ആറു മണിക്ക് നടത്തപ്പെടുന്നു. ആഗോളതലത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്റെ നാലാം പതിപ്പാണിത്. ഗൂഗിൾ ഫോം വഴി നടത്തപെടുന്ന ഈ ക്വിസ് മത്സരം വൈകുന്നേരം ആറു മണി മുതൽ 40 മിനിറ്റ് നേരത്തേക്ക് സജീവമായിരിക്കും.

പഠനഭാഗ സംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും അഞ്ചു ഭാഷകളിലും https://www.syromalabarmission.com/ ‍ വെബ്സൈറ്റിലും സീറോമലബാർ മിഷൻ യൂട്യൂബ് ചാനലിലും, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റുഫോമുകളിലും ലഭ്യമാണ്. പഠനഭാഗങ്ങൾ നല്കപ്പെട്ടിരിക്കുന്നത് വി. ലൂക്കയുടെ സുവിശേഷത്തിലെ ഈശോയുടെ മിഷൻ പ്രവർത്തനങ്ങൾ, ഇവാൻജെലി ന്യൂൺഷിയാന്തി (സുവിശേഷ പ്രഘോഷണം) എന്ന അപ്പസ്തോലിക പ്രബോധനം, സീറോമലബാർസഭയുടെ ആരാധനക്രമ-വിശ്വാസപരിശീലനം 1 & 2 അധ്യായങ്ങൾ എന്നിവയിൽ നിന്നാണ്.

രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജൂനിയേഴ്‌സിനും (18 വയസ്സുവരെ), സീനിയേഴ്‌സിനും (മറ്റുള്ള എല്ലാവരും) വ്യത്യസ്ത ചോദ്യപേപ്പറുകൾ ആയിരിക്കും. മത്സരാർത്ഥികൾക്ക് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമില്ല. ഗൂഗിൾ ഫോം തുറക്കുമ്പോൾ പേര്, വീട്ടുപേര്, ഇടവക, രൂപത, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നല്കണം. നിങ്ങളുടെ രൂപത, അപ്പസ്റ്റോലിക് വിസിറ്റേഷൻ, ഗൾഫ്, മറ്റുള്ളവ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

ശരിയായ ഉത്തരങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തെരെഞ്ഞെടുത്ത് സമർപ്പിക്കുന്നവരെയാണ് വിജയികളായി പ്രഖ്യപിക്കുന്നത്. ആഗോള തലത്തിൽ ₹20,000, ₹15,000, ₹10,000 എന്നിങ്ങനെയും രൂപത തലത്തിൽ ₹2,000, ₹1,500, ₹1,000 എന്നിങ്ങനെയും ക്യാഷ് അവാർഡുകളും വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന രൂപതകൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

സീറോമലബാർസഭയുടെ കൂട്ടായ്മയും നമ്മുടെ അറിവും വിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് ക്രമീകരിക്കുന്നതെന്ന് സീറോമലബാർ സഭ സെക്രട്ടറിയും മീഡിയ കമ്മീഷൻ പി.ആർ.ഒയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി പറഞ്ഞു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »